

കോഴിക്കോട്: മുസ്ലീം ലീഗും സമസ്തയും പാണക്കാട് കുടുംബവും ഒരുമിച്ച് നില്‍ക്കുമ്പോഴാണ് സമുദായത്തിന് ശക്തിയുണ്ടാവുകയെന്ന് ആബിദ് ഹുദവി തച്ചെണ്ണ. വടകര ഓര്‍ക്കാട്ടേരിയിലെ പള്ളിയില്‍ വെള്ളിയാഴ്ച ദിവസം നടന്ന പ്രസംഗം ആണ് വിവാദത്തിലായിരിക്കുന്നത്.
പ്രസംഗത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ പ്രസംഗത്തിനെതിരെ വിമര്‍ശനവും ശക്തമായിരിക്കുകയാണ്. ആരാധനാലയം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗപ്പെടുത്തിയെന്നാണ് വിമര്‍ശനം. എ പി വിഭാഗം സുന്നി നേതാവും മമ്പാട് അല്‍ ഫാറൂഖ് ഇസ്ലാമിക് സെന്റര്‍ മേധാവിയുമായ വഹാബ് സഖാഫി മമ്പാടാണ് ഈ പ്രസംഗത്തിന്റെ വിഡിയോ പുറത്തു വിട്ടത്. ഇതിന് പിന്നാലെയാണ് പ്രസംഗം വ്യാപകമായി പ്രചരിക്കുകയും ചര്‍ച്ചയാവുകയും ചെയ്തത്.
ബിരായാണിച്ചെമ്പ് വെച്ച അടുപ്പിന്റെ കല്ല് പോലെ, സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗെന്ന പാര്‍ട്ടിയും ഒരുമിച്ച് നില്‍ക്കുന്നതാണ് ഉമ്മത്തിന്റെ ശക്തി, അത് ആര് തകര്‍ക്കാന്‍ ശ്രമിച്ചാലും അനുവദിക്കരുത്. നാം നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കണം, എന്നായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം.
ഇസ്ലാമിക ചരിത്രത്തിലോ സമസ്ത ചരിത്രത്തിലോ ഇങ്ങനെ ഒരു അടുപ്പിന്‍ കല്ല് തിയറിയുണ്ടോയെന്ന് പ്രസംഗത്തിന്റെ വിഡിയോ ഷെയര്‍ ചെയ്ത് വഹാബ് സഖാഫി മമ്പാട് ചോദിച്ചു, ഏത് പാരമ്പര്യമാണിവര്‍ പരിചയപ്പെടുത്തുന്നത്? സമസ്തയുടെ അസ്ഥിവാരമുള്ളത് ഇസ്ലാമിക പ്രമാണത്തിലാണ്. സമസ്ത രൂപീകരിക്കപ്പെടുന്ന കാലത്ത് മുസ്ലീം ലീഗെന്ന അടുപ്പിന്‍കല്ല് കേരളത്തില്‍ പിറവി കൊണ്ടിട്ടുണ്ടോ? സമസ്തയുടെ അസ്ഥിവാരത്തില്‍ അടയാളപ്പെട്ട തങ്ങന്‍മാരുണ്ട്. അത് വരക്കല്‍ തങ്ങളെപോലുള്ള പണ്ഡിത സാദാത്തുക്കളാണ്, വിഡിയോ പങ്കുവെച്ച് കൊണ്ട് വഹാബ് സഖാഫി മമ്പാട് കുറിച്ചു.
പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ആരാധനകള്‍ക്കായി ഉപയോഗിക്കേണ്ട പരിപാവനമായ പള്ളികള്‍ രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നത് ക്ഷേത്രങ്ങള്‍ രാഷ്ട്രീയ ലക്ഷത്തിന് വേണ്ടി ഉപയോഗിക്കുന്ന സംഘപരിവാറിന് സമാനമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ആര്‍എസ്എസുകാര്‍ അവരുടെ ലാഭത്തിന് ക്ഷേത്രം ഉപയോഗിക്കുമ്പോള്‍ അത് എതിര്‍ക്കാന്‍ നല്ലവരായ ഹിന്ദു സഹോദരന്‍മാര്‍ മുന്നിട്ടിറങ്ങുന്നുണ്ടെന്നും മുസ്ലീം ലീഗിന്റെ ലാഭത്തിന് വേണ്ടി പള്ളികള്‍ ഉപയോഗിക്കുമ്പോള്‍ അത് ശരിയാണോ തെറ്റാണോ എന്ന് മുസ്ലിം സഹോദരങ്ങള്‍ മനസിലാക്കിയാല്‍ നല്ലതാണെന്നും വിമര്‍ശകരിലൊരാള്‍ ചൂണ്ടിക്കാട്ടുന്നു.
പള്ളി മിമ്പറുകള്‍ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്നും വെള്ളിയാഴ്ചകള്‍ ഖുതുബ പറയാനാണ് ഉപയോഗിക്കേണ്ടതെന്നും വിമര്‍ശകര്‍ പറയുന്നു. ഹുദവികള്‍ ജോലി ചെയ്യുന്ന പള്ളികളില്‍ ഇത്തരം രാഷ്ട്രീയ പ്രചരണം നടത്തുന്നത് വ്യാപകമായിരിക്കുകയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. നിങ്ങള്‍ പള്ളികളില്‍ രാഷ്ട്രീയം പറഞ്ഞാല്‍ ഞങ്ങള്‍ ദാറുല്‍ ഹുദയിലേയ്ക്ക് രാഷ്ട്രീയമായി തന്നെ മാര്‍ച്ച് നടത്തുമെന്നും ചിലര്‍ പറയുന്നു. ദാറുല്‍ ഹുദയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുന്ന ബിരുദമാണ് ഹുദവി. അതേസമയം ജുമുഅ ഖുതുബയുടെ ഭാഗമായല്ല, ജുമുഅക്ക് മുമ്പുള്ള തറ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞതെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് പ്രസംഗത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
