

ഹൈദരാബാദ്: പ്രമുഖ ദളിത് ചിന്തകനും ദളിത് അവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയ്ക്ക് നേരെ ആക്രമണ ശ്രമം. ജഗിതല്‍ ജില്ലയിലുള്ള കൊറുത്‌ല നഗരത്തിലെ കോടതിക്ക് പുറത്തുവെച്ചാണ് ഒരു കൂട്ടം ഹിന്ദുത്വവാദികള്‍ അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമം നടത്തിയത്. പൊലീസ് എത്തിയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
ആര്യ വൈശ്യ കമ്യൂണിറ്റിയിലും ബിജെപിയിലും പ്രവര്‍ത്തിക്കുന്നവരാണ് ആക്രമണം നടത്തിയതെന്ന് ഐലയ്യ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേ മാതരം വിളിക്കണമെന്ന് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഈ സംഘടനയിലെ പ്രവര്‍ത്തകരാണ് മുന്‍പ് ഐലയ്യക്ക് നേരെ വധഭീഷണി മുഴക്കിയത്.
കോടതിക്ക് പുറത്ത് ഐലയ്യ കാറില്‍ കയറുമ്പോള്‍ വലിയ കൂട്ടം യുവാക്കാള്‍ പ്ലെക്കാര്‍ഡും കാവിക്കൊടിയും പിടിച്ച് മുദ്രാവാക്യം വിളികളോടെ അദ്ദേഹത്തെ വളയുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കൂട്ടത്തില്‍ ചിലര്‍ അദ്ദേഹത്തിന് നേരെ ചെരുപ്പും ചീമുട്ടയും എറിയുന്നുണ്ടായിരുന്നു. ഉടന്‍ പൊലീസ് ഇടപെട്ടതാണ് അദ്ദേഹത്തെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്. പൊലീസ് സുരക്ഷയില്‍ കാറില്‍ കയറിയ അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നെന്ന് കൊറുട്‌ല പൊലീസ് ഇന്‍സ്‌പെക്റ്റര്‍ രാജശേഖര്‍ ബാബു പറഞ്ഞു.
ആക്രമാസക്തരായ ജനക്കൂട്ടം തന്റെ കാറിന് നേരെ ചീമുട്ടയും ചെരുപ്പും എറിഞ്ഞെന്നും അധിക്ഷേപിച്ചെന്നും ഐലയ്യ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം കര്‍ഷകരെ അഭിസംബോധന ചെയ്യുന്നതിനിടെ കുറേപ്പേര്‍ ആക്രമണം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തിലെ ആര്യ വൈശ്യയെക്കുറിച്ചുള്ള വിവരണമാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. സോഷ്യല്‍ സ്മഗ്‌ളേഴ്‌സ് എന്നാണ് ഈ ആര്യ വൈശ്യരെ അദ്ദേഹം വിളിച്ചിരിക്കുന്നത്. ഇതില്‍ ക്ഷമ പറയണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹത്തിനെതിരേ ആന്ധ്രപ്രദേശിലും തെലുങ്കാനയിലും പ്രതിഷേധങ്ങള്‍ നടക്കുന്നത്. പുസ്തകം ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തെ വെട്ടിക്കുറക്കാനാവില്ലെന്നായിരുന്നു കോടതി വിധി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates