രോഗികള്‍ കുറഞ്ഞത് താത്കാലികമെന്ന് വിദഗ്ധര്‍; ശൈത്യകാലത്ത് കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത, കൂടുതല്‍ രൂക്ഷമാകാം

കേന്ദ്രസര്‍ക്കാരിന് ആശ്വാസം നല്‍കി ഏതാനും ആഴ്ചകളായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നത് താത്കാലികം മാത്രമെന്ന് വിദഗ്ധര്‍
രോഗികള്‍ കുറഞ്ഞത് താത്കാലികമെന്ന് വിദഗ്ധര്‍; ശൈത്യകാലത്ത് കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത, കൂടുതല്‍ രൂക്ഷമാകാം
Updated on
1 min read

ന്യൂഡല്‍ഹി: ഏതാനും ആഴ്ചകളായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നത് താത്കാലികം മാത്രമെന്ന് വിദഗ്ധര്‍. ശൈത്യകാലത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞദിവസം ഉത്സവസീസണ്‍ കണക്കിലെടുത്ത് കോവിഡ് മാനദണ്ഡങ്ങളില്‍ അലംഭാവം കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശൈത്യകാലത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ഒട്ടുമിക്ക വൈറസുകളും ശ്വാസകോശത്തെ ആക്രമിക്കുന്നത് ഈ സമയത്താണ്. രാജ്യത്ത് രണ്ടാമത്തെ കോവിഡ് തരംഗം തളളിക്കളയാന്‍ സാധിക്കില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചിലപ്പോള്‍ ആദ്യത്തെ കോവിഡ് വ്യാപനത്തെക്കാള്‍ കൂടുതല്‍ മാരകമാകാം രണ്ടാമത്തെ തരംഗമെന്നും വിദഗ്ധര്‍ അനുമാനിക്കുന്നു.

വൈറസിന്റെ സ്വഭാവത്തിലുളള മാറ്റമാണ് ഏറെ ഗൗരവത്തോടെ കാണേണ്ടതെന്ന് അണുബാധ വിദഗ്ധന്‍ ഡോ ആരതി സച്ച്‌ദേവ പറയുന്നു. രാജ്യത്ത് മഹാമാരി പാരമ്യത്തില്‍ എത്തിയതായി പ്രവചിച്ച കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം, ഉത്സവസീസണില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ അലംഭാവം കാണിച്ചാല്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്നും മുന്നറിയിപ്പ് നല്‍കി.  ശൈത്യകാലത്ത് ഒരു മാസത്തിനകം 26 ലക്ഷം വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുളള സാധ്യത തളളിക്കളയാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യൂറോപ്പില്‍ കണ്ടത് ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മാസ്‌ക് ധരിക്കുന്നത് അടക്കം കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും ആരതി സച്ച്‌ദേവ വ്യക്തമാക്കി.

ശൈത്യകാലത്ത് കുട്ടികളിലും മുതിര്‍ന്നവരിലും ന്യൂമോണിയ കൂടുതലായി കണ്ടുവരുന്നുണ്ട്. കോവിഡ് രോഗികള്‍ക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും ന്യൂമോണിയയാണ്. ഇതിന് പുറമേ ശൈത്യകാലത്താണ് രാജ്യത്ത് പൊതുവേ വായുമലിനീകരണം രൂക്ഷമാകുന്നത്. ഇതും കോവിഡ് വ്യാപനം കൂടുതല്‍ വഷളാവാന്‍ ഇടയാക്കാം. ശൈത്യകാലത്ത് അടച്ചിട്ട മുറികളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും അപകടമാണ്. വായുകുമിളകളിലൂടെയും സ്രവങ്ങളിലൂടെയും വൈറസ് വ്യാപനത്തിനുളള സാധ്യത ഇത് വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com