'വിഎസ്സിന് ചില സംശയങ്ങളുണ്ട്, ഒന്നു നേരിട്ടു കാണാമോ?', ഷാജഹാന്‍ ചോദിച്ചു, ആ ബന്ധം തുടങ്ങിയതങ്ങനെ; ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥ​ന്റെ ഓ‍ർമ്മകൾ

ഡി പി ഇ പി, ലോട്ടറി, ഫിഷറീസ് എന്നിവിടങ്ങളിൽ ഡയറക്ടറായിരുന്ന വി എസ് മുഖ്യമന്ത്രിയായിരിക്കെ നടന്ന മൂന്നാർ കൈയ്യേറ്റമൊഴിപ്പിക്കലിന് നേതൃത്വം നൽകിയ ഐ എ എസ് ഉദ്യോ​ഗസ്ഥനായിരുന്ന കെ സുരേഷ്കുമാർ അഴിമതിവിരുദ്ധ പോരാട്ടങ്ങളിലൂടെയാണ് വി എസ് അച്യുതാനന്ദൻ എന്ന പ്രതിപക്ഷനേതാവി​ന്റെ ശ്രദ്ധയിൽ എത്തുന്നത്. സുരേഷ് കുമാർ എഴുതുന്ന ആത്മകഥയിലെ ഒരു അദ്ധ്യായമാണ് കേരളത്തിലെ ഏറ്റവും വലിയ നിയമപോരാട്ടങ്ങളിലൊന്നായി മാറിയ അന്യസംസ്ഥാന, ഓൺലൈൻ ലോട്ടറികൾക്കെതിരെ നടത്തിയ നിയമയുദ്ധം. അതേക്കുറിച്ചും വി എസ്സിനെ ആദ്യം കണ്ടതിനെ കുറിച്ചും അദ്ദേഹം എഴുതുന്നു.
VS, k Suresh kumar
VS with fuctonaries of malayalam mission new delhi , k suresh kumar -Memories of an IAS officer who worked with V S , the opposition leader who became a movementfile
Updated on
5 min read

ലോട്ടറി ഡയറക്ടർ ആയിരിക്കെ അന്യ സംസ്ഥാന ലോട്ടറികൾക്കും ഓൺലൈൻ ലോട്ടറികൾക്കുമെതിരെയുള്ള നിയമ യുദ്ധത്തിനിടയിലാണ് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനുമായി പരിചയപ്പെടാൻ എനിക്ക് അവസരമുണ്ടാകുന്നത്. സാന്റിയാഗോ മാർട്ടിൻ ഉൾപ്പെടെയുള്ള ലോട്ടറി മാഫിയ നിയമവിരുദ്ധമായി സ്വയം ലോട്ടറി ടിക്കറ്റുകൾ പ്രിന്റ് ചെയ്തു കേരളത്തിലുടനീളം വിൽക്കുകയും പല തരം കൃത്രിമങ്ങളിലൂടെ കേരളീയരെ കബളിപ്പിച്ചു വരികയുമായിരുന്നു. രണ്ടു വർഷം കൊണ്ട് 16,000 കോടി രൂപയുടെ വിൽപ്പന നികുതിയാണ് അവർ വെട്ടിച്ചിരുന്നത്.

ഇവർക്കെതിരെ ലോട്ടറി ഡയറക്ടർ എന്ന നിലയിൽ ഞാൻ എടുത്ത നടപടികളെ ചോദ്യം ചെയ്തുകൊണ്ട് അവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ അവസരത്തിലാണ് വിഎസ്സിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാൻ ലോട്ടറി കേസുകളുടെ രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് ലോട്ടറി ഡയറക്ടറേറ്റിൽ എത്തുന്നത്.

പ്രതിപക്ഷ നേതാവ് രേഖാമൂലം ആവശ്യപ്പെട്ടപ്പോൾ രേഖകൾ കൊടുത്തു. എന്നാൽ, രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഈ വിഷയത്തെക്കുറിച്ച്‌ വി എസ്സിന് ചില സംശയങ്ങൾ ഉണ്ടെന്നും അവ ദൂരീകരിക്കാൻ കന്റോൺമെന്റ് ഹൗസിൽ വന്ന് പ്രതിപക്ഷനേതാവിനെ നേരിട്ടു കാണാമോ എന്നും ഷാജഹാൻ ചോദിച്ചു. പൊതുവേ രാഷ്ട്രീയക്കാരിൽ നിന്ന് കഴിയുന്നത്ര അകലം പാലിക്കുന്നതായിരുന്നു എന്റെ രീതി. എങ്കിലും വി എസ് എന്ന 'പ്രതിഭാസത്തെ' നേരിട്ടു കാണാനുള്ള ഈ അവസരം നഷ്ടപ്പെടുത്തേണ്ട എന്നു കരുതി ഞാൻ ആ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചു.

VS, k Suresh kumar
'എനിക്കൊരു കണ്ടീഷനുണ്ട്, സ്റ്റേറ്റ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കണം'; വിഎസിന് മുന്നില്‍ തോറ്റ പാര്‍ട്ടി
k Suresh kumar
k Suresh kumarfile

അഴിമതിക്കെതിരെയുള്ള വി എസ്സിന്റെ പല യുദ്ധങ്ങളെക്കുറിച്ചും പത്രങ്ങളിൽ വന്നിരുന്ന വാർത്തകൾ ഞാൻ വായിച്ചിട്ടുണ്ടായിരുന്നു, പ്രത്യേകിച്ച് ആ‍ർ ബാലകൃഷ്ണപിള്ള, ടി എം ജേക്കബ് എന്നിവർക്കെതിരെയുള്ളവ. ലോട്ടറി കഥയിലെ അഴിമതി ആംഗിൾ ആയിരിക്കും വി എസ്സിന് അറിയേണ്ടത് എന്നാണ് ഞാൻ കരുതിയത്. അങ്ങനെ കരുതാൻ കാരണമുണ്ടായിരുന്നു .

ലോട്ടറി യുദ്ധം ആരംഭിച്ചപ്പോൾ ധനകാര്യമന്ത്രിയായിരുന്ന ശങ്കരനാരായണൻ ആദ്യമൊക്കെ ഞങ്ങൾക്കൊപ്പമായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് അദ്ദേഹത്തിന്റെ നിലപാടിൽ കലർപ്പുകളുണ്ടായി. ഒരിക്കൽ എന്നെ ഔദ്യോഗിക മന്ത്രി മന്ദിരമായ റോസ് ഹൗസിലേക്ക് അദ്ദേഹം വിളിച്ചുവരുത്തി. അവിടെ വച്ച് അദ്ദേഹത്തിന്റെ 'ആത്മാർത്ഥ സുഹൃത്തായ' സാന്റിയാഗോ മാർട്ടിനെ നേരിട്ട് പരിചയപ്പെടുത്തുകയുമുണ്ടായി. ഏതായാലും ശങ്കരനാരായണൻ ലോട്ടറി സംസ്ഥാനമായിരുന്ന അരുണാചൽ പ്രദേശിലേക്ക് ഗവർണർ ആയി പോയതിനു പിന്നിൽ സാന്റിയാഗോ മാർട്ടിന്റെ ശ്രമങ്ങളുണ്ടായിരുന്നു എന്ന കിംവദന്തി ഞാൻ തള്ളിക്കളഞ്ഞില്ല.

ആദ്യ കൂടിക്കാഴ്ചയും അത്ഭുതപ്പെടുത്തിയ ചോദ്യവും

കന്റോൺമെന്റ് ഹൗസിൽ വിഎസ്സുമായുള്ള ഒന്നര മണിക്കൂറിലധികം നീണ്ട ആദ്യ കൂടിക്കാഴ്ചയിൽ ലോട്ടറിയിലെ അഴിമതിയെകുറിച്ചു ഒരു വാക്കുപോലും വി എസ് എന്നോട് ചോദിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. മറിച്ച് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത് മറ്റൊരു കാര്യമായിരുന്നു. എങ്ങനെയാണ് ഒരു സാധാരണക്കാരൻ ലോട്ടറി 'അടിമയായി മാറുന്നത്?

ആറു മാസങ്ങൾക്കുള്ളിൽ 125 ആത്മഹത്യകളാണ് അന്ന് കേരളത്തിൽ ലോട്ടറിയുമായി ബന്ധപ്പെട്ടുണ്ടായത്. ആത്മഹത്യ ചെയ്തവരിൽ നല്ലൊരു ശതമാനം ചുമട്ടു തൊഴിലാളികളും ഓട്ടോറിക്ഷാ ഡ്രൈവർമാരുമായിരുന്നു. ഇവരെങ്ങനെയാണ് കടക്കെണിയിൽ പെട്ട് ആത്മഹത്യയിലേക്കു നീങ്ങുന്നത് എന്നാണ് വി എസ്സിന് അറിയേണ്ടിയിരുന്നത്.

ലോട്ടറി ടിക്കറ്റുകൾ വാങ്ങാനുള്ള ആസക്തി സൃഷ്ടിക്കാനുള്ള പല ഘടകങ്ങളും ( addictive elements) സാന്റിയാഗോ മാർട്ടിന്റെ ലോട്ടറികളിൽ ഉണ്ടായിരുന്നു. ഞാൻ ഇവ വി എസ്സിന് വിശദീകരിച്ചു കൊടുത്തു. 500 രൂപ, 1000 രൂപ, 2000 രൂപ മുതലായ ചെറു സമ്മാനങ്ങൾ ധാരാളമായി മാർട്ടിൻ ഏർപ്പെടുത്തിയിരുന്നത് ബോധപൂർവമായിരുന്നു. രണ്ടു-മൂന്നു മാസം കഴിയുമ്പോൾ ഒരാൾ തിരിച്ചറിയുന്നത് താൻ ഈ കാലയളവിൽ പതിനായിരത്തിലധികം രൂപയ്ക്ക് ടിക്കറ്റ് വാങ്ങിയപ്പോൾ സമ്മാനമായി കിട്ടിയാൽ തന്നെ അവ പൊതുവിൽ വെറും മൂവായിരം രൂപയിൽ താഴെ മാത്രമായിരുന്നു എന്നാണ്. നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാൻ വീണ്ടും വീണ്ടും ടിക്കറ്റ് എടുക്കുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ല. അങ്ങനെയാണ് ഭാര്യയുടെ സ്വർണവും പിന്നെ സ്വന്തം ഓട്ടോറിക്ഷയും പണയപ്പെടുത്തിയും പിന്നീട് അവ വിറ്റും ടിക്കറ്റ് വാങ്ങുന്നത്. ഒടുവിൽ കടക്കെണിയിൽ പെട്ട ഈ വ്യക്തിക്ക് ആത്മഹത്യയല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്ന അവസ്ഥയിലെത്തുന്നു.

വി എസ് ശ്രദ്ധാപൂർവം എന്റെ വിവരണം കേട്ടിരുന്നു. കരുനാഗപ്പള്ളിയിലെ ഒരു ഓട്ടോഡ്രൈവർ സ്വന്തം ഭാര്യയും രണ്ടു കുട്ടികളുമൊത്തു ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടപ്പോൾ കട്ടിലിന്റെ കീഴിൽ നിന്ന് പൊലീസ് കണ്ടെടുത്തത്‌ മൂന്നു ചാക്ക് നിറയെ പഴയ ലോട്ടറി ടിക്കറ്റുകൾ ആയിരുന്നു. ഈ കഥയുടെ വിശദാംശങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ വി എസ്സിന്റെ ശബ്ദത്തിൽ ഒരു പതറിച്ച ഉണ്ടായിരുന്നോ? എനിക്കു തോന്നിയതാണോ? വി എസ് കഠിനഹൃദയനും കർക്കശക്കാരനും ആണെന്നാണ് ഞാൻ കേട്ടിരുന്നത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു വശം മനസ്സിലാക്കാൻ എനിക്ക് അവസരം ലഭിക്കുകയായിരുന്നു.

VS, k Suresh kumar
'വയ്യാതാകുമ്പോള്‍ ഒരു തുണ നല്ലതല്ലേ?'; മൂഹൂര്‍ത്തമില്ല, ആഭരണാലങ്കാരങ്ങളും ഇല്ലാതെ വിഎസ് വസുമതി വിവാഹം
K Suresh Kuamr, Raju Narayana Swamy, Rishiraj Sing during munnar operation
K Suresh Kuamr, Raju Narayana Swamy, Rishiraj Sing during munnar operationfile

നിയമയുദ്ധത്തിലേക്കിറങ്ങിയ വി എസ്

ലോട്ടറി യുദ്ധം തുടർന്നു. നിയമ വിരുദ്ധ അന്യ സംസ്ഥാന ലോട്ടറികളുടെയും ഓൺലൈൻ ലോട്ടറികളുടെയും വിൽപ്പന തടഞ്ഞ ലോട്ടറീസ് ഡയറക്ടറുടെ നടപടി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ശരി വെച്ചു. അപ്പീലിൽ ഡിവിഷൻ ബെഞ്ചിന്റെ മുൻപിൽ ലോട്ടറിക്കാർക്കു വേണ്ടി വാദിക്കാനെത്തിയത് മുകുൾ റോത്ത​ഗി, ദുഷ്യന്ത് ദവെ, പി ചിദംബരം, എം കെ ദാമോദരൻ തുടങ്ങിയ വമ്പന്മാരടങ്ങിയ നിരയായിരുന്നു. മറുവശത്തു ലോട്ടറി ഡയറക്ടർക്കു വേണ്ടി സീനിയർ ഗവണ്മെന്റ് പ്ലീഡറായിരുന്ന അജിത് പ്രകാശ് മാത്രം. അജിത്തിന്റെ ശക്തമായ വാദം കേട്ട ശേഷം ഡിവിഷൻ ബെഞ്ചും ലോട്ടറിക്കാർക്കെതിരായി വിധിക്കുകയാണുണ്ടായത്.

ശങ്കരനാരായണൻ അരുണാചൽ പ്രദേശ് ഗവർണ്ണർ ആയി പോയപ്പോൾ സ്പീക്കർ ആയിരുന്ന വക്കം പുരുഷോത്തമൻ ധനകാര്യ മന്ത്രിയായി. പ്രകടമായും ലോട്ടറിക്കാർക്ക് അനുകൂലമായ നിലപാടായിരുന്നു വക്കത്തിന്റേത്. കാരണം മറ്റൊന്നുമല്ല - മകൻ ബിജു പുരുഷോത്തമൻ സാന്റിയാഗോ മാർട്ടിന്റെ ലോട്ടറികളുടെ സംസ്ഥാനത്തെ ചീഫ് സ്റ്റോക്കിസ്റ്റ് ആയിരുന്നു.

VS, k Suresh kumar
'ലാല്‍സലാം, സഖാവേ'; കേരളം നെഞ്ചേറ്റിയ ജനകീയ നേതാവിനു വിട, വിഎസ് അന്തരിച്ചു

സാന്റിയാഗോ മാർട്ടിന്റെ പാലക്കാട്ടെ കുന്നത്തൂർമേട്ടിലെ ഗോഡൗൺ ലോട്ടറി വകുപ്പുദ്യോഗസ്ഥർ റെയ്ഡ് ചെയ്‌തു. അതേ സമയം തന്നെ കുമിളിയിലെയും കളിയിക്കാവിളയിലെയും ഗോഡൗണുകൾ റെയ്ഡ് ചെയ്തു 370 കോടി രൂപയുടെ വ്യാജ ലോട്ടറി ടിക്കറ്റുകൾ പിടിച്ചെടുത്തു. രണ്ടു ദിവസത്തിനകം ലോട്ടറി ഡയറക്ടർ സ്ഥാനത്തു നിന്നും എന്നെ മാറ്റി. ശാസ്ത്ര സാങ്കേതിക വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായിട്ടാണ് പിന്നെ നിയമനം ലഭിച്ചത്.

ലോട്ടറിക്കേസുകൾ സുപ്രീം കോടതിയിലെത്തി. എല്ലാ കേസുകളിലും വി എസ് വ്യക്തിപരമായി കക്ഷി ചേർന്നു. ഇതിനുള്ള സാമ്പത്തിക ചെലവ് വി എസ് തന്റെ തുച്ഛമായ ടി എ യിൽ നിന്നും മറ്റുമാണ് വഹിച്ചത്. കോൺഗ്രസ്സുകാരനായ അഡ്വ അജിത് പ്രകാശും അജിത്തിൻ്റെ സുഹൃത്തായ അഡ്വ അനിലുമാണ് വി എസ്സിന്റെ സുപ്രീം കോടതി വക്കീലന്മാരെ ബ്രീഫ് ചെയ്തത്. അജിത്തും അനിലും ഇതിനകം വി എസ്സിന്റെ വിശ്വസ്തരായി മാറിയിരുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പിൽ വലിയ ജോലിത്തിരക്കില്ലാതിരുന്നതിനാൽ പലപ്പോഴും ഞാനും കൂടി.

VS: 'friendly neighborhood policeman'

വി എസ്സിന്റെ ലോട്ടറി കേസുകളുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് ഹൗസിൽ പോകുമ്പോൾ ആണ് ഷാജഹാൻ, ഹരിലാൽ, ശക്തിധരൻ, ജോസഫ് മാത്യു, ഹിന്ദുവിലെ വേണു മുതലായവരെ അവിടെ വച്ച് പരിചയപ്പെടുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സ്ത്രീകളുടെ സുരക്ഷയുമായും പാരിസ്ഥിതിക വിഷയങ്ങളുമായും മറ്റും ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും പൗരസമിതികളുടെയും പ്രതിനിധികളും ഈ ഘട്ടത്തിൽ കന്റോൺമെന്റ് ഹൗസിലെ സ്ഥിരം സന്ദർശകരായിരുന്നു. ഇവർ കൊണ്ടുവരുന്ന വിഷയങ്ങളിൽ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഇടപെടുന്ന രീതി നേരിട്ട് കാണാനും മനസ്സിലാക്കാനും ഈ കന്റോൺമെന്റ് ഹൗസ് സന്ദർശനങ്ങൾ എനിക്ക് അവസരം നൽകി.

നിവേദകരുമായുള്ള ആദ്യ ബന്ധപ്പെടൽ ഷാജഹാന്റെ ചുമതലയായിരുന്നു. അവർ കൊണ്ടുവരുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഷാജഹാൻ തയ്യാറാക്കുന്ന കുറിപ്പുമായിട്ടാണ് വി എസ്സിനെ കാണുന്നത്. വിഷയം വിഎസ് സൂക്ഷ്മമായി ഇവരോടു തന്നെ ചോദിച്ചു മനസ്സിലാക്കിയ ശേഷം ഞങ്ങളുടെയൊക്കെ അഭിപ്രായങ്ങൾ കേട്ടിരുന്നു എങ്കിലും പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ പ്രതികരണം എങ്ങനെയാകണം എന്നു അന്തിമമായി തീരുമാനിച്ചിരുന്നത് വി എസ് തന്നെയായിരുന്നു. നിന്നനിൽപ്പിൽ സ്ഥലം സന്ദർശനം, പത്ര സമ്മേളനം വിളിച്ചുകൂട്ടൽ, പ്രസ് റിലീസ് ഇറക്കൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ചു ശാസിക്കൽ, ദേശാഭിമാനിയിലെ 'നേർക്ക് നേർ' കോളത്തിലെഴുതൽ മുതലായി പല തരത്തിലായിരുന്നു വി എസ്സിന്റെ പ്രതികരണം.

വളരെ പെട്ടെന്നു തന്നെ പൊതു വിഷയങ്ങളിൽ ശക്തമായി ഇടപെടുന്ന ഒരു പ്രസ്ഥാനമായി പ്രതിപക്ഷനേതാവ് മാറി. ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും പോയി സങ്കടങ്ങൾ പറയാവുന്ന, പ്രാപ്യനായ, ഹിന്ദുവിലെ വേണുവിന്റെ വാക്കുകളിൽ 'friendly neighbourhood  policeman' ആയി വി എസ് മാറുകയായിരുന്നു.

വി എസ് അടിച്ച ആണി

സുപ്രീം കോടതിയിൽ നടന്നു വന്നിരുന്ന ലോട്ടറി കേസുകളിൽ ഒന്നിൽ അപ്രതീക്ഷിതമായി ലോട്ടറിക്കാർക്കനുകൂലമായ ഒരിടക്കാല ഉത്തരവുണ്ടായി. ലോട്ടറിക്കാർക്കെതിരെയുള്ള ക്രിമിനൽ കേസുകളെടുക്കുന്നതാണ് സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തത്. സ്റ്റേ നിലനിൽക്കേ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ നടപടികൾ (contempt proceedings) ഉണ്ടാകണമെന്ന ദുരുദ്ദേശത്തോടെ മലപ്പുറത്തെ ഒരു ലോട്ടറി വില്പനക്കാരനെതിരെ ലോട്ടറി മാഫിയയുടെ ഒത്താശയോടെ പൊലീസ് ഒരു എഫ് ഐ ആ‍ർ രജിസ്റ്റർ ചെയ്‌തു. മിന്നൽ വേഗത്തിലായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. ചീഫ് സെക്രട്ടറി ആയിരുന്ന ബാബു ജേക്കബിനേയും ഡിജിപി ഹോർമീസ് തരകനേയും സുപ്രീം കോടതി നേരിട്ടു വിളിച്ചു വരുത്തി ശാസിച്ചു. 'ഇനി മേലിൽ നിയമ വിരുദ്ധമായ ലോട്ടറിക്കാർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യില്ല' എന്ന ഒരു സത്യവാങ്മൂലം ബാബു ജേക്കബും ഹോർമീസ് തരകനും സംയുക്തമായി സുപ്രീം കോടതിയിൽ ഫയൽ ചെയ്തു.

ഇതു സംബന്ധിച്ചു വിവരം ലഭിച്ച ഉടൻ തന്നെ വി എസ് എന്നെയും അജിത്തിനെയും (അഡ്വ. അജിത് പ്രകാശ്) വിളിച്ചു വരുത്തി. "കേന്ദ്ര ലോട്ടറി നിയമം ലംഘിച്ചു നടത്തുന്ന ലോട്ടറികൾ വിൽക്കുന്നത് പരാതികൂടാതെ തന്നെ കേസെടുക്കേണ്ട ഗുരുതരമായ കുറ്റമാണെന്നല്ലേ നിങ്ങൾ പറഞ്ഞിരുന്നത്?" വി എസ് ചോദിച്ചു. "അതെ. നിയമ വിരുദ്ധ ലോട്ടറികൾ വിൽക്കുന്നത് കൊലപാതകം, ബലാത്സംഗം മുതലായ കുറ്റങ്ങളെ പ്പോലെ cognizible offence തന്നെയാണ്", ഞങ്ങൾ മറുപടി നൽകി. "അങ്ങനെയാണെങ്കിൽ നാളെ മുതൽ കൊലപാതകം, ബലാത്സംഗം എന്നിവ നടന്നാൽ ഞങ്ങൾ കേസെടുക്കില്ല എന്ന് പറയുന്നതിന് തുല്യമല്ലെ സുപ്രീം കോടതിയിൽ ഫയൽ ചെയ്യപ്പെട്ട സത്യവാങ്മൂലം? ഒരു സംസ്ഥാന സർക്കാരിന് അങ്ങനെ ഒരുനിലപാടെടുക്കാൻ സാധിക്കുമോ? അത്തരത്തിലുള്ള ഒരു സത്യവാങ്‌മൂലം സുപ്രീം കോടതി സ്വീകരിക്കുന്നതും നിയമ വിരുദ്ധമല്ലേ?" വി എസ് ചോദിച്ചപ്പോൾ ഞങ്ങൾ ഞെട്ടിത്തരിച്ചു പോയി. ആറാം ക്ലാസ്സുവരെ മാത്രം ഔപചാരിക വിദ്യാഭ്യാസം ലഭിച്ച ഈ മനുഷ്യന്റെ legal acumen ഞങ്ങളെ അത്ഭുതപ്പെടുത്തി.

വി എസ്സ് ഉടൻ തന്നെ കർമ്മനിരതനായി. സുപ്രീം കോടതിയിലെ വി എസ്സിന്റെ വക്കീലുമായി ഫോണിൽ ബന്ധപ്പെട്ടു സമർപ്പിക്കേണ്ട സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകി. 'ഭരണഘടനാപരമായും നിയമപരവുമായി മാത്രമേ പ്രവർത്തിക്കൂ" എന്നൊരു ഭാഗം മന്ത്രിമാരുടെ സത്യപ്രതിജ്ഞയിലുള്ളതു കൊണ്ട് സുപ്രീം കോടതിയിൽ സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലം സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഗവർണർക്ക് കൊടുക്കേണ്ട നിവേദനം ഉടൻ തയ്യാറാക്കാൻ ഞങ്ങൾക്ക് നിർദ്ദേശം കിട്ടി. ഒപ്പം വൈകുന്നേരം വിളിച്ചുകൂട്ടേണ്ട പത്രസമ്മേളനത്തിൽ വിതരണം ചെയ്യേണ്ട കുറിപ്പും.

ലോട്ടറി യുദ്ധത്തിൽ അന്തിമ വിജയം വി എസ്സി​ന്റേതു തന്നെയായിരുന്നു. 2004-ൽ വി എസ്സ് അടിച്ച ആണി 21 വർഷം കഴിഞ്ഞിട്ടും സാന്റിയാഗോ മാർട്ടിനും കൂട്ടർക്കും ഊരാൻ സാധിച്ചിട്ടില്ല. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലുടനീളം ഇന്നും അന്യസംസ്ഥാനങ്ങളുടെ പേരിലുള്ള വ്യാജ ലോട്ടറി വില്പനയില്ല. ഇന്ത്യയിലൊരിടത്തും ഓൺ ലൈൻ ലോട്ടറികളും ഇല്ല. ഇതിന്റെ ക്രെഡിറ്റ് വി എസ്സിനു മാത്രം അവകാശപ്പെട്ടതാണ്.

Summary

Kerala news: Memories of K Suresh Kumar, IAS officer who worked with V.S. Achuthanandan, the opposition leader who became a movement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com