ന്യൂഡല്‍ഹി : അസമിലെ ദേശീയ പൗരത്വ കരട് പട്ടികയുടെ പേരില്‍ നടപടി വിലക്കി സുപ്രീംകോടതി. കരട് പട്ടികയുടെ പേരില്‍ ആര്‍ക്കെതിരെയും നടപടി പാടില്ലെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. എല്ലാവര്‍ക്കും രേഖകള്‍ സമര്‍പ്പിക്കാന്‍ സാവകാശം നല്‍കണം. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 40 ലക്ഷം പേരുടെയും വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ആര്‍എഫ് നരിമാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അതേസമയം പട്ടികയുടെ പേരില്‍ ഇപ്പോള്‍ ആര്‍ക്കെതിരെയും നടപടി എടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി. എല്ലാവര്‍ക്കും തങ്ങളുടെ ഭാഗം വിശദീകരിക്കുവാന്‍ അവസരം നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഒഴിവാക്കപ്പെട്ടവരുടെ വാദം കേള്‍ക്കാന്‍ സുതാര്യമായ മാനദണ്ഡം സ്വീകരിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് ആഗസ്റ്റ് 16 ന് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശം നല്‍കി.
അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് തയ്യാറാക്കിയ പട്ടികയില്‍ നിന്ന് 37.59 ലക്ഷം പേരെയാണ് ഒഴിവാക്കിയിട്ടുള്ളതെന്ന് സംസ്ഥാന കോര്‍ഡിനേറ്റര്‍ കോടതിയെ അറിയിച്ചു. 2.48 ലക്ഷം പേരുടെ പേരുകള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത് അന്തിമ പട്ടികയല്ലെന്നും കോര്‍ഡിനേറ്റര്‍ ശൈലേഷ് കോടതിയെ അറിയിച്ചു.
അസമില്‍ കരടു പൗരത്വപട്ടികയില്‍ നിന്നും 40 ലക്ഷം പേരാണ് പുറത്തായത്. സംസ്ഥാനത്തുളള 3.29 കോടി ജനങ്ങളാണ് പൗരത്വ പട്ടികയില്‍ പേരുവരാന്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ നിന്നും 2.89 കോടി ജനങ്ങള്‍ കരടുപട്ടികയില്‍ ഇടംപിടിച്ചു. 1951ന് ശേഷം ഇതാദ്യമായാണ് പരിഷ്‌കരിച്ച പൗരത്വപട്ടിക പുറത്തിറക്കുന്നത്. ബംഗ്ലാദേശില്‍ നിന്നുളള അനധികൃത കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. അസമിലെ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ അനധികൃത താമസം തടയുക എന്നതിന്റെ മറവില്‍ മുസ്ലീം ജനസംഖ്യയെയാണ് ലക്ഷ്യമിടുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates