തിരുവനന്തപുരം: പാചകത്തിന് ഒരിക്കല്‍ ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം തടയാന്‍ പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. തട്ടുകടകള്‍ ഉള്‍പ്പെടെയുള്ളവയില്‍ മിന്നല്‍പരിശോധന നടത്താന്‍ തീരുമാനിച്ചു.
ദിവസം 20 ലിറ്റര്‍ എണ്ണ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍, പാചക ശേഷമുള്ള എണ്ണ ബയോ ഡീസല്‍ കമ്പനികള്‍ക്കു നല്‍കണമെന്ന വ്യവസ്ഥ നടപ്പാക്കുന്നുണ്ടോയെന്നു നിരീക്ഷിക്കും.ദിവസം 50 ലിറ്റര്‍ എണ്ണ പാചകത്തിന് ഉപയോഗിക്കുന്ന സ്ഥാപനങ്ങളില്‍ ശേഷിക്കുന്ന എണ്ണ ബയോ ഡീസല്‍ കമ്പനിക്കു കൈമാറണമെന്നാണു കേന്ദ്രത്തിന്റെ വ്യവസ്ഥ. കേരളത്തിന്റെ സാഹചര്യം പരിഗണിച്ചാണ് 20 ലിറ്റര്‍ പരിധി നിര്‍ണയിച്ചത്. ഇതു നിര്‍ബന്ധമായി നടപ്പാക്കും.
ഒരിക്കല്‍ തിളപ്പിക്കുന്ന എണ്ണ പരമാവധി ഉപയോഗിച്ചാലും 10 മുതല്‍ 20 വരെ ശതമാനം മിച്ചം വരുമെന്നാണു കണക്കാക്കുന്നത്.ഇപ്പോള്‍ ദിവസം 20 ലോഡ് എണ്ണ (ശരാശരി 12,000 ലീറ്റര്‍) ബയോ ഡീസല്‍ കമ്പനികള്‍ക്കു നല്‍കുന്നുണ്ട്. ഉപയോഗിച്ച ഒരു ലിറ്റര്‍ എണ്ണയ്ക്കു 40 രൂപ വരെയാണ് കമ്പനികള്‍ നല്‍കുന്നത്.
ഭക്ഷണ നിര്‍മാണ സ്ഥാപനങ്ങള്‍ ഉപയോഗ ശേഷമുള്ള എണ്ണ കൈമാറുന്നതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന സമയത്തു പരിശോധനയ്ക്കു ഹാജരാക്കുകയും വേണം.പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ ടോട്ടല്‍ പോളാര്‍ കോംപൗണ്ട് (ടിപിസി) 25 ശതമാനത്തില്‍ അധികമാകാന്‍ പാടില്ല. ഉപയോഗിച്ച എണ്ണയില്‍ അവശേഷിക്കുന്ന ഉപ്പിന്റെയും രാസഘടകങ്ങളുടെയും സാന്നിധ്യമാണു ടിപിസിയായി കണക്കാക്കുന്നത്. എണ്ണ ആവര്‍ത്തിച്ച് ഉപയോഗിക്കുമ്പോള്‍ ഘടനയില്‍ വലിയ മാറ്റമുണ്ടാകും.
പാത്രം ശുചിയാക്കാത്തതും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കരിഞ്ഞ ഭക്ഷണ സാധനങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്ന പാത്രത്തിലേക്കു പുതുതായി എണ്ണ ഒഴിച്ചാല്‍ അതു തിളയ്ക്കുമ്പോള്‍ തന്നെ ഘടനയില്‍ മാറ്റം വന്നു തുടങ്ങും. തട്ടുകടക്കാര്‍ പാത്രം ശുചിയാക്കാതെ എണ്ണ ഒഴിക്കുന്നെന്നു പരാതി ലഭിക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates