കഞ്ചിക്കോട്: നാടിനെ വിറപ്പിച്ച് 18 കാട്ടാനകളുടെ കൂട്ടം ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങി തമ്പടിച്ച് ഭീതി പരത്തിയത് മണിക്കൂറുകളോളം. മൂന്നര മാസത്തോളമായി വനാതിർത്തിയിൽ തമ്പടിച്ച കാട്ടാനക്കൂട്ടമായിരുന്നു ഇത്. നിർമാണം പുരോഗമിക്കുന്ന കഞ്ചിക്കോട് ഐഐടി ക്യാംപസിനകത്തും സമീപത്തെ ജനവാസ മേഖലകളിലും ഇറങ്ങിയ കാട്ടാനകളുടെ കൂട്ടം ഏറെ നേരം പ്രദേശത്തു ഭീതി പരത്തി.
തിങ്കളാഴ്ച പുലർച്ചെ ആറരയോടെയാണ് ചുറ്റുമതിൽ തകർത്ത് ഐഐടി ക്യാംപസിനകത്തേക്ക് കാട്ടാന കൂട്ടം കയറിയത്. അവിടെ നിന്നു ജനവാസമേഖലയിലേക്കും. കാട്ടനകളുടെ കൂട്ടത്തോടെയുള്ള വരവ് നാടറിഞ്ഞതോടെ ക്യാംപസിനു സമീപം ആളുകൾ കൂടി. ആൾക്കൂട്ടം കണ്ടതോടെ ആനക്കൂട്ടം അക്രമാസക്തരായി.
ആനകൾ പിന്തിരിഞ്ഞ് ഓടിയതിന് ഇടയിൽ ക്യാംപസിൽ നിർമാണ ജോലികൾക്കായി എത്തിയ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന 4 ഷെഡുകൾ തകർത്തു. ലക്ഷങ്ങൾ വിലമതിക്കുന്ന നിർമാണസാമഗ്രികളും ഉപകരണങ്ങളും ആനക്കൂട്ടം നശിപ്പിച്ചു. ആനക്കൂട്ടത്തിന് മുൻപിൽ നിന്ന് ഓടുന്നതിന് ഇടയിൽ നാല് പേർക്ക് പരിക്കേറ്റു.
വാളയാർ റേഞ്ച് ഓഫിസർ പി സുരേഷിന്റെ നേതൃത്വത്തിൽ പുതുശ്ശേരി സൗത്ത് സെക്‌ഷനു കീഴിലുള്ള ഇരുപതോളം വനപാലകർ ഏറെ പണിപ്പെട്ടാണ് തിങ്കളാഴ്ച ഉച്ചയോടെ ആനക്കൂട്ടത്തെ ഉൾവനത്തിലേക്കു കയറ്റിയത്. ഒന്നര വർഷത്തോളമായി കഞ്ചിക്കോട്ടെ സ്ഥിരം ശല്യക്കാരനായി നിന്ന ചുരുളിക്കൊമ്പൻ (പിടി–5) എന്ന കൊമ്പനും ആനക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്നു.
ഒരാഴ്ചയായി ചുരുളിക്കൊമ്പന് മദപ്പാടുണ്ടായിരുന്നു. 2 ദിവസം മുൻപാണ് ഇത് ആനക്കൂട്ടത്തിനൊപ്പം കൂടിയത്. ഇന്നലെ പുലർച്ചെ ചുരുളിക്കൊമ്പൻ തിരിച്ചിറങ്ങുന്നതിനിടെ ഇതിന്റെ വഴിയെ ആനക്കൂട്ടവും അയ്യപ്പൻ മലയിൽനിന്ന് ഇറങ്ങി ജനവാസമേഖലയിലേക്കു എത്തുകയായിരുന്നു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates