കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് രണ്ട് യുവാക്കളുടെ മരണം: കാമറ ദൃശ്യങ്ങള്‍ നിര്‍ണായകമായി; ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2022 10:38 AM  |  

Last Updated: 02nd April 2022 10:38 AM  |   A+A-   |  

accident

കുഴല്‍മന്ദം കെഎസ്ആര്‍ടിസി ബസ് അപകടം/ ഫയല്‍

 

പാലക്കാട്: കുഴല്‍മന്ദത്ത് രണ്ട് യുവാക്കള്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. ഡ്രൈവര്‍ സി എല്‍ ഔസേപ്പിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

ഡ്രൈവര്‍ക്കെതിരെ ഐപിസി 304 വകുപ്പ് ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ദൃക്‌സാക്ഷികളായ മൂന്ന് പേരുടെ മൊഴിയും ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് നടപടി.  അപകടം കെഎസ്ആര്‍ടിസി ഡ്രൈവര്‍ പക തീര്‍ത്തതെന്ന്  മരിച്ച യുവാക്കളുടെ കുടുംബം ആരോപിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 7നായിരുന്നു പാലക്കാടുനിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

യാത്രയ്ക്കിടെ വഴിയില്‍വെച്ച് ഡ്രൈവറും യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ആരോപണം. ബസിന് ഇടത്തേക്ക് ചേര്‍ന്ന് പോകാന്‍ സ്ഥലമുണ്ടായിട്ടും മനഃപൂർവം യുവാക്കളെ ലോറിക്കും ബസിനും ഇടയില്‍ ഞെരിച്ച് അപകടമുണ്ടാക്കിയതാണെന്ന്, അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്‌കാമറയിലെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. 

സംഭവത്തിൽ തൃശൂര്‍ പട്ടിക്കാട് സ്വദേശി സി എല്‍ ഔസേപ്പിനെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം: ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ, ഗുരുതരവീഴ്ചയെന്ന് റിപ്പോര്‍ട്ട്