മുംബൈ : രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പത്തുവയസ്. 2008 നവംബര്‍ 26നാണ് പാക് ഭീകരർ കിരാതവേട്ട നടത്തിയത്. കടൽ കടന്നെത്തിയ 10 ഭീകരർ മുംബൈയെ തോക്കിൻമുനയിൽ നിർത്തി നടത്തിയ തേർവാഴ്ചയിൽ പൊലിഞ്ഞത് 166 മനുഷ്യ ജീവനുകളാണ്. അറുനൂറിലേറെപ്പേർക്ക് പരിക്കേറ്റു.
2008 നവംബര്‍ 26ന് രാത്രി എട്ടുമണിയോടെയാണ് പത്തു പാക് ഭീകരര്‍ കൊളാബ തീരത്ത് സ്പീഡ്ബോട്ടുകളിലെത്തുന്നത്. ഒന്‍പതരയ്‍ക്ക് രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്ത് ആദ്യ വെടിയൊച്ച കേട്ടു. തുടര്‍ന്നുള്ള 72 മണിക്കൂര്‍ രാജ്യത്തെ മുള്‍മുനയില്‍ നിർത്തി ഭീകരരുടെ തേർവാഴ്ചയായിരുന്നു. എകെ 47 തോക്കുകളും ഗ്രനേഡുകളും വലിയ തോതിൽ ആർഡിഎക്സ് ശേഖരവുമായി പാക്ക് ഭീകരർ തെരുവുകളിൽ തീ തുപ്പുകയായിരുന്നു.
ഛത്രപതി ശിവജി ടെര്‍മിനസ്, താജ്മഹല്‍ ഹോട്ടല്‍, ഒബ്റോയ് ട്രൈഡന്റ് ഉള്‍പ്പെടെ നഗരത്തിലെ പത്തിടങ്ങളില്‍ നടന്ന ആക്രമണത്തില്‍ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായി. മൂന്നു ദിവസത്തോളം നഗരം അവർ കൈപ്പിടിയിലാക്കി. 58 മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെയും എന്‍എസ്ജിയുടെ നേതൃത്വത്തിലെ സംയുക്തസേന വകവരുത്തി.
അവശേഷിച്ച ഭീകരന്‍ അജ്മല്‍ കസബിനെ ജീവനോടെ പിടികൂടി. ലോകത്തിനു മുന്നിൽ പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങൾ തുറന്നുകാട്ടാനും സ്ഥാപിക്കാനും കസബ് നിമിത്തമായി. 2012 നവംബറിൽ പുണെ യേർവാഡ ജയിലിൽ കസബിനെ തൂക്കിലേറ്റി. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച എന്‍.എസ്.ജി കമാന്‍ഡോ സന്ദീപ് ഉണ്ണികൃഷ്ണനും മുംബൈ എ.ടി.എസ് മേധാവി ഹേമന്ത് കാര്‍ക്കറെയും അശോക് കാമ്തെയും വിജയ് സലസ്കറും രാജ്യത്തിന്റെ നൊമ്പരമായി ജനമനസുകളില്‍ അവശേഷിക്കുന്നു.
ഭീകരാക്രമണ കേസുകളുടെ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജന്‍സി എന്ന എൻഐഎ നിലവില്‍ വന്നതും ഈ ആക്രമണത്തിന് ശേഷമാണ്. ഭീകരാക്രണം ആസൂത്രണം ചെയ്ത ലഷ്കറെ തയിബ തലവന്മാരായ സാക്കിയുര്‍ റഹ്മാന്‍ ലാഖ് വിയെയും, ഹാഫീസ് സയിദിനെയും ഐക്യരാഷ്ട്രസഭ ഭീകരന്മാരുടെ പട്ടികയിൽപ്പെടുത്തിയെങ്കിലും ഇപ്പോഴും പാകിസ്ഥാനിൽ നിർഭയം സ്വൈര്യവിഹാരം നടത്തുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates