ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് പുതിയ ബഞ്ചിലേക്ക് മാറ്റി സുപ്രീം കോടതി. ജസ്റ്റിസുമാരായ യുയു ലളിത്, വിനീത് സരൺ എന്നിവരുടെ ബഞ്ചാണ് ഇനി കേസ് പരിഗണിക്കുക. കേസ് തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായിരുന്ന ബഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസിൽ പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകൾ വിശദമായി പരിശോധിക്കാതെയാണെന്ന് ഹർജിയിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു.
പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജല വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളിലെ വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന് കാരണമായത്. കേസന്വേഷിച്ച സിബിഐയുടെ ആരോപണങ്ങൾ തെളിവില്ലെന്ന് കണ്ട് സിബിഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടർന്നാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കസ്തൂരിരങ്ക അയ്യരും, ആർ ശിവദാസനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കസ്തൂരിരങ്ക അയ്യർ ഉൾപ്പടെയുള്ളവരുടെ ഹർജികളിൽ ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates