കൊച്ചി: പതിനാറുകാരനായ മകന്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച കേസില്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരമായി നല്‍കുന്ന 29 ലക്ഷം രൂപ വാഹന ഉടമയായ പിതാവില്‍ നിന്നും തിരിച്ചുപിടിക്കാന്‍ ഉത്തരവ്. മൂവാറ്റുപുഴ മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2023 ഒക്ടോബര്‍ 9നായിരുന്നു കേസിനാസ്പദമായ സംഭവം. ആരക്കുഴ പണ്ടപ്പിള്ളി തോട്ടക്കര ശിവക്ഷേത്രത്തിന് സമീപം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന മീങ്കുന്നം നീര്‍ക്കാനയില്‍ എംഎം ജേക്കബിനെ (59) അമിത വേഗത്തില്‍ പിന്നില്‍ നിന്നെത്തിയ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജേക്കബ് നാലു ദിവസത്തിന് ശേഷം മരിച്ചു.
സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് തോട്ടക്കര കല്ലുങ്കല്‍ ബിനോയ് ജോണിന്റെ മകനായ 16 കാരനായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത, ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത മകന് വാഹനം ഓടിക്കാന്‍ നല്‍കിയതുവഴി മോട്ടര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ വാഹന ഉടമ ലംഘിച്ചതായി കോടതി കണ്ടെത്തി. ലൈസന്‍സ് ഇല്ലാത്തയാള്‍ക്ക് വാഹനം നല്‍കിയത് ഇന്‍ഷുറന്‍സ് വ്യവസ്ഥകളുടേയും ലംഘനമാണ്.
മരിച്ച ജേക്കബിന്റെ ഭാര്യയ്ക്കും മക്കള്‍ക്കുമായി ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരമായി 21,96,000 രൂപയും എട്ടു ശതമാനം പലിശയും കോടതി ചെലവും അടക്കം 29 ലക്ഷം രൂപ നല്‍കണമെന്നാണ് മൂവാറ്റുപുഴ മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കെ എന്‍ ഹരികുമാര്‍ ഉത്തരവിട്ടത്. ഈ തുക ഇന്‍ഷുറന്‍സ് കമ്പനിക്ക് സ്‌കൂട്ടര്‍ ഓടിച്ച പതിനാറുകാരന്റെ പിതാവില്‍ നിന്നും ഈടാക്കാവുന്നതാണെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates