തൃശൂര്‍ : വാഹനമിടിച്ച് ചാലക്കുടി പോട്ടയില്‍ വെച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍, 'അജ്ഞാത' വാഹനത്തെ പൊലീസ് കണ്ടെത്തി. രണ്ടു മാസത്തോളം നീണ്ട ശ്രമകരമായ അന്വേഷണത്തിലൂടെയാണ് വാഹനത്തെയും ഡ്രൈവറെയും ചാലക്കുടി ഡിവൈഎസ്പി സന്തോഷും സംഘവും കണ്ടെത്തിയത്. പാലക്കാട് നൂറണി വെണ്ണക്കര സ്വദേശി വയനാട്ടു പുര വീട്ടില്‍ മധു (38 വയസ്) ആണ് അറസ്റ്റിലായത്.
ഇടിച്ചിട്ടിട്ട് കടന്നുകളഞ്ഞു
 
കഴിഞ്ഞ ആഗസ്റ്റ് പതിനാറാം തീയതി അര്‍ദ്ധരാത്രിയോടെ ചാലക്കുടി പോട്ട പാപ്പാളി ജംഗ്ഷനു സമീപം വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കാല്‍ നടയാത്രക്കാരനായ കോഴിക്കോട് സ്വദേശി ജോസ് എന്നയാളാണ് അജ്ഞാത വാഹനം ഇടിച്ച് മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയതിനാല്‍ യഥാസമയം ഇയാളെ ആശുപത്രിയില്‍ എത്തിക്കാനായില്ല. വഴിയാത്രക്കാരിലൊരാള്‍ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
ഡിജിപിയുടെ ഇടപെടല്‍
ഇടിച്ച ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ പൊലീസ് മേധാവി അനില്‍കാന്ത് തൃശൂര്‍ എസ്പിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് എസ്പി പൂങ്കുഴലി ചാവക്കുടി ഡിവൈഎസ്പി സന്തോഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രണ്ട് മാസത്തോളം നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിലാണ് നിര്‍ത്താതെ പോയ വാഹനം ലോറിയാണെന്ന് കണ്ടെത്തി പിടികൂടിയത്. 
സിസിടിവി പരിശോധന
 
അങ്കമാലി മുതല്‍ തലോര്‍ വരെയുള്ള നാല്‍പത്തിയെട്ടോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദേശീയപാതയിലൂടെ കടന്നുപോയ നൂറു കണക്കിന് വാഹനങ്ങളില്‍ നിന്നും സംശയാസ്പദമായ കേരള, കര്‍ണ്ണാടക, തമിഴ് നാട് രജിസ്‌ട്രേഷനുകളിലുള്ള പത്തോളം വാഹനങ്ങള്‍ കര്‍ണ്ണാടകയിലെ തുംകൂര്‍, ബാംഗ്ലൂര്‍ ചെന്നമനക്കരൈ, തമിഴ്‌നാട്ടിലെ കുളിത്തലൈ, രാമനാഥപുരം, വിരുദുനഗര്‍, ദിണ്ഡിഗലിനടുത്തുള്ള തെന്നംപട്ടി എന്നിവിടങ്ങളില്‍ നേരിട്ട് പോയി വിശദമായി അന്വേഷിച്ചു. ഇതില്‍ നിന്നുമാണ് അപകടത്തിനിടയാക്കിയ നാഷണല്‍ പെര്‍മിറ്റ് ലോറി കണ്ടെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്.
രണ്ടു മാസത്തോളം മൂന്ന് സംസ്ഥാനങ്ങളില്‍ അലഞ്ഞ്, ശ്രമകരവും കൃത്യതയുമാര്‍ന്ന അന്വേഷണത്തിലൂടെ അപകടത്തിനിടയാക്കി നിര്‍ത്താതെ പോയ വാഹനം കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇത് നാലാം തവണയാണ് അജ്ഞാത വാഹനമിടിച്ച് ആളുകള്‍ മരിച്ച സംഭവത്തിലുള്‍പ്പെട്ട വാഹനം ചാലക്കുടി ഡിവൈഎസ്പി സന്തോഷിന്റെ നേതൃത്വത്തില്‍ കണ്ടെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
