

തിരുവനന്തപുരം: അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്ളാവസ് (Aspergillus flavus) ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാന്‍ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങുന്നു. ലോകത്ത് തന്നെ വളരെ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ രണ്ട് മസ്തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാള്‍ രക്ഷപ്പെടുന്നത് ഇതാദ്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ മൂന്ന് മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാര്‍ഥിയേയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. വിദ്യാര്‍ഥി പൂര്‍ണ ആരോഗ്യവാനാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ആഗോള തലത്തില്‍ 99 ശതമാനം മരണനിരക്കുള്ള രോഗത്തിനെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെയും ചികിത്സയിലൂടെയും 24 ശതമാനമാക്കി കുറയ്ക്കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അമീബിക് മസ്തിഷ്‌ക ജ്വര ചികിത്സയില്‍ കേരളം ഏറെ മുന്നിലാണ്. മികച്ച ചികിത്സയും പരിചരണവും ഒരുക്കി കുട്ടിയെ രക്ഷിച്ചെടുത്ത മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീമിനേയും രോഗം കൃത്യ സമയത്ത് കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ടീമിനേയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കുളത്തില്‍ മുങ്ങിക്കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുട്ടിയ്ക്ക് മസ്തിഷ്‌കജ്വരം ഉണ്ടാകുകയും അതിനെ തുടര്‍ന്ന് ബോധക്ഷയവും ഇടത് വശം തളരുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തി. ഉടന്‍ തന്നെ സംസ്ഥാന പ്രോട്ടോകോള്‍ പ്രകാരമുള്ള അമീബിക് മസ്തിഷ്‌കജ്വര ചികിത്സ ആരംഭിച്ചതോടെ തളര്‍ച്ചയ്ക്കും ബോധക്ഷയത്തിനും മാറ്റമുണ്ടായി. എങ്കിലും, കാഴ്ച മങ്ങുകയും തലച്ചോറിനകത്ത് സമ്മര്‍ദ്ദം കൂടുകയും പഴുപ്പ് കെട്ടുകയും ചെയ്തതിനെ തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മെഡിക്കല്‍ കോളേജില്‍ കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. എംആര്‍ഐ സ്‌കാനിംഗില്‍ തലച്ചോറില്‍ പലയിടത്തായി പഴുപ്പ് കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി പഴുപ്പ് നീക്കം ചെയ്തു. ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. രണ്ടാമത്തെ ശസ്ത്രക്രിയയില്‍ നീക്കം ചെയ്ത പഴുപ്പ് പരിശോധിച്ചപ്പോള്‍ ആസ്പര്‍ജില്ലസ് ഫ്ളാവസ് എന്ന ഫംഗസിന്റെ സാന്നിധ്യം കൂടി കണ്ടെത്തി. തുടര്‍ന്ന് മരുന്നുകളില്‍ മാറ്റം വരുത്തി വിദഗ്ധ ചികിത്സ തുടര്‍ന്നു. ഒന്നര മാസത്തോളം നീണ്ട ഈ തീവ്ര ചികിത്സയെ തുടര്‍ന്ന് രോഗം പൂര്‍ണമായും ഭേദമായി. രോഗം ഭേദമായതോടെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. മൂന്ന് മാസത്തെ കഠിനമായ പ്രയത്നത്തിനൊടുവില്‍ കുട്ടി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങി.
ഇത് ഏറെ സങ്കീര്‍ണമായ ഒരു അവസ്ഥയായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ശരിയായ രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞതും പിന്നീട് കൃത്യമായ സമയത്ത് ശസ്ത്രക്രിയകള്‍ ചെയ്തതും രോഗമുക്തിയില്‍ നിര്‍ണ്ണായകമായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തേതും (39) ഈ വര്‍ഷത്തേയുമായി (47) ആകെ 86 അമീബിക് മസ്തിഷ്‌ക ജ്വരം കേസുകളാണുള്ളത്. അതില്‍ 21 മരണങ്ങളാണ് ഉണ്ടായത്. അതായത് ലോകത്ത് 99 ശതമാനം മരണ നിരക്കുള്ള രോഗത്തിന് കേരളത്തിലെ നിരക്ക് 24 ശതമാനമാണ്. വികസിത രാജ്യങ്ങളുള്‍പ്പെടെ സര്‍വൈവല്‍ റേറ്റ് കുറവാണ്. കേരളത്തില്‍ കേസുകള്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടുപിടിക്കുകയും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നതിനാലാണ് മരണനിരക്ക് കുറഞ്ഞിരിക്കുന്നത്. പ്രത്യേക ഗൈഡ് ലൈന്‍ തയ്യാറാക്കുകയും മെഡിക്കല്‍ കോളേജുകളിലെ മൈക്രോബയോളജി ലാബുകളില്‍ പരിശോധനാ സംവിധാനമൊരുക്കുകയും സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഏത് തരം അമീബയാണെന്ന് കണ്ടെത്താനുള്ള സംവിധാം ഒരുക്കുകയും ചെയ്തു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ 30, 31 തിയതികളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിത കേരള മിഷനും മറ്റ് വകുപ്പുകളും ചേര്‍ന്ന് കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ന്യൂറോ സര്‍ജറി വിദഗ്ധനുമായ ഡോ. സുനില്‍ കുമാറാണ് ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത്. ന്യൂറോ സര്‍ജന്‍മാരായ ഡോ. രാജ് എസ്. ചന്ദ്രന്‍, ഡോ. ജ്യോതിഷ് എല്‍.പി., ഡോ. രാജാകുട്ടി, മെഡിസിന്‍, ഇന്‍ഫെക്ഷ്യസ് ഡിസീസസ്, മൈക്രോബയോളജി വിഭാഗങ്ങളും ചികിത്സയില്‍ പങ്കാളികളായി. രോഗം ആദ്യം കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ഷാനിമോളുടെ നേതൃത്വത്തിലുള്ള ടീം, മെഡിസിന്‍, ന്യൂറോളജി വിഭാഗങ്ങള്‍ എന്നിവരും പങ്കാളികളായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
