32 വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ചമച്ച് ​ഗ്രേസ് മാർക്ക് സ്വന്തമാക്കിയത് 12 പേർ; ഒന്നര വര്‍ഷം മുമ്പ് കൊടുത്ത പരാതിയില്‍ കേസെടുത്തത് ഇപ്പോൾ

32 വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ചമച്ച് ​ഗ്രേസ് മാർക്ക് സ്വന്തമാക്കിയത് 12 പേർ; ഒന്നര വര്‍ഷം മുമ്പ് കൊടുത്ത പരാതിയില്‍ കേസെടുത്തത് ഇപ്പോൾ

വ്യാജ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി 12 വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടിയത് സംബന്ധിച്ച്‌ ഒന്നര വര്‍ഷം മുമ്പ് ഡിജിപിക്ക് കൊടുത്ത പരാതിയില്‍ പൊലീസ് കേസെടുത്തത് ഇപ്പോള്‍ മാത്രം
Published on

കൊല്ലം: വ്യാജ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി 12 വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടിയത് സംബന്ധിച്ച്‌ ഒന്നര വര്‍ഷം മുമ്പ് ഡിജിപിക്ക് കൊടുത്ത പരാതിയില്‍ പൊലീസ് കേസെടുത്തത് ഇപ്പോള്‍ മാത്രം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ നടപടി. 

കേരള റൈഫിള്‍ അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറി എറണാകുളം സ്വദേശി വിസി ജെയിംസ്, വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ ഗ്രേസ് മാര്‍ക്ക് നേടിയ പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ഥിനി കെഎസ് നിരഞ്ജന എന്നിവര്‍ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം തുടങ്ങി. വിവിധ ജില്ലകളില്‍ നിന്നുള്ള 12 കുട്ടികള്‍ക്കായി 32 സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ചുവെന്നാണ് ആക്ഷേപം.

കൊല്ലം ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി സജു എസ് ദാസ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഡിജിപിക്ക് ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയത്. 2017 ആഗസ്റ്റ് 21മുതല്‍ 26 വരെ ചെന്നൈയില്‍ നടന്ന സൗത്ത് സോണ്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന്റെ മറവിലാണ് തട്ടിപ്പ്. വിജയികള്‍ക്ക് റൈഫിള്‍ അസോസിയേഷന്റെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് ഒരാഴ്‌ച മുമ്പ് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം നടന്നിരുന്നുവെന്നാണ് പരാതി. സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ ഒപ്പോടു കൂടിയ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്‌ കുട്ടികളില്‍ പലരും ഉപരി പഠനത്തിന് ഗ്രേസ് മാര്‍ക്ക് നേടിയിരുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ തമിഴ്നാട് ഷൂട്ടിങ് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഒപ്പാണുള്ളത്. ​ദേശീയ റൈഫിള്‍ അസോസിയേഷന്‍ നല്‍കുന്ന യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിടുന്നത് ദേശീയ സെക്രട്ടറിയാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ ദേശീയ റൈഫിള്‍ അസോസിയേഷന്റെ അടയാളവും സീരിയല്‍ നമ്പരുമില്ല. വ്യാജനില്‍ തമിഴ്നാട് ഷൂട്ടിങ് അസോസിയേഷന്‍ എന്നാണ് കാണുന്നത്. ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകളിലാകട്ടെ ഇത് ദേശീയ റൈഫിള്‍ അസോസിയേഷന്‍ എന്നായിരിക്കും.

അസോസിയേഷന്‍ ചട്ടമനുസരിച്ച്‌ ഒരു മത്സരാര്‍ഥി എത്ര ഇനങ്ങളില്‍ മത്സരിച്ചാലും ഒരു സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നൽകുക. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചവര്‍ കൂടുതല്‍ ഗ്രേസ് മാര്‍ക്കിനായി ഓരോ ഇനത്തിനും സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചതായി സംശയം.

ഗ്രേസ് മാര്‍ക്കുകള്‍ക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പിനും സര്‍വകലാശാലകള്‍ക്കും പിഎസ്‌സിക്കും ലഭിക്കുന്ന സ്‌പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നത് ഡിപിഐ ആണ്. ആവശ്യമെങ്കില്‍ ഡിപിഐ സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ ഉപദേശം തേടും. തമിഴ്നാട് ഷൂട്ടിങ് അസോസിയേഷന്റെ സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ കേരളത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ വ്യവസ്ഥയില്ലെങ്കിലും അംഗീകാരവും മാര്‍ക്കും നല്‍കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കി.

കായിക,​ ഉദ്യോഗസ്ഥ മേഖലകളിലെ സംഘടിത മാഫിയകള്‍ ക്രമക്കേടുകള്‍ക്ക് പിന്നിലുണ്ട്. ജോലിക്കും ഗ്രേസ് മാര്‍ക്കിനുമായി ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് ഇത്തരം ക്രമക്കേടുകള്‍ നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com