

തിരുവനന്തപുരം: ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാനാണ് എഐഎസ്എഫ് ശ്രമിക്കുന്നതെന്ന് എസ്എഫ്‌ഐ.
നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന എഐഎസ്എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാര്‍ത്ഥികള്‍ തള്ളികളയണം എന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവ്, പ്രസിഡന്‍് വിഎ വീനിഷ് എന്നിവര്‍പ്രസ്താവനയില്‍ വ്യക്തമാക്കി.
എം.ജി സര്‍വകലാശാല സെനറ്റ് - സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ യ്ക്ക് വിദ്യാര്‍ത്ഥികള്‍ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരീപക്ഷം സമ്മാനിച്ചാണ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളെ വിദ്യാര്‍ത്ഥികള്‍ വിജയിപ്പിച്ചത്. വലതുപക്ഷ പാളയം ചേര്‍ന്ന് നിരന്തരം എസ്.എഫ്.ഐ വിരുദ്ധ പ്രചരണങ്ങള്‍ നടത്തി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ തീര്‍ത്തും അനഭിലഷണിയ പ്രവണതകളാണ് എ.ഐ.എസ്.എഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 10 കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്കൊപ്പമുണ്ട് എന്ന് അവകാശപ്പട്ട എ.ഐ.എസ്.എഫ്, സ്റ്റുഡന്റ് കൗണ്‍സില്‍ സീറ്റുകളില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താഞ്ഞത് കെ.എസ്.യൂ - എ.ഐ.എസ്.എഫ് - എം.എസ്.എഫ് സഖ്യത്തിന്റെ ഭാഗമാണ്.
എന്നാല്‍ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് ആദ്യ പ്രിഫറെന്‍സുകള്‍ നല്‍കി വിജയിപ്പിക്കേണ്ട സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കെ.എസ്.യൂവിന് കഴിയാതെ വരുകയും അവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഇത് എ.ഐ.എസ്.എഫ് ഉള്‍പ്പെടുന്ന ആന്റി എസ്.എഫ്.ഐ മുന്നണിക്ക് തിരിച്ചടിയായി. എസ്.എഫ്.ഐ നേതാക്കളാണ് എന്ന് തെറ്റുധരിപ്പിച്ച് കൗണ്‍സിലേഴ്‌സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും പ്രസ്താവനയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates