ആശ പ്രവര്‍ത്തകരുടെ സമരം ഇന്ന് 100-ാം ദിനം; സമരവേദിയില്‍ പ്രതിഷേധപ്പന്തങ്ങള്‍ ഉയരും

സര്‍ക്കാര്‍ ആഘോഷത്തോടെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശ സമരം നൂറ് നാള്‍ പിന്നിടുന്നത്
ASHA workers' strike
ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം ചിത്രം: ബി പി ദീപു-എക്സ്പ്രസ്
Updated on
1 min read

തിരുവനന്തപുരം : ഓണറേറിയം വര്‍ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവര്‍ത്തകര്‍ സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം നൂറാം ദിനത്തിലേക്ക്. 100 ദിവസം പൂര്‍ത്തിയാകുന്ന ഇന്ന് സമരവേദിയില്‍ 100 തീപ്പന്തങ്ങള്‍ ഉയര്‍ത്തും. രാപ്പകൽ സമരയാത്ര 16-ാം ദിനത്തിലേക്ക് കടന്നു. അതേസമയം സമരത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ്.

സര്‍ക്കാര്‍ ആഘോഷത്തോടെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശ സമരം നൂറ് നാള്‍ പിന്നിടുന്നത്. സമരത്തിനു പിന്തുണ തേടി കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു നയിക്കുന്ന 'രാപകല്‍ സമരയാത്ര' കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കി.

ഓണറേറിയം വര്‍ധിപ്പിക്കുക, അത് എല്ലാ മാസവും 5ന് അകം നല്‍കുക, വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം എഴായിരം രൂപയില്‍നിന്ന് 21000 ആയി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി പത്തിന് സമരം ആരംഭിച്ചത്.

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം, അനിശ്ചിതകാല നിരാഹാരസമരം, മുടിമുറിക്കല്‍ സമരം, നിയമസഭാ മാര്‍ച്ച്, സാംസ്‌കാരിക നേതാക്കളുടെ സംഗമം, പ്രതിഷേധ പൊങ്കാല, സെക്രട്ടറിയേറ്റ് ഉപരോധം, കേരളമാകെ നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരയാത്ര തുടങ്ങിയ വ്യത്യസ്ത രീതികളിലൂടെയാണ് സമരം മുന്നേറുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com