

ന്യൂഡല്‍ഹി: കര്‍വാറില്‍ നടന്ന പൊതുയോഗത്തിലെ പ്രസംഗമാണ് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡ്ഡെയെ ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ രൂക്ഷമായ പരിഹാസത്തിലേക്ക് എത്തിച്ചത്. ' നോക്കൂ, നമ്മളെല്ലാം ഇരിക്കുന്നത് പ്ലാസ്റ്റിക് കസേരയിലല്ലേ, കോണ്‍ഗ്രസ് 70 വര്‍ഷം ഭരിച്ചത് കൊണ്ടാണിത്, ബിജെപി ആയിരുന്നുവെങ്കില്‍ ജനങ്ങളെയെല്ലാം വെള്ളിക്കസേരകളില്‍ ഇരുത്തിയേനെ' എന്നായിരുന്നു ഹെഗ്‌ഡ്ഡെയുടെ പ്രസംഗം.എഎന്‍ഐ ട്വീറ്റ് ചെയ്ത അനന്ത്കുമാര്‍ ഹെഗ്‌ഡ്ഡെയുടെ ഈ വാചകത്തിന് താഴെയുള്ള മറുപടികള്‍ ഒന്നിനൊന്ന് പരിഹാസം കലര്‍ന്നതാണ്.
ബിജെപി നേതാക്കളിലെല്ലാം ഒരു ബിപ്ലവ് കുമാര്‍ ഉറങ്ങിക്കിടപ്പുണ്ട്, സമയമാകുമ്പോള്‍ അത് പുറത്ത് വരുമെന്നായിരുന്നു ഒരാള്‍ ട്വീറ്റ് ചെയ്തത്.
ബിജെപി ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഞങ്ങള്‍ പായയില്‍ ഇരിക്കുകയും ഗുരുകുല വിദ്യാഭ്യാസം നടത്തുകയും ചെയ്യേണ്ടി വന്നേനെ എന്നാണ് മറ്റൊന്ന്.
എവിടെയായിരുന്നു ഇത്രയും കാലം, കണ്ടുമുട്ടിയില്ലല്ലോ എന്ന സിനിമാ സ്‌റ്റൈലിലാണ് ചില ട്വീറ്റുകള്‍.
ബിജെപിയുടെ സുവര്‍ണകാലഘട്ടമായിരുന്നു പോയ നാല് വര്‍ഷമെന്നും പ്ലാസ്റ്റിക് കസേര ഇംഎംഐ അടച്ചാണ് ജനങ്ങള്‍ വാങ്ങുന്നതെന്നും ട്വീറ്റുണ്ട്.
ബിപ്ലവ് കുമാര്‍ ദേവ് രണ്ടാമന്‍ എന്നാണ് ട്വിറ്ററേനിയന്‍സ് കേന്ദ്രമന്ത്രിക്ക് നല്‍കിയിരിക്കുന്ന പേര്.
വെള്ളിക്കസേരയില്‍ മാത്രമായി കേന്ദ്രമന്ത്രി പ്രസംഗം നിര്‍ത്തിയില്ല. പ്രധാനമന്ത്രി നരേനദ്രമോദിയെ കടുവയോട് ഉപമിച്ചുള്ളതായിരുന്നു അടുത്ത വാചകം. 2019ലെ തിരഞ്ഞെടുപ്പില്‍ ഒരു വശത്ത് കാക്കയും കുറുക്കനും കുരങ്ങനും മറ്റ് മൃഗങ്ങളുമെല്ലാം അണി നിരക്കുന്നു. മറുവശത്ത് അതിനെ നേരിടാന്‍ ബിജെപിക്കുള്ളത് കടുവയാണ്. അതുകൊണ്ട് കടുവയെ അടുത്ത തിരഞ്ഞെടുപ്പില്‍ നേതാവായി തിരഞ്ഞെടുക്കൂ എന്നായിരുന്നു ആഹ്വാനം.
പ്രതിപക്ഷ പാര്‍ട്ടികളെ അപമാനിച്ചതിനെ ട്വിറ്ററേനിയന്‍സ് നേരിട്ടത് ഇങ്ങനെയാണ്,'കടുവ ഒരു മൃഗമാണ് , അങ്ങനെയാണെങ്കില്‍ മോദിയും മൃഗമാണ്, ദാ 'മന്‍ കീ ബാത്' നടത്തുന്ന കടുവയെ കാണൂ' എന്നായിരുന്നു കമന്റ്
അദ്ദേഹം മന്ത്രിസഭയിലെ അംഗങ്ങളെയല്ലല്ലോ കാക്കയെന്നും കുരങ്ങനെന്നും വിളിച്ചത് എന്നായിരുന്നു മറ്റൊരാളുടെ സംശയം. ബിജെപിയുടെ കടുവ സഖ്യകക്ഷികള്‍ കൂടി ചേര്‍ന്നതല്ലേ, അപ്പോള്‍ എല്ലാ മൃഗങ്ങളും കൂടിച്ചേര്‍ന്ന പുതിയ തരം കടുവയാകുമെന്ന് ഒരാള്‍ ചിത്രം സഹിതം ട്വീറ്റ് ചെയ്യുകയും ഉണ്ടായി.
മന്ത്രീ താങ്കള്‍ പറഞ്ഞ കടുവ ബീഫാണോ അതോ പുല്ലാണോ കഴിക്കുന്നത് എന്നായിരുന്നു അടുത്ത ട്വീറ്റ് സസ്യാഹാരി ആണെങ്കില്‍ അത് കടുവയല്ല ആടാകുമെന്നും മറ്റൊരു വിരുതന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates