തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന് മുന്നിൽ സിൽവർ ലൈൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി ഒരു കുടുംബം. സിൽവർ ലൈൻ കടന്നുപോകുന്ന വീട്ടുകാരുടെ ആശങ്കകൾ നേരിട്ട് അറിയുന്നതിനായി ബിജെപി സംഘടിപ്പിച്ച സിൽവർ ലൈൻ വിരുദ്ധ പ്രതിരോധ യാത്രക്കിടെ കഴക്കൂട്ടത്താണ് സംഭവം. സിപിഎം കൗൺസിലറുടെ വീട്ടിലെത്തിയപ്പോൾ മുരളീധരനെ എതിരേറ്റത് മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായുള്ള മുദ്രാവാക്യം വിളികളായിരുന്നു.
കഴക്കൂട്ടത്തെ സിപിഎം വാർഡ് കൗൺസിലർ എൽഎസ് കവിതയുടെ വീട്ടിലെത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ സിൽവർ ലൈൻ അനുകൂല മുദ്രാവാക്യവുമായി കുടുംബം രംഗത്തെത്തിയത്. കൗൺസിലറുടെ അച്ഛനും അമ്മയുമാണ് മുരളീധരൻ എത്തിയപ്പോൾ അനുകൂല മുദ്രാവാക്യവുമായി വീടിന്റെ വരാന്തയിൽ വന്നത്. ഇരുവരും സിൽവർ ലൈൻ വേണമെന്നും പദ്ധതിക്കായി തങ്ങളുടെ സ്ഥലം വിട്ടുകൊടുക്കുമെന്നും വ്യക്തമാക്കി.
മംഗലപുരത്തിനും മേനംകുളത്തിനും ഇടയിലുള്ള പദ്ധതി കടന്നു പോകുന്ന കുടുംബങ്ങളെ കാണാനായിരുന്നു മന്ത്രിയും ബിജെപി പ്രതിനിധികളും എത്തിയത്. രണ്ടാമത്തെ വീടായിരുന്നു കൗൺസിലറുടേത്. പിണറായി വിജയന് സിന്ദാബാദ് വിളിച്ചാണ് കുടുംബം ഇവരെ വരവേറ്റത്.
പദ്ധതിക്കായി തങ്ങളുടെ അര സെന്റ് ഭൂമിയാണ് നഷ്ടപ്പെടുന്നതെന്ന് കുടുംബം പറഞ്ഞു. ഇത് വിട്ടുകൊടുക്കാൻ ഒരുക്കമാണെന്നും അവർ മന്ത്രിയോട് വ്യക്തമാക്കി. എല്ലാവരുടേയും വാക്കുകൾ കേൾക്കാനാണ് താൻ എത്തിയതെന്ന് മന്ത്രി വീട്ടുകാരോട് പറഞ്ഞു. എന്നാൽ തങ്ങൾ ഈ പദ്ധതിക്ക് അനുകൂലമാണെന്ന് കുടുംബം വ്യക്തമാക്കി. തങ്ങൾ സർക്കാരിനൊപ്പമാണെന്നും, സാറൊന്നും ഇങ്ങോട്ടു പറയണ്ടെന്നും കുടുംബം വ്യക്തമാക്കി
കുടുംബത്തിന്റെ പ്രതികരണത്തെ സംബന്ധിച്ച് മന്ത്രി പറഞ്ഞത് സിപിഎം കൗൺസിലറുടെ വീട്ടിൽ നിന്ന് ഇത്തരമൊരു പ്രതികരണമല്ലേ ഉണ്ടാവു എന്നായിരുന്നു. കൗൺസിലറുടെ വീട്ടിൽ കയറിയത് സിപിഎമ്മിന്റെ നിലപാട് തുറന്നു കാട്ടാനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
