സിബിഐ മേധാവിക്കെതിരായ നടപടി : ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ ചേരിപ്പോരിനെ തുടർന്ന് ഡയറക്ടറെ മാറ്റിയതിനെതിരേയുള്ള ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റിസ് എസ്.കെ.കൗൾ, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. കേന്ദ്രസർക്കാർ നടപടിയെ ചോദ്യംചെയ്ത് സ്ഥാനഭ്രഷ്ടനായ അലോക് വർമ ഫയൽചെയ്ത ഹർജിയും സിബിഐയിലെ ഉന്നതോദ്യോഗസ്ഥർക്കെതിരേയുള്ള അഴിമതിയാരോപണം അന്വേഷിക്കാൻ പ്രത്യേകാന്വേഷണസംഘത്തെ നിയോഗിക്കണമെന്ന കോമണ്‍ കോസ് എന്ന സംഘടനയുടെ പൊതുതാത്പര്യ ഹർജിയുമാണ് കോടതി പരിഗണിക്കുന്നത്.
സിബിഐ ഡയറക്ടറെ നിയമിക്കാനും മാറ്റാനുമുള്ള അധികാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെട്ട സമിതിക്കാണ്. അത് ലംഘിച്ചാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെന്ന് അലോക് വര്‍മ്മയുടെ ഹര്‍ജിയില്‍ പറയുന്നു. സിബിഐ ഡയറക്ടറായി നിയമിച്ച് കഴിഞ്ഞാൽ മതിയായ കാരണങ്ങൾ ഇല്ലാതെ മാറ്റാനാകില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി നിര്‍ദ്ദേശം പോലും മറികടന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെന്നും അലോക് വര്‍മ്മയുടെ ഹര്‍ജിയില്‍ പറയുന്നു.
അതേസമയം സിബിഐ തലപ്പത്തെ അസ്വാഭാവിക സംഭവങ്ങള്‍ എസ്.ഐ.ടി. അന്വേഷിക്കണമെന്നാണ് അഡ്വ. പ്രശാന്ത് ഭൂഷണ്‍ വഴി കോമൺകോസ് നൽകിയ ഹര്‍ജിയിലെ ആവശ്യം. മോദിയുടെ ഇഷ്ടക്കാരനായ സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനക്കെതിരെ കൈക്കൂലി കേസിൽ നടപടിയെടുത്തതിന് അലോക് വര്‍മയെ ബലിയാടാക്കുകയായിരുന്നു.
അസ്താനയെ നിയമിക്കുന്നതിനെതിരേ വര്‍മ നിലപാടെടുത്തിരുന്നു. സി.ബി.ഐ. തന്നെ അന്വേഷിക്കുന്ന അഴിമതിക്കേസില്‍ അസ്താനയുടെ പേരുണ്ട്’ ഹര്‍ജിയില്‍ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. അലോക് വര്‍മയെ നീക്കിയത് ഡല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനും വിനീത് നരെയ്ന്‍ കേസിലെ സുപ്രീംകോടതി വിധിക്കുമെതിരാണ്. സി.ബി.ഐ. ഡയറക്ടറെ നിയമിക്കുന്ന പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുടെ അനുമതിയില്ലാതെയാണ് അദ്ദേഹത്തെ മാറ്റിയതെന്നും ഹര്‍ജിയില്‍ പറയുന്നു.ചേരിപ്പോര് രൂക്ഷമായതിനെത്തുടര്‍ന്ന് സി.ബി.ഐ. ഡയറക്ടര്‍ അലോക് വര്‍മയെയും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും നിര്‍ബന്ധ അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു.
നാഗേശ്വര്‍ റാവുവിന് സി.ബി.ഐ. ഡയറക്ടറുടെ ചുമതല നല്‍കിയതും ഹര്‍ജിയില്‍ ചോദ്യംചെയ്തു. റാവുവിനെതിരേ ഒരു ഓണ്‍ലൈന്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണ്. സി.ബി.ഐ.യുടെ ചെന്നൈ സോണില്‍ ജോയന്റ് ഡയറക്ടറായിരിക്കേ, റാവുവിനെതിരേ അലോക് വര്‍മ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്നും സുപ്രധാന കേസുകള്‍ അവിടെനിന്ന് ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നുവെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും പ്രശാന്ത് ഭൂഷൺ ഹര്‍ജിയിൽ പറയുന്നു.
ഗുജറാത്തിലെ സ്റ്റെര്‍ലിങ് ബയോടെക്കില്‍നിന്ന് കോഴ വാങ്ങിയതിന് മൂന്ന് ഉന്നത ആദായനികുതി ഉദ്യോഗസ്ഥര്‍ക്കെതിരേ സി.ബി.ഐ.യുടെ ഡല്‍ഹി ഘടകം കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 30-ന് കേസെടുത്തിരുന്നു. ഈ ആദായനികുതി ഉദ്യോഗസ്ഥര്‍ സന്ദേസര ഗ്രൂപ്പ് കമ്പനിയില്‍ 2011-ല്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത ഡയറിയില്‍, അന്ന് സൂറത്തിലെ പോലീസ് കമ്മിഷണറായിരുന്നു അസ്താനയുള്‍പ്പെടെയുള്ളവർക്ക് പണം നൽകിയതിന്റെ വിവരങ്ങളുണ്ട്. റഫാല്‍ ഇടപാടില്‍ ഉന്നതര്‍ക്കുള്ള പങ്കുസംബന്ധിച്ച് അലോക് വര്‍മയ്ക്ക് ഒക്ടോബര്‍ അഞ്ചിന് പരാതി ലഭിച്ചിരുന്നു. അസ്താനയ്ക്ക് കൈക്കൂലി നല്‍കിയതായി ഹൈദരാബാദിലെ വ്യവസായി സതീഷ് സന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരേ വര്‍മ കേസെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
