

ന്യൂഡൽഹി: ഡൽഹിയിൽ മോഷ്ടാക്കളുടെ കുത്തേറ്റ് 88 വയസുകാരി മരിച്ചു. മോഷണ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് വയോധിക ദാരുണമായി കൊല്ലപ്പെട്ടത്. വിദേശ കാര്യമന്ത്രാലയ ജീവനക്കാരനായിരുന്ന ബിആർ ചൗള (94)യുടെ ഭാര്യ കാന്ത ചൗള (88)യാണ് കൊല്ലപ്പെട്ടത്. സൗത്ത് വെസ്റ്റ് ഡൽഹിയിലെ സഫ്ദർജങ് എൻക്ലേവിലാണ് സംഭവം.
ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മോഷണ ശ്രമം തടാൻ ശ്രമിക്കുന്നതിനിടെ കാന്തയെ മൂർച്ചയുള്ള വസ്തു കൊണ്ട് മോഷ്ടാക്കൾ ആക്രമിച്ചത്. രണ്ട് മക്കളുടെയും മരണ ശേഷം ചൗളയും കാന്തയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ഇവരുടെ കെട്ടിടത്തിൽ ഈയടുത്ത് ജോലിക്കു ചേർന്ന സുരക്ഷാ ജീവനക്കാരനും രണ്ടോ മൂന്നോ കൂട്ടാളികളും ചേർന്നാണ് മോഷണത്തിനായ് ദമ്പതിമാരുടെ വീട്ടിൽ കടന്നതെന്ന് പൊലീസ് പറഞ്ഞു.
വീടിനുള്ളിൽ കടന്ന മോഷ്ടാക്കാൾ ദമ്പതിമാരെ കീഴ്‌പ്പെടുത്തുകയും സോഫയിൽ ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മോഷണ ശ്രമം തടയാൻ കാന്ത ശ്രമിക്കുന്നതിനിടെ മോഷ്ടാക്കളിൽ ഒരാൾ മൂർച്ചയേറിയ വസ്തുകൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ദമ്പതിമാരുടെ കിടപ്പു മുറിയിൽ കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കൊണ്ട് കടന്നു.
മോഷ്ടാക്കൾ പോയതിനു പിന്നാലെ വീടിനു പുറത്തെത്തിയ ചൗള വിവരം അയൽക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് കാന്തയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള സംഘങ്ങളെ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിലെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates