ബെഗുസരായിയെ പോലെ ബീഹാറില്‍ എന്‍ഡിഎയെയും മഹാസഖ്യത്തെയും വിറപ്പിക്കുന്ന മറ്റൊരു മണ്ഡലം, മുസാഫര്‍പൂര്‍ 

സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ മത്സരിക്കുന്ന ബെഗുസരായിക്ക് പിന്നാലെ മുസാഫര്‍പൂറും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്കും മഹാസഖ്യത്തിനും പേടിസ്വപ്‌നമാകുന്നു
ബെഗുസരായിയെ പോലെ ബീഹാറില്‍ എന്‍ഡിഎയെയും മഹാസഖ്യത്തെയും വിറപ്പിക്കുന്ന മറ്റൊരു മണ്ഡലം, മുസാഫര്‍പൂര്‍ 
Updated on
1 min read

പറ്റ്‌ന: സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ മത്സരിക്കുന്ന ബെഗുസരായിക്ക് പിന്നാലെ മുസാഫര്‍പൂറും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്കും മഹാസഖ്യത്തിനും പേടിസ്വപ്‌നമാകുന്നു. വിമതശല്യമാണ് ഇരു മുന്നണികളെയും ഭയപ്പെടുത്തുന്നത്. അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെയാണ് മുസാഫര്‍പൂര്‍ മണ്ഡലവും ജനവിധി തേടുന്നത്.

സിറ്റിങ് എംപിയായ അജയ് നിഷാദിലാണ് ബിജെപി വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. അഞ്ചുതവണ എംപിയായിരുന്ന ക്യാപ്റ്റന്‍ ജയ് നരെയ്ന്‍ പ്രസാദ് നിഷാദിന്റെ മകനാണ് അജയ്. പിതാവ് ഒരു പാര്‍ട്ടിയോടും സ്ഥിരമായി കൂറുപുലര്‍ത്തിയിട്ടില്ല. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും സാഹചര്യത്തിനനുസരിച്ച് പാര്‍ട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതാണ് ജയ് നരെയ്‌നിന്റെ രീതി. അതുകൊണ്ട് തന്നെ അജയ് നിഷാദിനെ വോട്ടര്‍മാര്‍ പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല എന്നതാണ് ബിജെപിയെ കുഴപ്പിക്കുന്നത്. ഇതിന് പുറമേ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവും അജയ് നിഷാദിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പൂര്‍ണമായി തൃപ്തരല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ ജെഡിയുവിന്റെയും മറ്റുപാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിക്കാന്‍ അജയ് നിഷാദ് തയ്യാറാകാതിരുന്നതാണ് ഇവരുടെ അതൃപ്തിക്കുളള മുഖ്യ കാരണം. ഇവരെയെല്ലാം കൂടെ നിര്‍ത്താന്‍ അജയ്ക്ക് കഴിയാതിരുന്നതും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമോ എന്ന ഭയപ്പാടിലാണ് എന്‍ഡിഎ മുന്നണി.

അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയില്‍ നിന്നും ജെഡിയു ജില്ലാതല നേതാക്കള്‍ വിട്ടുനിന്നതും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. ചുരുക്കം പ്രവര്‍ത്തകര്‍ മാത്രമാണ് റാലിയില്‍ പങ്കെടുത്തത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിരാശരാണെന്ന് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം വോട്ടര്‍മാരുമായുളള അടുത്ത ബന്ധം പിതാവ് ജയ് നരെയ്ന്‍ തുടരുന്നുണ്ട്. പ്രത്യേകിച്ച്  തന്റെ സമുദായമായ നിഷാദിലുളള വോട്ടര്‍മാരുമായി അദ്ദേഹം അടുപ്പം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തങ്ങളുടെ ഗ്രാമത്തില്‍ മകന്‍ ഇതുവരെ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് ബോച്ചഹാ നിയമസഭ മണ്ഡലത്തിലെ ഒരു വോട്ടര്‍ പറയുന്നു. ഇത് സ്വന്തം സമുദായത്തിലുളള സ്വാധീനം അജയിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവായാണ് രാഷ്ട്രീയവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.തങ്ങളുടെ പരമ്പരാഗത മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതില്‍ ജെഡിയു പ്രവര്‍ത്തകരുടെ ഇടയിലുളള അതൃപ്തിയും ബിജെപിക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഡോക്ടറായ രാജ് ഭൂഷണ്‍ ചൗധരിയെയാണ് ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്. നിഷാദ് സമുദായത്തില്‍ നിന്നുളള അംഗം തന്നെയാണ് ചൗധരി. ചൗധരിയും ആര്‍ജെഡിയിലെ  മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പല നേതാക്കളും കണക്കാക്കുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരം. ഇത് മണ്ഡലത്തില്‍ മഹാസഖ്യത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തില്‍ നിര്‍ണായകമായ യാദവ് വോട്ടുകളും ചൗധരിക്ക് പ്രതീക്ഷ നല്‍കുന്നതല്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിഷാദ് സമുദായം യാദവ് വിഭാഗത്തില്‍ നിന്നുമുളള സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാറില്ല. ഇത് തിരിച്ചും പ്രതിഫലിച്ചേക്കുമെന്ന ഭയത്തിലാണ് മഹാസഖ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com