

ന്യൂഡല്‍ഹി: ജ്യഡീഷ്യറിയിലുള്ള സ്ത്രീകളുടെ വിശ്വാസം ബലപ്പെട്ടുവെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി. പാട്യാല ഹൗസ് കോടതി പ്രതികളായ നാലുപേര്‍ക്കും മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മാതാവിന്റെ പ്രതികരണം.
പ്രതികളെ തൂക്കിലേറ്റുന്ന ജനുവരി 22 ജീവിതത്തിലെ സുദിനമാണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഏഴുവര്‍ഷത്തെ പോരാട്ടം വിജയം കണ്ടതില്‍ സന്തോഷമുണ്ടെന്നും അവസാനം മകള്‍ക്ക് നീതി ലഭിച്ചെന്നും ആശാദേവി മാധ്യമങ്ങളോട് പറഞ്ഞു.
വധശിക്ഷ നീണ്ടുപോവുന്നതില്‍ ആശങ്ക അറിയിച്ച് നിര്‍ഭയയുടെ മാതാപിതാക്കള്‍ നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കോടതി നടപടി.
അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷ 22ന് രാവിലെ ഏഴു മണിക്ക് നടപ്പാക്കണമെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഉത്തരവിട്ടു. മരണവാറണ്ട് എത്രയും വേഗം പുറപ്പെടുവിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.
മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സതീഷ് അറോറ ഹര്‍ജിയില്‍ വിധി പറഞ്ഞത്. വിധി പ്രസ്താവത്തിനു മുമ്പ് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളുമായി കോടതി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ആശയ വിനിമയം നടത്തി. തങ്ങള്‍ക്കെതിരെ മാധ്യമ വിചാരണയാണ് നടക്കുന്നതെന്ന് പ്രതി മുകേഷ് പരാതിപ്പെട്ടു.
വധശിക്ഷ വിധിച്ച ഉത്തരവിനെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ മുകേഷും വിനയ് കുമാറും താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി വൃന്ദാ ഗ്രോവര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിനായി ചില രേഖകള്‍ കൂടി ആവശ്യമുണ്ടെന്നും അതുകൊണ്ടാണ് സമയം വൈകുന്നതെന്നും അവര്‍ അറിയിച്ചു. നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് കോടതി പ്രതികരിച്ചു.
നിലവില്‍ ഒരു കോടതിയിലും പ്രതികളുടെ ഹര്‍ജികള്‍ പരിഗണനയില്‍ ഇല്ലെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നതിന്റെ പേരില്‍ മരണ വാറണ്ട് പുറപ്പെടുവിക്കുന്നത് നീട്ടിവയ്ക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates