

ആലപ്പുഴ: യുവാവിന്റെ വെട്ടേറ്റ് പിതാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കണ്ടല്ലൂര്‍ തെക്ക് കളരിക്കല്‍ ജംഗ്ഷനില്‍ പീടികച്ചിറയില്‍ നടരാജന്‍ (63) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ലഹരി ഉപയോഗവും പെട്ടെന്നുള്ള പ്രകോപനവുമാണ് അഭിഭാഷകനായ മകന്‍ നവജിത്തിന്റെ ആക്രമണത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ആസൂത്രിത കൊലപാതകത്തിന്റെ സൂചനയാണ് പൊലീസിന് ലഭിച്ചത്.
നടരാജന്റെ മുറിയിലെ അലമാരയില്‍ ഏതാണ്ട് ഏഴു ലക്ഷം രൂപയും 50 പവനോളം സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു. അതു കൈക്കലാക്കാന്‍ നവജിത് നടത്തിയ ശ്രമമാണു കൊലപാതകത്തില്‍ എത്തിയതെന്നാണു പൊലീസ് സംശയിക്കുന്നത്. പരിശോധനയില്‍ അലമാര തുറക്കാനുള്ള ശ്രമം നടന്നതായുള്ള സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിലേക്ക് നയിച്ച മറ്റു കാരണങ്ങള്‍ കൂടി അന്വേഷണ സംഘം തേടുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാവ് സിന്ധു അപകടനില തരണം ചെയ്തിട്ടില്ല. മൂന്നു ശസ്ത്രക്രിയകള്‍ കഴിഞ്ഞെങ്കിലും അബോധാവസ്ഥയില്‍ തിരുവല്ലയിലെ ആശുപത്രിയിലാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കണ്ടല്ലൂരിലെ വീട്ടില്‍ ദമ്പതികള്‍ മകന്റെ ആക്രമണത്തിനിരയായത്. നവജിത്തിനെ തെളിവെടുപ്പിനു വേണ്ടി വെള്ളിയാഴ്ച കനകക്കുന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അതിനായി ഇന്നു ഹരിപ്പാട് കോടതിയില്‍ അപേക്ഷ നല്‍കും. നവജിത്തിന്റെ ഭാര്യ നവ്യയെ പ്രസവത്തിനായി ഇന്നു കൈപ്പട്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ഭര്‍തൃപിതാവ് കൊല്ലപ്പെട്ടതും ഭര്‍ത്താവ് അറസ്റ്റിലായതും നവ്യയെ അറിയിച്ചിരുന്നു. രക്തസമ്മര്‍ദം കൂടിയതിനാല്‍ നിരീക്ഷണത്തിലാണ്. ഒന്നരവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates