തിരുവനന്തപുരം: ശബരിമല വിഷയവും അയ്യപ്പ ഭക്തരുടെ വിശ്വാസവും സിപിഎമ്മും ബിജെപിയും കൈയടക്കുന്ന സാഹചര്യത്തില്‍, എന്‍എസ്എസുമായി(നായര്‍ സര്‍വീസ് സൊസൈറ്റി) വളരെ അടുപ്പമുള്ള ഒരു വിഭാഗം സമാന മാരഗ്ഗം തേടണമെന്ന സമ്മർദ്ദം കോൺഗ്രസിനുള്ളിൽ ഉയരുന്നു. എന്നാൽ ഇത് എങ്ങനെ വേണമെന്നതിൽ ഇത് വരെ തീരുമാനം ആയിട്ടില്ല.
ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചത്, കോണ്‍ഗ്രസിന് ഹിന്ദു വോട്ടുകള്‍ ആവശ്യമില്ലെന്ന മാനസികാവസ്ഥയെയാണ് കാണിക്കുന്നതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പരാമര്‍ശമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ശബരിമലയുടെ വികസനത്തിനായി എന്താണ് ചെയ്തതെന്ന് കോണ്‍ഗ്രസ് അയ്യപ്പ ഭക്തരോട് വിശദീകരിക്കണമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ മുന്‍ വനം മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തന്റെ ഭരണകാലത്ത് നിലയ്ക്കല്‍ ബേസ് വികസിപ്പിക്കുന്നതിനും കുടിവെള്ള പ്രശ്നത്തിനും ഓക്‌സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കുന്നതിനും ഭൂമി അനുവദിച്ചതായി അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത് നമ്മള്‍ ജനങ്ങളോട് പറയണം, അദ്ദേഹം പറഞ്ഞു.
പല നേതാക്കളും എൻഎസ്എസ് പ്രസ്താവനയെ ഒരു മുന്നറിയിപ്പായി കാണുന്നു. 'വാസ്തവത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം നില്‍ക്കാനുള്ള എന്‍എസ്എസിന്റെ തീരുമാനം കോണ്‍ഗ്രസിന് മരണവാറണ്ട് പോലെയാണ്. നമ്മള്‍ ഒരു രാഷ്ട്രീയ വിസ്മൃതിയുടെ വക്കിലാണ്, ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 1997-ല്‍ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരില്‍ നിന്ന് പോപ്പ് ഭഗവദ്ഗീത സ്വീകരിക്കുന്നത് പോലെയാണ് മുഖ്യമന്ത്രി അയ്യപ്പ വിഗ്രഹം സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളിങ് കുറവാണെന്ന് സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് നമ്മുടെ നേതാക്കള്‍ വീണ്ടും എന്‍എസ്എസിനെ പ്രകോപിപ്പിക്കുകയാണ്. കോണ്‍ഗ്രസിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുഷ്‌കരമായ സമയങ്ങളില്‍ പിന്തുണച്ചിരുന്നതിനാല്‍ നമ്മള്‍ എന്‍എസ്എസിനെ വിശ്വാസത്തിലെടുക്കണമായിരുന്നു. സിപിഎം മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ പ്രതിപക്ഷത്ത് അയ്യപ്പ ഭക്തരുടെ കാര്യം ശ്രദ്ധിക്കുന്ന പാര്‍ട്ടിയായി ഇപ്പോള്‍ ബിജെപി ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഒരു മുന്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രധാനമന്ത്രി നരസിംഹ റാവു മന്നം സമാധിയില്‍ ഷൂ ധരിച്ച് പ്രവേശിച്ച സംഭവം വിവാദമായപ്പോള്‍ എ കെ ആന്റണി അത് കൈകാര്യം ചെയ്തതെങ്ങനെയാണെന്ന് ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നമുക്ക് പക്വതയുള്ള നേതാക്കളില്ല, ഇപ്പോഴത്തെ നേതൃത്വം മുതിര്‍ന്ന നേതാക്കള്‍ക്ക് വിലകൊടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുള്ള സുവര്‍ണ്ണാവസരം പാര്‍ട്ടി പാഴാക്കിയെന്നും ഹിന്ദുക്കളുടെ വികാരങ്ങള്‍ കോണ്‍ഗ്രസ് പരിഗണിച്ചില്ലെങ്കില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും യുഡിഎഫ് നേതാക്കളില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ നായര്‍ സമുദായത്തിലെ മൂന്ന് നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരിക്കുന്നതിനാല്‍ എന്‍എസ്എസ് പിന്തുണ നിര്‍ണായകമാണെന്നാണ് ഒരു പ്രമുഖ യുഡിഎഫ് നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates