മുംബൈ: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. പലയിടങ്ങളിലും പ്രളയ ഭീതിയും നിലനിൽക്കുന്നു. മഹാരാഷ്ട്രയിൽ വിവിധ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. അതിനിടെ കനത്ത മഴ പെയ്യുന്ന മുംബൈ മഹാനഗരത്തിൽ നിന്നുള്ള ഒരു കാഴ്ച ഹൃദയങ്ങൾ കീഴടക്കുകയാണിപ്പോൾ. പെരുമഴയത്ത് മുംബൈയിലെ ഒരു സ്ത്രീയുടെ അനുകമ്പാ പൂർണമായ പ്രവർത്തനാമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.
റോഡിന് നടക്കുള്ള മാൻഹോളിൽ വീണ് അപകടം സംഭവിക്കാതിരിക്കാൻ സ്ത്രീ മുന്നറിയിപ്പ് നൽകാനായി നിന്നത് ഏതാണ്ട് അഞ്ച് മണിക്കൂർ.
വെള്ളത്തിനടിയിലായ മാൻഹോളിൽ ആളുകൾ വീഴാതിരിക്കാനാണ് പെരുമഴയപ്പോലും വക വയ്ക്കാതെ സ്ത്രീ അഞ്ച് മണിക്കൂറോളം നിന്ന് മുന്നറിയിപ്പ് നൽകിയത്. മാൻഹോളിൽ വീണ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് കഴിഞ്ഞ വർഷങ്ങളിലായി മുംബൈയിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് കൂടി അറിയുമ്പോഴാണ് ഈ സ്ത്രീയുടെ നന്മയുള്ള പ്രവർത്തി ശ്രദ്ധേയമാകുന്നത്.
കനത്ത മഴയെ തുടർന്ന് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. അതിനാൽ തന്നെ അവിടെ ഉണ്ടായിരുന്ന മാൻഹോളും വെള്ളത്തിനടിയിലായി. ഇത് മനസിലാക്കിയ സ്ത്രീ വലിയ ദുരന്തം ഒഴിവാക്കാനായി അതുവഴി വരുന്ന വാഹങ്ങളിലെ യാത്രക്കാരോട് അവിടെ മാൻഹോൾ ഉണ്ടെന്ന് വിളിച്ചു പറയുകയാണ്. ആരും മാൻഹോൾ കാണാത്തതിനാൽ അപകടത്തിൽ പെടരുതെന്ന് കരുതി പെരുമഴയ്ക്കിടയിലും അതൊന്നും വകവയ്ക്കാതെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിലാണ് സ്ത്രീയുടെ ശ്രദ്ധ. കൈയിൽ ഒരു വടിയുമായി അവർ അവിടെ നിന്ന് ഈ പ്രവൃത്തി തുടർന്നാതായാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates