കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഇരിക്കൂർ പെരുമണ്ണിൽ 10 വിദ്യാർഥികൾ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 100 വർഷം കഠിനതടവും പത്തുലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മലപ്പുറം കോട്ടൂർ മണപ്പാട്ടിൽ ഹൗസിൽ അബ്ദുൾ കബീറിനെയാണ്(47) കോടതി ശിക്ഷിച്ചത്.
തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(ഒന്ന്) ജഡ്ജി പി എൻ വിനോദ് ആണ് ശിക്ഷ വിധിച്ചത്.
സ്‌കൂൾവിട്ടു വരികയായിരുന്ന പെരുമണ്ണ് ശ്രീനാരായണവിലാസം എൽ പി സ്‌കൂൾ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. 2008 ഡിസംബർ നാലിന് വൈകിട്ട് 4.15-നാണ് സംഭവം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304-ാം വകുപ്പ് പ്രകാരം(മനഃപൂർവമല്ലാത്ത നരഹത്യ) ഡ്രൈവർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ഒരു വിദ്യാർഥിയുടെ മരണത്തിന് പത്തുവർഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പ്രതിക്ക് പത്തുവർഷം വീതം 100 വർഷം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. അതിനാൽ പത്തുവർഷം കഠിനതടവ് അനുഭവിക്കണം. പത്തുലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ രണ്ടരവർഷം കൂടി തടവ് അനുഭവിക്കണം.
പിഴയടച്ചാൽ തുക മരിച്ച വിദ്യാർഥികളുടെ അവകാശികൾക്ക് നൽകണം. വിദ്യാർഥികളുടെ കുടുംബത്തിന് സഹായധനത്തിന് നിയമനടപടി സ്വീകരിക്കാം. നേരത്തേ സഹായം ലഭിച്ചിട്ടില്ലെങ്കിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നടപടി സ്വീകരിക്കണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. ഡ്രൈവർ അബ്ദുൾ കബീർ സംഭവദിവസം രാത്രി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates