

കൊല്ലം: ഓസ്‌ട്രേലിയന്‍ പശുവാണെന്ന് പറഞ്ഞു കൊണ്ട് നാടോടിക്കാറ്റില്‍ ദാസനേയും വിജയനേയും പറ്റിച്ചത് കണ്ട് കുടുകുടാ ചിരിച്ചതാണ് മലയാളികള്‍. സമാനമായ തട്ടിപ്പിനിരയായിരിക്കുകയാണ് മഠത്തിനാപ്പുഴ സുധാവിലാസത്തില്‍ രമണന്‍(67). പശുവിന്റെ വിലയായ 56,000 രൂപയും ഇടപാടിലൂടെ ഉണ്ടായ മനോവേദനയ്ക്ക് നഷ്ടപരിഹാരമായി 26000 രൂപയും കോടതിച്ചെലവിനായി 10000 രൂപയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.
സംഭവമിങ്ങനെ പൂവറ്റൂര്‍ പടിഞ്ഞാറ് കാഞ്ഞിരംവിള സ്വദേശികളായ ദമ്പതികളില്‍ നിന്നും ഇടനിലക്കാര്‍ മുഖാന്തിരമാണ് രമണന്‍ 2023 ഫെബ്രുവരി 23-ന് പശുവിനെ വാങ്ങിയത്. ദിവസവും പന്ത്രണ്ട് ലിറ്റര്‍ പാല്‍ ലഭിക്കുമെന്നും പാല്‍ കുറഞ്ഞാല്‍ പശുവിനെ തിരികെ വാങ്ങിക്കൊളളാമെന്നുമായിരുന്നു ഉടമസ്ഥരുടെ ഉറപ്പ്. ലിറ്ററിന് 4,500 രൂപ കണക്കാക്കിയാണ് 12 ലിറ്റര്‍ പാലുളള പശുവിന് 56,000 വില നിശ്ചയിച്ചത്. സമ്പാദ്യമായുണ്ടായിരുന്ന 16,000 രൂപയും സുഹൃത്തുക്കളില്‍ നിന്നും കടംവാങ്ങിയ 40000 രൂപയും ചേര്‍ത്താണ് രമണന്‍ പ്രതീക്ഷയോടെ പശുവിനെ വാങ്ങിയത്. മാര്‍ച്ച് 11-ന് പശു പ്രസവിച്ചു. പ്രതീക്ഷയോടെ 16-ാം ദിനം മുതല്‍ കറവ തുടങ്ങിയെങ്കിലും നാല് ലിറ്റര്‍ പാല്‍ മാത്രമാണ് ലഭിച്ചത്. ഒരുമാസം ആഞ്ഞു കറന്നിട്ടും ആറ്് ലിറ്റര്‍ മാത്രമാണ് കിട്ടിയത്.
ചതി പറ്റിയെന്നു ബോധ്യമായതോടെ രമണന്‍ ഇടനിലക്കാരെയും കൂട്ടി ഉടമയെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. വിശ്വാസ വഞ്ചനയ്ക്കും ചതിക്കുമെതിരെ പുത്തൂര്‍ പൊലീസിലും എസ്പിക്കും പരാതി നല്‍കിയെങ്കിലും പശുവിനു പാലില്ലെന്ന കേസ് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പൊലീസുകാര്‍ക്കും പിടികിട്ടിയില്ല. തങ്ങള്‍ രമണന് പശുവിനെ വിറ്റിട്ടില്ലെന്നും ഉണ്ടെങ്കില്‍ രസീതു കാട്ടണമെന്നും വാദങ്ങള്‍ നിരത്തി ഉടമകള്‍ ചെറുത്തു.
പൊലീസിന്റെ ഉപദേശപ്രകാരമാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ രമണന്‍ സമീപിച്ചത്. ആശാസ്യമല്ലാത്ത കച്ചവടവും തെറ്റിദ്ധരിപ്പിക്കലും ഇടപാടില്‍ നടന്നതായി കോടതി കണ്ടെത്തി. 2023-ല്‍ സമാനമായി 18 ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന ഉറപ്പില്‍ വാങ്ങിയ പശുവിന് രണ്ട് ലിറ്റര്‍മാത്രമേ ലഭിച്ചുള്ളൂ എന്ന കേസില്‍ കന്നുകാലി കച്ചവടത്തിന് രസീത് നിര്‍ബന്ധമല്ലെന്നും വിശ്വസനീയമായ മൊഴികള്‍ മതിയെന്നും സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ രേഖപ്പെടുത്തിയതും ഉത്തരവില്‍ പരാമര്‍ശിക്കുന്നു. കേസ് നടപടികള്‍ക്കിടെ എതിര്‍കക്ഷികളില്‍ ഒരാളായ ഗൃഹനാഥന്‍ മരിക്കുകയും ചെയ്തു. കുളക്കട പാല്‍ സൊസൈറ്റിയില്‍ പാല്‍ അളന്നതിന്റെ രേഖകള്‍, പൊലീസ് രേഖകള്‍, വിവരാവകാശ രേഖകള്‍, ഇടനിലക്കാരുടെ മൊഴി എന്നിവ പരിഗണിച്ചാണ് കമ്മീഷന്‍ ഉത്തരവിട്ടത്.
45 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും കമ്മീഷന്‍ പ്രസിഡന്റ് എസ്.കെ. ശ്രീല, മെമ്പര്‍ സ്റ്റാന്‍ലി ഹറോള്‍ഡ് എന്നിവരുടെ ഉത്തരവിലുണ്ട്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകന്‍ പ്രവീണ്‍ പൂവറ്റൂര്‍ ഹാജരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
