'ലാല്‍സലാം, സഖാവേ'; കേരളം നെഞ്ചേറ്റിയ ജനകീയ നേതാവിനു വിട, വിഎസ് അന്തരിച്ചു

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വിഎസിന്റേത്.
VS Achuthanandan
VS Achuthanandanഫയല്‍ ഫോട്ടോ
Updated on
2 min read

തിരുവനന്തപുരം: ചുവപ്പിന്റെ കരുത്തും സമരയൗവനുമായി നിറഞ്ഞുനിന്ന വിപ്ലവത്തിന്റെ കെടാത്തിരി വിഎസ് അച്യുതാനന്ദന്‍ വിടവാങ്ങി. 102 വയസ്സായിരുന്നു. വിഎസിന്റെ മരണത്തോടെ, സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരുന്ന അവസാനത്തെയാളും ഓര്‍മയായി. പോരാട്ടത്തിന്റെ മറുപേരായ വിഎസ് എന്നും സാധാരണക്കാരുടെ പ്രിയ സഖാവായിരുന്നു. ഉച്ചയ്ക്ക് 3.20നായിരുന്നു അന്ത്യം

കഴിഞ്ഞ 23നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവഗുരുതമാണെന്നറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവര്‍ ആശുപത്രിയിലെത്തി വിഎസിനെ സന്ദര്‍ശിച്ചിരുന്നു.

വിഎസിന്റെ മരണത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു തലമുറയാണ് അവസാനിക്കുന്നത്. ജീവിത പ്രയാസങ്ങളുടെ കനല്‍വഴി താണ്ടിയാണ് വിഎസ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായത്. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വിഎസിന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വിഎസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്. ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങള്‍ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്.

VS Achuthanandan
'എനിക്കൊരു കണ്ടീഷനുണ്ട്, സ്റ്റേറ്റ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കണം'; വിഎസിന് മുന്നില്‍ തോറ്റ പാര്‍ട്ടി

ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നാണ് വിഎസിന്റെ ജനനം. ചെറുപ്പം മുതല്‍ ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയുമെല്ലാം കൂടെയുണ്ടായിരുന്നു. നാലാംവയസ്സില്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതോടെ പന്ത്രണ്ടാം വയസ്സില്‍ ജ്യേഷ്ഠന്‍ ഗംഗാധരന്റെ തയ്യല്‍ക്കടയില്‍ സഹായിയായി. പിന്നീട് ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായ വിഎസ് 1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി.

VS Achuthanandan
ഒരേ ഒരു ജനകീയ നേതാവ്; വിഎസിന്റെ രാഷ്ട്രീയ ജീവിതം

1940 ല്‍ 17-ാം വയസ്സില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ വിഎസ് പിന്നീട് സിപിഎം കെട്ടിപ്പടുക്കുന്നതിലും അതിനെ വലിയ രാഷ്ട്രീയ ശക്തിയാക്കി ഉയര്‍ത്തിയെടുക്കുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചു. 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച 32 പേരില്‍ ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവായിരുന്നു വിഎസ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും ഉയര്‍ന്നു. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും കയര്‍ത്തൊഴിലാളികളുടെ സമരത്തിനു നേതൃത്വം നല്‍കുന്നതിനും തന്റെ കൗമാരവും യൗവ്വനവും അദ്ദേഹം ഉപയോഗിച്ചു.

പുന്നപ്ര വയലാര്‍ സമര ഘട്ടത്തില്‍ തന്നെ ശ്രദ്ധേയനായിരുന്നു വി എസ്. ആ കാലത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന വിലപ്പെട്ട കണ്ണിയാണ് ആ ജീവിതം. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം തീവ്രമായ സമരോത്സുകത പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം അടക്കമുള്ള മേഖലകളില്‍ ആ സമരോത്സുകത പടര്‍ന്നു.തന്റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും വലിയ നഷ്ടമാണ് വിഎസിന്റെ മരണത്തിലൂടെയുണ്ടാകുന്നത്.

വിഎസ് അച്യുതാനന്ദൻ: ജീവിതരേഖ

ജനനം: 1923 ഒക്‌ടോബർ 20

അച്‌ഛൻ: നോർത്ത് പുന്നപ്ര വെന്തലത്തറ വീട്ടിൽ ശങ്കരൻ.

അമ്മ: അക്കമ്മ.

വിദ്യാഭ്യാസം: പറവൂർ, കളർകോട്, പുന്നപ്ര സ്‌കൂളുകളിൽ ഏഴാം ക്ലാസ് വരെ.

നാലാംവയസ്സില്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചു.

പന്ത്രണ്ടാം വയസ്സില്‍ ജ്യേഷ്ഠന്‍ ഗംഗാധരന്‍റെ ഒപ്പം തയ്യല്‍ക്കടയില്‍ സഹായിയായി.

ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായി.

1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു സ്വതന്ത്ര്യസമരത്തിന്‍റെ ഭാഗമായി.

1940 ല്‍ പതിനേഴാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം.

1946 ഒക്ടോബര്‍ 28 ന് പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ ഭാഗമായി പൊലീസിന്റെ പിടിയിലായി. പൂഞ്ഞാര്‍ ലോക്കപ്പില്‍ കൊടിയ മര്‍ദനം ഏറ്റു. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു.

1952ൽ പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറി.

1956 മുതല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി

1957 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.

1958 ല്‍ പാര്‍ട്ടിയുടെ കേന്ദ്രസമിതി അംഗം.

1963 ല്‍ ചൈനീസ് ചാരന്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വര്‍ഷം നീണ്ട ജയില്‍വാസം.

1964 ല്‍ പാര്‍ട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) രൂപീകരിച്ച 32 അംഗങ്ങളില്‍ ഒരാളായി.

1965 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയില്‍നിന്ന് ആദ്യമായി സ്ഥാനാര്‍ഥിയായി. കോണ്‍ഗ്രസിലെ കെ.കൃഷ്ണക്കുറുപ്പിനോടു തോറ്റു.

1967 ലെ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.അച്യുതനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.

1970 ല്‍ അമ്പലപ്പുഴയിൽനിന്നു നിയമസഭയിലേക്ക് തെരിഞ്ഞെടുക്കപ്പെട്ടു. ആര്‍എസ്പിയുടെ കുമാരപിള്ളയെയാണ് തോൽപിച്ചത്.

1975 ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് 20 മാസം ജയില്‍ വാസം.

1977 ലെ അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയില്‍ ആര്‍എസ്പിയുടെ കുമാരപിള്ളയോടു പരാജയപ്പെട്ടു.

1980 മുതല്‍ 1992 വരെ തുടര്‍ച്ചയായി സിപിഎം സംസ്ഥാന സെക്രട്ടറി. 1985 ല്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം. 1991 ല്‍ മാരാരിക്കുളത്ത് മത്സരിച്ചു. കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്ക് തോല്‍പിച്ചുകൊണ്ടായിരുന്നു വിഎസിന്‍റെ പാര്‍ലമെന്‍ററി രംഗത്തേക്കുള്ള തിരിച്ചുവരവ്. 1996 ലെ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടു. 2001 ല്‍ മലമ്പുഴ മണ്ഡലത്തില്‍നിന്ന് വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി. 2006 ല്‍ മലമ്പുഴയില്‍നിന്ന് 20,017 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ വിഎസ് അച്യുതാനന്ദന്‍ കേരളത്തിന്‍റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി. 2011 ലും 2016 ലും വിഎസിന്‍റെ മണ്ഡലം മലമ്പുഴ തന്നെയായിരുന്നു. ഇരുവട്ടവും മണ്ഡലത്തിലെ വോട്ടര്‍മാര്‍ അദ്ദേഹത്തെ പിന്തുണച്ചു. 2011-2016 ൽ പ്രതിപക്ഷ നേതാവായി. 2016 ഓഗസ്റ്റ് 9 മുതല്‍ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷൻ. ദേശാഭിമാനിയുടെ പത്രാധിപരായി ഏഴു വര്‍ഷം പ്രവര്‍ത്തിച്ചു. മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക പ്രസിദ്ധീകരണമായിരുന്ന ചിന്തയുടെ പത്രാധിപരായിരുന്നു ദീര്‍ഘകാലം. ഭാര്യ: വസുമതി. മക്കൾ: ഡോ. വി.വി. ആശ, വി.എ. അരുൺകുമാർ

Summary

Kerala News: Former Kerala chief minister VS Achuthanandan passed away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com