

കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയുടെ വീഡിയോ സന്ദേശം പുറത്ത്. മരണമൊഴി എന്നുപറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
'എന്തിനായിരിക്കും ആത്മഹത്യ ചെയ്തതെന്ന ഈ വിഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്ക് വ്യക്തമാകുമെന്നു' പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.നിതീഷ് നാരായണന്‍ എന്നയാളാണ് പീഡിപ്പിച്ചതെന്നും അനന്തുപറയുന്നു. നേരത്തെ എന്‍എം എന്നയാള്‍ പീഡിപ്പിച്ചുവെന്നുമാത്രമാണ് പറഞ്ഞിരുന്നത്. അയാള്‍ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. സെപ്റ്റംബര്‍ പതിനാലിനാണ് വിഡിയോ ഷെഡ്യൂള്‍ ചെയ്തത്. താനൊരു ലൈംഗികാതിക്രമ ഇരയെന്നും ഇയാള്‍ പറയുന്നു.ജീവിതത്തില്‍ ആര്‍എസ്എസുമായി ഇടപഴകരുത്. മൂന്നുനാലു വയസുമുതല്‍ വീടിനടുത്തുള്ളയാള്‍ പീഡിപ്പിച്ചു. ഇതിനെന്നും തന്റെ പക്കല്‍ തെളിവില്ലെന്നും വീഡിയോയില്‍ പറയുന്നു.
ആര്‍എസ്എസ് ക്യാംപുകളില്‍ നടക്കുന്നത് ടോര്‍ച്ചറിങ്ങ് ആണെന്നും നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്നും അനന്തു വീഡിയോയില്‍ പറയുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. പീഡനം എന്നുതിരിച്ചറിഞ്ഞത് കഴിഞ്ഞവര്‍ഷമാണ്. ഇതേതുടര്‍ന്ന് വിഷാദ രോഗത്തിന് ഉള്‍പ്പടെ ചികിത്സ തേടിയെന്നും അനന്തു പറയുന്നു.
അതേസമയം, കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതിനു മുന്‍പു കാര്യങ്ങള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നു കമ്മിഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞ കാര്യങ്ങള്‍ അല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വീഡിയോയിലെ പ്രസക്തഭാഗങ്ങള്‍
ഇന്ന് സെപ്റ്റംബര്‍ പതിനാല്. സമയം 10.26. ഞാന്‍ വന്നിരിക്കുന്നത് മരണമൊഴിയുമായാണ്. ഞാന്‍ എന്തിനായിരിക്കും ജീവിതം അവസാപ്പിക്കുന്നത് എന്ന് എല്ലാവര്‍ക്കും സംശയമുണ്ടാകും. അതിന് ഉത്തരമാണ് ഈ വീഡിയോ. ഞാന്‍ ഒരു ഇന്ററോവേര്‍ട്ടാണ്. ഒതുങ്ങി ജീവിക്കുന്ന ടൈപ്പാണ്. ഞാന്‍ പറയാന്‍ പോകുന്നത് ജീവിതത്തെ കുറിച്ചാണ്. ഞാന്‍ ഒരു ഒസിഡി രോഗിയാണ്. ആറ് മാസമായി ഗുളിക കഴിക്കുന്നു. ഏഴ് കൂട്ടം ഗുളികളുണ്ട്. ഗുളികകള്‍ കാരണം ആണ് ജീവിച്ചിരിക്കുന്നത്. എന്റെ ജീവിതം കുറച്ച് കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്. ഞാന്‍ ഒരു ഇരയാണ്. മൂന്ന് നാല് വയസ് മുതല്‍ ഞാന്‍ തുടരെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതാണ് ഒസിഡിക്ക് കാരണം. ഞാന്‍ നേരിട്ടത് അബ്യൂസ് ആണെന്ന് മനസിലായത് കഴിഞ്ഞ വര്‍ഷം മാത്രമാണ്.
എന്നെ അബ്യൂസ് ചെയ്ത ആള്‍ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. അവന് ഒന്നും അറിയേണ്ട. ഒസിഡി വന്ന ആളുടെ മനസ് എങ്ങനെയാണെന്ന് പറഞ്ഞ് മനസിലാക്കാന്‍ കഴിയില്ല. മൂന്ന് വയസ് മുതല്‍ ഞാന്‍ പീഡനത്തിരയായി വന്നു. പുറത്ത് പറയാന്‍ പേടിയായിരുന്നു. ആളുകള്‍ തെളിവുണ്ടോ എന്ന് ചോദിക്കും. തെളിവില്ല. എനിക്ക് അമ്മയും സഹോദരിയുമാണ് എല്ലാം. അവര്‍ കാരണമാണ് ഇത്രയും നാള്‍ ജീവിച്ചിരുന്നത്. ഇതുപോലെയൊരു അമ്മയേയും സഹോദരിയേയും ലഭിക്കാന്‍ പുണ്യം ചെയ്യണം. എനിക്ക് ഒരു നല്ല മകനോ ചേട്ടനോ ആകാന്‍ കഴിഞ്ഞിട്ടില്ല. പല സ്ഥലങ്ങളില്‍ നിന്ന് ഞാന്‍ പീഡനത്തിനിരയായി. ആണുങ്ങളാണ് പീഡിപ്പിച്ചത്. ജീവിതത്തില്‍ നമ്മള്‍ ഒരിക്കലും ഇടപഴകരുതാത്ത ചില ആളുകളുണ്ട്. അവരാണ് ആര്‍എസ്എസുകാര്‍. അവരുടെ ക്യാംപുകളില്‍ ഭയങ്കര മോശമായ സാഹചര്യമാണുള്ളത്. ടോര്‍ച്ചറാണ് അവിടെ നടക്കുന്നത്. മെന്റലി, ഫിസിക്കലി, സെക്ഷ്വലി അവര്‍ അബ്യൂസ് ചെയ്യും. കുട്ടികളെയാണ് പീഡിപ്പിക്കുന്നത്. ഫിസിക്കലിയും അബ്യൂസ് ചെയ്യും. പലതും ചെയ്യും. തെളിവ് ചോദിച്ചാല്‍ നല്‍കാന്‍ ഇല്ല. ഇത്ര വര്‍ഷം കഴിഞ്ഞാല്‍ എവിടെ തെളിവ്.
ലൈഫില്‍ ഒരിക്കലും ആര്‍എസ്എസുകാരനുമായി ഇടപഴകരുത്. പലര്‍ക്കും എന്റേതിന് സമാനമായ അനുഭവം നേരിടേണ്ടിവന്നു. ആരും തുറന്നുപറയാത്തതാണ്. എന്നെ പീഡിപ്പിച്ച ആള്‍ നിധീഷ് മുരളീധരനാണ്. എല്ലാവരുടെയും കണ്ണന്‍ചേട്ടന്‍. ലൈഫ് ലോങ് പീഡിപ്പിക്കുന്നവര്‍ക്ക് പീഡിപ്പിച്ച് പോയാല്‍ മതി. അത് ജീവിതകാലം മുഴുവന്‍ അനുഭവിക്കണം. ഞാന്‍ ഒരു വിധത്തിലാണ് ജീവിച്ചുപോകുന്നത്. ജീവിക്കാന്‍ കഴിയില്ല എനിക്ക്. ശരിക്കും മടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates