ന്യൂഡല്‍ഹി: മാട്രിമോണിയല്‍ സൈറ്റുകളില്‍ വിവിധ പേരുകളില്‍ പരസ്യം നല്‍കി നരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിയ യുവാവ് ഒടുവില്‍ പിടിയില്‍. 34കാരനായ അങ്കിത് ചൗളയാണ് അറസ്റ്റിലായത്. വിധവകളും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതുമായ സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിന് കൂടുതലും ഇരയായിട്ടുള്ളത്. ഇവരില്‍ നിന്നെല്ലാമായി ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. ഡല്‍ഹിയിലാണ് സംഭവം.
മാട്രിമോണിയല്‍ സൈറ്റുകളില്‍ പേരും സ്ഥലവും ജോലിയുമെല്ലാം വ്യത്യസ്ത രീതിയില്‍ പരസ്യം നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു. അങ്കിതിനെക്കുറിച്ച് ഒരു സ്ത്രീ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തായത്. മുദിത് ചൗള എന്നു പേരുള്ള ആള്‍ 2018 ഡിസംബറില്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കാണിച്ച് അശോക് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് സ്ത്രീ പരാതി നല്‍കിയത്.
തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം എന്ന സ്ഥലത്ത് ബെഡ് ഷീറ്റുകളുടെ വ്യാപാരമാണെന്നും ഒപ്പം ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും ആഡംബര കാറുകള്‍ വാടകയ്ക്ക് നല്‍കുകയുമാണ് ജോലി എന്നാണ് ഇയാള്‍ പറഞ്ഞതെന്ന് സ്ത്രീ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം തുടങ്ങി പിന്നീട് ഇ മെയില്‍, ഫോണ്‍, വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ ബന്ധം സ്ഥാപിച്ചു. അതിന് ശേഷം ചെറിയ ചെറിയ തുകകള്‍ കടം വാങ്ങി.
തന്റെ ബിസിനസ് നഷ്ടത്തിലാണെന്നും അതിനാല്‍ ലോണെടുത്ത് തനിക്ക് കുറച്ച് പണം നല്‍കണമെന്നും ഇയാള്‍ സ്ത്രീയോട് ആവശ്യപ്പെട്ടു. വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ ഇങ്ങനെ 17 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയതെന്ന് പരാതിയില്‍ വ്യക്തമാക്കി. പണം ലഭിച്ച ശേഷം വിവാഹത്തെക്കുറിച്ച് സ്ത്രീ സംസാരിച്ചപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറിയെന്നും പിന്നീട് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതായും സ്ത്രീ പരാതിയില്‍ പറയുന്നു.
പല മാട്രിമോണിയല്‍ സൈറ്റുകളിലും ഇയാള്‍ പല പേരുകളിലും വിലാസത്തിലും തന്റെ പ്രൊഫൈല്‍ നല്‍കിയതായി സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ നാലോളം കേസുകളിലായി ഇയാള്‍ സ്ത്രീകളെ കബളിപ്പിച്ചതായി കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ തലവനാണ് എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു വനിതാ ഡോക്ടറില്‍ 15 ലക്ഷം തട്ടിയതായും പൊലീസ് പറയുന്നു. ഒരു രാഷ്ട്രീയ നേതാവിന്റെ സുരക്ഷാ തലവന്‍ എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും ഇയാള്‍ കൈക്കാലിക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ലാപ്‌ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍, കാര്‍, വിവിധ പേരുകളിലുള്ള കൃത്രിമ ആധാര്‍ കാര്‍ഡുകള്‍ എന്നിവയും ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates