

തൊടുപുഴ; ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ വീണ്ടും പെരിയാർ റേഞ്ചിലെ വനമേഖലയ്ക്കുള്ളിൽ എത്തിയെന്ന് വനംവകുപ്പ്. തമിഴ്നാട് വനമേഖലയിലേക്കു പോയശേഷം ഇന്നലെ രാത്രിയോടെയാണ് കേരളത്തിലേക്ക് കടന്നത്. നാലു ദിവസം കൊണ്ട് 40 കിലോമീറ്റർ ദൂരമാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്.
ജനവാസ മേഖലകളിൽനിന്ന് അധികം ദൂരെയല്ലാത്ത വനപ്രദേശത്തുനിന്നാണ് നിലവിൽ അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളർ സിഗ്നലുകൾ ലഭിക്കുന്നത്. വിവിധ സംഘങ്ങളായി അരിക്കൊമ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. പെരിയാർ കടുവാസങ്കേതത്തോടു ചേർന്നുകിടക്കുന്ന മേഘമല വന്യജീവി സങ്കേതത്തിന്റെ താഴ്‌വാരത്ത് ചുരുളിയാർ ഭാഗത്ത് ഇന്നലെ ആനയെ കണ്ടിരുന്നു.
കഴിഞ്ഞ ദിവസം പെരിയാർ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു അരിക്കൊമ്പനുണ്ടായിരുന്നത്. ചിന്നക്കനാലിലേത് പോലെ രാത്രിയിൽ വനത്തിനുള്ളിലൂടെ അരിക്കൊമ്പൻ സഞ്ചാരം തുടങ്ങി. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പർ മണലാർ എന്നീ സ്ഥലങ്ങൾക്ക് സമീപത്തുള്ള അതിർത്തിയിലെ വനമേഖയിയൂടെ ഇരവങ്കലാർ ഭാഗത്തെത്തി. ഈ ഭാഗത്തെ വനത്തിൽ നിന്നും പുറത്തിറങ്ങിയാൽ മേഘമലയിലെ തേയിലത്തോട്ടത്തിലേക്കെത്താം. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഇവിടെയുമുണ്ട്. അതിനാൽ ഈ ഭാഗത്തുള്ളവരോട് ജാഗ്രത പാലിക്കാൻ തമിഴ് നാട് വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കാടിന് വെളിയിലേക്ക് ഇറങ്ങുന്നത് തടയാൻ വനപാലക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
പെരിയാർ വനത്തിനുള്ളിലെ മംഗളാദേവിയിൽ ഉത്സവം നടക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ വനപാലകരെ വിന്യസിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഭക്തർ വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഉത്സവത്തിന് എത്തുന്ന പശ്ചാത്തലത്തിലാണ് ആനയെ കൂടുതൽ നിരീക്ഷിക്കുന്നത്. ക്ഷേത്ര പരിസരത്തേക്ക് എത്തിയാൽ ആവശ്യമെങ്കിൽ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates