

തിരുവനന്തപുരം: കേരളത്തിന്റെ കണ്ണും കരളുമായിരുന്നു സഖാവ് വിഎസ്. ആധുനിക കേരള ചരിത്രത്തിനൊപ്പം ഒരുനൂറ്റാണ്ട് നീണ്ട വിഎസിന്റെ രാഷ്ട്രീയ- സാമൂഹിക പോരാട്ടങ്ങള്‍ എന്നും ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കും. ഉയര്‍ച്ചകള്‍ക്കൊപ്പം തളര്‍ച്ചകളും സമന്വയിക്കുന്നതായിരുന്നു വിഎസിന്റെ രാഷ്ട്രീയ ജീവിതം. ഇപ്പോഴും സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവ്. മൂന്ന് തവണ പ്രതിപക്ഷ നേതാവ്, മൂന്ന് തവണ പാര്‍ട്ടി സെക്രട്ടറി, ഒരുവട്ടം കേരള മുഖ്യമന്ത്രി. അതിനുമപ്പുറം തെളിമായര്‍ന്ന സംശുദ്ധ രാഷ്ട്രീയത്തിന്റെ കാവല്‍ക്കാരനായിരുന്നു വിഎസ്. കാലത്തിനുചേര്‍ന്ന ലക്ഷ്യബോധവും രാഷ്ട്രീയ ജാഗ്രതയും നിലപാടുകളുടെ തലപ്പൊക്കവും കാത്തുസൂക്ഷിച്ചതോടെ എതിരാളികള്‍ക്കുപോലും പ്രിയപ്പെട്ട ജനനേതാവായി മാറി വിഎസ് അച്യുതാനന്ദന്‍.
പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ച 1964-ലെ ദേശീയകൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴ് നേതാക്കളില്‍ ഒരാളായിരുന്നു വിഎസ്. 1965 മുതല്‍ 2016വരെ നിരവധി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച വിഎസ് ജയപരാജയങ്ങളുടെ രുചിയറിഞ്ഞു. 2006 മുതല്‍ 2011വരെ കേരളത്തിന്റെ മുഖ്യമന്ത്രി. 2016ല്‍ കേവല ഭൂരിപക്ഷത്തിന് തൊട്ടരികെ തുടര്‍ഭരണം നഷ്ടമായി. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദന്‍ ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല എന്നതും ശ്രദ്ധേയം. നേരത്തെ തന്നെ സംസ്ഥാന മുഖ്യമന്ത്രിയാകേണ്ടയാളായിരുന്നു വിഎസ്. എന്നാല്‍ പാര്‍ട്ടി ജയിച്ചപ്പോള്‍ വിഎസ് തോറ്റു. വിഎസ് ജയിച്ചപ്പോള്‍ പാര്‍ട്ടി തോറ്റു.
അച്യുതാനന്ദനിലെ കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് സഖാവ് പി. കൃഷ്ണപിള്ളയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയിലേക്ക് വിട്ടു. അവിടെ നിന്നും അച്യുതാനന്ദന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് വളര്‍ന്നു. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവില്‍ പോയി. പിന്നീട് പൊലീസ് അറസ്റ്റിനെ തുടര്‍ന്ന് ലോക്കപ്പില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി. നാലു വര്‍ഷക്കാലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു.
1952-ല്‍ വിഎസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1954-ല്‍ സംസ്ഥാന കമ്മറ്റിയില്‍ അംഗമായി. 1956-ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 1959-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ സിപിഎം. കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതല്‍ 1970 വരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു.
1980 മുതല്‍ 1991 വരെ മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ 23 വര്‍ഷം പൊളിറ്റ് ബ്യൂറോയില്‍ അംഗം. 1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. ഒടുവില്‍ മത്സരിച്ച 2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലടക്കം മൊത്തം ഏഴു തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ കേരള നിയമസഭകളില്‍ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതല്‍ 2001 വരെ ഇടതുമുന്നണിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു.
കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിയമസഭക്ക് അകത്തും പുറത്തും നടത്തിയ പ്രകടനമാണ് വിഎസിലെ കമ്യൂണിസ്റ്റുകാരനെ ജനകീയനാക്കിയത്. ഒട്ടേറെ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കി. വനം കയ്യേറ്റം, മണല്‍ മാഫിയ, അഴിമതി എന്നിവയ്‌ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. 2006-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 140 സീറ്റില്‍ 98 സീറ്റുകളാണ് വിഎസിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി നേടിയത്.
ഏറ്റവും കൂടിയ പ്രായത്തില്‍ മുഖ്യമന്ത്രിയായ വ്യക്തിയാണ് വിഎസ് അച്യുതാനന്ദന്‍ 2006 മെയ് 18-ന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 83 വയസായിരുന്നു വിഎസിന്റെ പ്രായം. മുഖ്യമന്ത്രി എന്ന നിലയില്‍ ഒട്ടേറെ ജനക്ഷേമ പരിപാടികള്‍ക്ക് വിഎസ് തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വിഎസ് നടത്തിയ ഓപ്പറേഷന്‍ മൂന്നാര്‍ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളില്‍നിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിര്‍വഹണം അദ്ദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates