

ന്യൂഡല്‍ഹി: ലോക്ക്ഡൗണിന് ശേഷം മറ്റൊരു സാമ്പത്തിക പാക്കേജ് കൂടി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമെന്ന് സൂചനകൾ. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. ഏപ്രില്‍ 15 നു ശേഷമായിരിക്കും പ്രഖ്യാപനം. ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച ഗൗരവമായ ആലോചനകളിലാണ് കേന്ദ്ര സര്‍ക്കാരെന്ന് റിപ്പോർട്ടിൽ പറയുന്നു. പാക്കേജ് സംബന്ധിച്ച് ഗൗരവതരമായ ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ജനങ്ങളുടെ ഉപഭോഗം കൂട്ടാൻ ചില നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പാക്കേജ് പ്രഖ്യാപിക്കുകയാണെങ്കില്‍ അത് കൊറോണ വൈറസ് ബാധ ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ കേന്ദ്രം നടത്തുന്ന മൂന്നാമത്തെ സുപ്രധാന ചുവടുവെപ്പാകും. മാര്‍ച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യ വ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നികുതി ദായകര്‍ക്കും വ്യവസായികൾക്കും ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസത്തിനു ശേഷം ധനമന്ത്രി 1.7 ലക്ഷം കോടിയുടെ പാക്കേജും പ്രഖ്യാപിച്ചു.
മൂന്നാമത്തെ നടപടിയാണ് ഇനി വരാനിരിക്കുന്നത്. ലോക്ക്ഡൗണിന് ശേഷമുള്ള സ്ഥിതിഗതികള്‍ നേരിടാന്‍ കഴിയുന്ന വിധം നിലവിലുള്ള സര്‍ക്കാര്‍ പദ്ധതികളിലും ക്ഷേമ പദ്ധതികളിലും മാറ്റം വരുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. പ്രശ്‌നങ്ങള്‍ക്കെല്ലാം ഒന്നൊന്നായി പരിഹാരം കാണാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമന്ത്രി രൂപവത്കരിച്ച പത്ത് ഉന്നതതല സമിതികളാണ് കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള നടപടിക്രമങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സമിതികള്‍. സമ്പത്തിക നടപടികള്‍ നിര്‍ദ്ദേശിക്കേണ്ട ചുമതലയും ഇവയ്ക്കുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള അനൗപചാരിക മന്ത്രിതല സമിതിയും ലോക്ക്ഡൗണുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates