അമൃത്സര്‍: ദസറ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ ഇടയിലേക്ക് ട്രെയിന്‍ പാഞ്ഞു കയറി 61 പേര്‍ മരിച്ച സംഭവത്തില്‍ പരിപാടിയുടെ സംഘാടകരില്‍ നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. പരിപാടിയുടെ മുഖ്യാതിഥിയായി എത്തിയ കോണ്‍ഗ്രസ് നേതാവും മന്ത്രി സിദ്ദുവിന്റെ ഭാര്യയുമായ നവ്‌ജോത് കൗര്‍ സിദ്ദുവിനോട് സംഘാടകരില്‍ ഒരാള്‍ സംസാരിക്കുന്നതാണ് പുറത്തുവന്നിരിക്കുന്നത്. റെയില്‍വേ ട്രാക്കില്‍ നൂറു കണക്കിന് പേര്‍ കയറി നില്‍ക്കുന്നതു ശ്രദ്ധയില്‍ പെട്ട് ആശങ്ക അറിയിച്ച നവ്‌ജോതിനോട് എത്ര ട്രെയിന്‍ വന്നാലും ആരും അവിടെനിന്ന് അനങ്ങില്ല എന്ന് സംഘാടകരില്‍ ഒരാള്‍ പറയുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
മാഡം, നോക്കൂ, ഈ ആളുകള്‍ക്ക് ട്രാക്കില്‍ നില്‍ക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. നിങ്ങള്‍ക്ക് വേണ്ടി 5000 പേരാണ് ട്രാക്കില്‍ നില്‍ക്കുന്നത്. ഇതിലൂടെ 500 ട്രെയിന്‍ കടന്നു പോയാലും അവര്‍ അനങ്ങില്ല. നവ്‌ജോത് കൗര്‍ സിദ്ദുവിന് സമീപം വന്നുനിന്ന് അയാള്‍ പറഞ്ഞു. പരിപാടിയുടെ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയുടെ തെളിവാണ് ഇത്. അപകട സാധ്യതയെക്കുറിച്ച് അറിയാമായിരുന്നിട്ടും അത് തടയാന്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല.
അതേസമയം അപകടം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും അജ്ഞാതര്‍ക്കെതിരേയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആരോപണവിധേയരായ സംഘാടകരായ പ്രാദേശിക കൗണ്‍സിലര്‍ വിജയ് മദന്‍, മകന്‍ സൗരഭ് മദന്‍ മിതു എന്നിവരെ കാണ്മാനില്ലെന്നും സൂചനയുണ്ട്. ശനിയാഴ്ച ഇവരുടെ വീടിനുനേരെ ജനക്കൂട്ടത്തിന്റെ പ്രതിഷേധമുണ്ടായിരുന്നു. ആക്രമണത്തില്‍ ജനാലകള്‍ തകര്‍ന്നു. ഇതേത്തുടര്‍ന്ന് പൊലീസിനെ മേഖലയില്‍ വിന്യസിക്കേണ്ടി വന്നു.
മരണത്തിനു കാരണക്കാര്‍ ആരെന്ന് ഇത്രനേരത്തേ പറയുക എളുപ്പമല്ലെന്ന് ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് (ജിആര്‍പി) അമൃത്സര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ ബല്‍വിര്‍ സിങ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരുടെ പേര് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates