

കോട്ടയം: കോട്ടയം മണിമലയില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കോട് സ്വദേശി പി കെ സുമിത്ത് (30) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു മരണം. ഈ മാസം 13 ന് മദ്യം നല്‍കിയ ശേഷം സുഹൃത്തുക്കള്‍ ആസിഡ് ഒഴിക്കുകയായിരുന്നു.
ആസൂത്രിതമായ കൊലപാതകമാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. സുമിത്തിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന സാബു ദേവസ്യ, പ്രസീത് എന്നിവര്‍ 13-ാം തീയതി സുമിത്തിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പൊന്തന്‍പുഴ ഭാഗത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അവിടെ വെച്ച് മൂവരും മദ്യപിച്ചു. സുമിത്ത് മദ്യലഹരിയിലായതോടെ കയ്യില്‍ കരുതിയിരുന്ന ആസിഡ് യുവാവിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു. രക്ഷപ്പെട്ടോടിയ യുവാവ് എത്തിയത് കോട്ടയം-പത്തനംതിട്ട ജില്ലാ അതിർത്തിയായ പ്ലാച്ചേരിയിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മുന്നിലേക്കാണ്. ഗുരുതരമായി പൊള്ളലേറ്റ സുമിത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കേസില്‍ സാബു ദേവസ്യയെയും പ്രസീതിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാബു ദേവസ്യയ്ക്ക് സുമിത്തുമായി മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതിന്റെ പ്രതികാരമായിട്ടാണ് ആക്രമണം നടത്തിയതെന്നും പൊലീസ് സൂചിപ്പിച്ചു. സുമിത്തിന് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates