രഹസ്യ ബാലറ്റ് വേണ്ട, ലൈവ് ടെലികാസ്റ്റ് വേണം; മഹാരാഷ്ട്രാ ഉത്തരവില്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് നാലു കാര്യങ്ങള്‍

രഹസ്യ ബാലറ്റ് വേണ്ട, ലൈവ് ടെലികാസ്റ്റ് വേണം; മഹാരാഷ്ട്രാ ഉത്തരവില്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് നാലു കാര്യങ്ങള്‍

വിശ്വാസ വോട്ടെടുപ്പ് പ്രോട്ടം സ്പീക്കറുടെ മേല്‍നോട്ടത്തില്‍ ആയിരിക്കണമെന്ന് സുപ്രീം കോടതി പത്തെന്‍പതു പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കി
Published on

ന്യൂഡല്‍ഹി:  മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നാളെത്തന്നെ വിശ്വാസവോട്ട് തേടണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി മൂന്നോട്ടുവച്ചത് നാലു കാര്യങ്ങള്‍. വിശ്വാസ വോട്ടെടുപ്പിനു കൂടുതല്‍ സമയം വേണമെന്നും സ്പീക്കര്‍ തെരഞ്ഞെടുപ്പിനു ശേഷമേ വിശ്വാസവോട്ടെടുപ്പു നടത്താവൂ എന്നുമുള്ള ബിജെപിയുടെ വാദങ്ങള്‍ തള്ളിയാണ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്.

വിശ്വാസ വോട്ടെടുപ്പ് പ്രോട്ടം സ്പീക്കറുടെ മേല്‍നോട്ടത്തില്‍ ആയിരിക്കണമെന്ന് സുപ്രീം കോടതി പത്തെന്‍പതു പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും നാളെ അഞ്ചു മണിക്കു മുമ്പായി സത്യപ്രതിജ്ഞ ചെയ്യണം. അതിനു പിന്നാലെയായി പ്രോട്ടം സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പു നടത്തണം. നടപടികള്‍ നിയമാനുസൃതമായിരിക്കണമെന്നും രഹസ്യ ബാലറ്റ് പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.  നടപടിക്രമങ്ങള്‍ മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യണം. അതിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കര്‍ണാടക കേസിലെയും ജഗദംബിക പാല്‍ കേസിലെയും ബൊമ്മെ കേസിലെയും വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മൂന്നംഗ ബെഞ്ച് മഹാരാഷ്ട്ര കേസില്‍ വിധി പ്രസ്താവം നടത്തിയത്. ജുഡീഷ്യറിക്ക് നിയമ നിര്‍മാണ സഭയുടെ കാര്യങ്ങളില്‍ എത്രത്തോളം ഇടപെടാം എന്നത് ഏറെക്കാലമായി സംവാദ വിഷയമാണെന്നും എന്നാല്‍ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഉത്തരവ്. കുതിരക്കച്ചവടം തടയാന്‍ ഈ കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ടത് അനിവാര്യമാണെന്ന് ജസ്റ്റിസ് എന്‍വി രമണ ചൂണ്ടിക്കാട്ടി.

കേസ് എട്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കാനാണ് മാറ്റിവച്ചിട്ടുള്ളത്. ഈ സമയത്തിനുള്ളില്‍ കക്ഷികള്‍ സത്യവാങ്മൂലം നല്‍കണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com