

ഇംഫാൽ: മൂന്ന് ബിജെപി എംഎൽഎമാർ രാജിവച്ചതിന് പിന്നാലെ മണിപ്പൂരിൽ സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്. വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് കോൺഗ്രസ് ഗവർണർക്ക് കത്തു നൽകി. മണിപ്പൂർ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് ഒക്രാം ഇബോബി സിങ്ങാണ് ഗവർണർക്ക് കത്ത് നൽകിയത്.
പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത് ബിരേൻ സിങ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ അവസരം ഒരുക്കണമെന്നാണ് കത്തിലെ ആവശ്യം. പുതുതായി രൂപവത്കരിച്ച സെക്യുലർ പ്രോഗ്രസീവ് ഫ്രണ്ടിനെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കണം. നിയമസഭയിലെ കോൺഗ്രസിന്റെ അംഗബലം 20 ആണെന്നും ഏഴ് എംഎൽഎമാരെ നിയമസഭയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഹൈക്കോടതി തടഞ്ഞതിന് ശേഷമുള്ള കണക്കാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിരേൻ സിങ് സർക്കാരിന് 23 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. ബിജെപി 18, എൻപിഎഫ് നാല്, എൽഎസ്‌ജെപി ഒന്ന്. എന്നാൽ 49 അംഗ അസംബ്ലിയിൽ 26 എംഎൽഎമാരുടെ പിന്തുണ എസ്പിഎഫിനുണ്ട്. (കോൺഗ്രസ് 20, എൻപിപി നാല്, തൃണമൂൽ കോൺഗ്രസ് ഒന്ന്). ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും അവിശ്വാസ പ്രമേയം എത്രയും വേഗം കൊണ്ടുവരേണ്ടതുണ്ടെന്നും സഭാ സമ്മേളനം ഉടൻ വിളിച്ചു ചേർക്കണമെന്നും ഒക്രാം ഇബോബി സിങ് ഗവർണർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മണിപ്പൂരിലെ മൂന്ന് ബിജെപി എംഎൽഎമാർ രാജിവച്ച് കോൺഗ്രസിൽ ചേർന്നത്. ഇതിന് പിന്നാലെ നാല് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) എംഎൽഎമാരും ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎമാരും ഒരു സ്വതന്ത്രനും എൻ ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ രൂപവത്കരിക്കാനുള്ള കോൺഗ്രസിന്റെ നീക്കം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates