ബംഗളൂരു: ഉള്ളി വില രാജ്യത്ത് പലരെയും കരയിപ്പിച്ചെങ്കിൽ ഉള്ളി കൊണ്ടു തന്നെ ഇവിടെയൊരാൾ കോടിപതിയായി മാറി. കടക്കെണിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന കർണാടകയിലെ ഒരു കർഷകനാണ് കോടിപതിയായി മാറിയത്.
ചിത്രാദുർഗ ജില്ലയിലെ ദോഡാസിദ്ദവ്വനഹള്ളിയിലെ ഉള്ളി കർഷകനായ മല്ലികാർജുനയാണ് ഒരു മാസത്തിനുള്ളിൽ കോടിപതിയായത്. വായ്പയെടുത്ത് വിളവിറക്കിയ 42കാരനായ മല്ലികാർജുന കടക്കെണിയിൽ പെട്ടിരിക്കവെയാണ് ഉള്ളിവില 200 കടന്നത്.
വായ്പയെടുത്ത് ഉള്ളി കൃഷി നടത്തിയത് വലിയ റിസ്കായിരുന്നു. വില തകരുകയോ മോശം വിളവ് ലഭിക്കുകയോ ചെയ്തിരുന്നെങ്കിൽ കടക്കെണിയിൽപ്പെടുമായിരുന്നു. പക്ഷേ ഉള്ളി ഇപ്പോൾ തന്‍റെ കുടുംബത്തിന്റെ ഭാഗ്യമായി മാറിയെന്ന് മല്ലികാർജുന പറയുന്നു.
ഉള്ളി വില 200നടുത്തെത്തിയ സമയത്ത് ഏകദേശം 240 ടൺ ഉള്ളിയാണ് മല്ലികാർജുന വിപണിയിലെത്തിച്ചത്. 15 ലക്ഷം രൂപ ഇറക്കി കൃഷി നടത്തിയ ഇയാൾ അഞ്ച് മുതൽ 10 ലക്ഷം വരെ ലാഭമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലാഭം അതിനപ്പുറം കടന്നു.
കടങ്ങളെല്ലാം വീട്ടി പുതിയ വീട് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് മല്ലികാർജുന. കൂടുതൽ കൃഷി ഭൂമി വാങ്ങണം, വരും വർഷങ്ങളിൽ കൃഷി വ്യാപിപ്പിക്കണമെന്ന ആഗ്രഹവും മല്ലികാർജുന പങ്കിട്ടു.
10 ഏക്കർ ഭൂമിയാണ് ഇയാൾക്ക് സ്വന്തമായുള്ളത്. മറ്റൊരു 10 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് ഉള്ളി കൃഷി ചെയ്തത്. കൂടാതെ 50 ഓളം പണിക്കാരും ഉണ്ടായിരുന്നു. 2004 മുതൽ ഉള്ളി കൃഷി ചെയ്തുവരുന്നയാളാണ് മല്ലികാർജുന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates