

തിരുവനന്തപുരം: ദേശീയ പുരസ്കാരത്തിൽ പൃഥ്വിരാജ് നായകനായ ആടുജീവിതം പൂർണമായും തഴയപ്പെട്ടത് വലിയ വിമർശനമുയർത്തിയിരുന്നു. പിന്നാലെ സിനിമ തഴയപ്പെട്ടത് പരോക്ഷമായി പരാമർശിച്ച് കേരള പൊലീസും. നിയമപ്രകാരമല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മുന്നറിയിപ്പായി ഫെയ്സ്ബുക്കിൽ പങ്കിട്ട കുറിപ്പിലെ ചിത്രമാണ് ശ്രദ്ധേയമായത്. പൃഥ്വിരാജിന്റെ ആടു ജീവിതത്തിലെ ഫോട്ടോ പങ്കിട്ടാണ് കുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പ്
നമ്മൾ മലയാളികളാണ് ... മണ്ടന്മാരല്ല ..!!
നിയമപ്രകാരമല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പഠനത്തിനായോ, ജോലിക്കോ പോകാൻ ശ്രമിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
മറ്റു രാജ്യങ്ങളിൽ നിയമവിരുദ്ധമായി പ്രവേശിച്ചാലോ, ജോലിയിലേർപ്പെട്ടാലോ നിങ്ങൾ നിയമനടപടികൾ നേരിടേണ്ടതായി വരും. അത് നിങ്ങൾ അവിടെ ജയിലിലാകുവാനും വലിയ പിഴ അടയ്ക്കാൻ ബാധ്യസ്ഥനാകുവാനും കാരണമാകും.
അനധികൃതമായി കുടിയേറ്റപ്പെട്ടവർ യാതൊരു കാരണവശാലും സ്വന്തം രാജ്യത്തോ, പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടുന്നില്ല. നിയമപ്രകാരം പ്രവാസത്തിലേർപ്പെട്ടവർക്കുള്ള യാതൊരു സഹായ സൗകര്യങ്ങളും അത്തരക്കാർക്ക് ലഭിക്കില്ല. യാത്ര വിലക്ക് നേരിടാനും സാധ്യതയുണ്ട്.
അംഗീകൃത ഏജൻസികളിലൂടെ അല്ലാതെ വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോകുന്നവർ അവിടത്തെ തൊഴിൽരീതികളെക്കുറിച്ചോ, തൊഴിൽദാതാവിനെക്കുറിച്ചോ, ലഭിക്കേണ്ട വേതനത്തെക്കുറിച്ചോ, തൊഴിൽസാഹചര്യങ്ങളെക്കുറിച്ചോ അജ്ഞരായിരിക്കും. ഇത് ചൂഷണ സാധ്യത വർധിപ്പിക്കുന്നു. അനധികൃത റിക്രൂട്ടിങ് ഏജൻസികളുടെയോ, സംരംഭകരുടെയോ വ്യാജവാഗ്ദാനങ്ങളിൽ മയങ്ങി ഒരിക്കലും ഇത്തരത്തിലുള്ള തീരുമാനം എടുക്കരുത്.
e MIGRATE ൽ ( https://emigrate.gov.in ) രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളെ മാത്രം ആശ്രയിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates