

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ്. സത്യപ്രതിജ്ഞ അസാധുവാക്കിയവര്‍ ഒരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അത് അക്ഷരംപ്രതി അനുസരിച്ചുകൊണ്ട് ഭരണസമിതി മുന്നോട്ടു പോകുമെന്ന് മേയര്‍ രാജേഷ് പറഞ്ഞു.
20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്. വധശ്രമക്കേസില്‍ അറസ്റ്റിലായി ജയിലിലായ ബിജെപി കൗണ്‍സിലര്‍ സുഗതന്റെ സത്യപ്രതിജ്ഞയും അസാധുവാക്കിയിട്ടുണ്ട്. സുഗതന്റെ സത്യപ്രതിജ്ഞയും നടക്കേണ്ടതുണ്ട്. അതാണ് കോടതി വിധിയില്‍ വ്യക്തമാകുന്നത്. അതു നടക്കും. വീണ്ടും സത്യപ്രതിജ്ഞയ്ക്ക് നാലാഴ്ച സമയമുണ്ടല്ലോയെന്നും മേയര്‍ രാജേഷ് കൂട്ടിച്ചേര്‍ത്തു.
ജയിലിലുള്ള സുഗതന് വിയ്യൂര്‍ ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യാനാകില്ലല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഇതെല്ലാം കോടതിയില്‍ വീണ്ടും ചോദ്യം വരുമല്ലോയെന്നായിരുന്നു മേയറുടെ മറുപടി. 29-ാം തീയതി കൗണ്‍സില്‍ യോഗം ചേരും. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മേയര്‍ വിവി രാജേഷ് അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് അടക്കം 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ബിജെപിയുടെ 20 കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ നടത്തിയത് വിവാദമായിരുന്നു. സത്യപ്രതിജ്ഞ ചട്ടലംഘനം ചൂണ്ടിക്കാട്ടി സിപിഎം നേതാവും കൗൺസിലറുമായ എസ് പി ദീപക്കാണ് ഹൈക്കോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള ചട്ടം ലംഘിച്ചുകൊണ്ടുള്ളതാണ് ഇവരുടെ സത്യപ്രതിജ്ഞയെന്ന് കോടതി വിലയിരുത്തി. അതിനാല്‍ സത്യപ്രതിജ്ഞ റദ്ദാക്കുകയാണെന്നും കോടതി വിധിച്ചു. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates