ചെന്നൈ; മുല്ലപ്പെരിയാർ അണക്കെട്ട് ജോൺ പെന്നിക്വിക്കിന് ആദരവുമായി തമിഴ്നാട് സർക്കാർ. അദ്ദേഹത്തിന്റെ ജന്മദിനമായ ജനവരി 15ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. കൂടാതെ തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ ജന്മദിനം വിപുലമായാണ് ആഘോഷിച്ചത്. അദ്ദേഹത്തിന്റെ നൂറ്റിയൊൻപതാം ജന്മദിനത്തിലാണ് ആദരസൂചകമായുള്ള പ്രഖ്യാപനം.
ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ലോവർക്യാമ്പിലുള്ള പെന്നിക്വിക്കിന്റെ സ്മാരകത്തിൽ മാല ചാർത്തി. വരണ്ടുകിടന്ന തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ഡികൽ, രാമനാഥപുരം, ശിവഗംഗ ജില്ലകളിൽ, മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചതോടെയാണ് വെള്ളം ലഭിക്കാൻ തുടങ്ങിയത്. അണക്കെട്ടിന്റെ ശില്പിയായ ജോൺ പെന്നിക്വിക്കിനെ ദൈവതുല്യനായാണ് ഇവിടങ്ങളിലെ ജനങ്ങൾ കാണുന്നത്. എല്ലാ വർഷവും ജന്മദിനത്തിൽ ആഘോഷപരിപാടികൾ നടത്താറുണ്ട്. ഈ ദിനം പൊതുഅവധി പ്രഖ്യാപിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടുവരുകയായിരുന്നു.
ബ്രിട്ടനിലെ പ്രശസ്തനായ എൻജിനീയറായിരുന്നു ജോൺ പെന്നിക്വിക്ക് . 1860 നവംബർ 11-ന് ഇന്ത്യയിലെത്തിയ അദ്ദേഹം 1882-ൽ മുല്ലപ്പെരിയാർ ഡാം നിർമാണത്തിന് നേതൃത്വം നൽകി. 1895-ൽ മുല്ലപ്പെരിയാർ ഡാം നിർമാണം പൂർത്തിയായി. തമിഴ്‌നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്. 1911 മാർച്ച് ഒൻപതിന് എഴുപതാമത്തെ വയസ്സിൽ കേംബർലിയിൽ അദ്ദേഹം അന്തരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates