കല്‍പ്പറ്റ : പൊതു രാഷ്ട്രീയമണ്ഡലത്തില്‍ കുറ്റിയറ്റുപോകുന്ന ലാളിത്യത്തിന്റെ പ്രതിരൂപമാണ് സിപിഎം നേതാവ് സി കെ ശശീന്ദ്രന്‍. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ജെഡിയുടെ എംവി ശ്രേയാംസ്‌കുമാറിനെ പരാജയപ്പെടുത്തി ആ ലാളിത്യം നിയമസഭയുടെ പടി കടന്നെത്തി. എന്നാല്‍ ഇക്കുറി കല്‍പ്പറ്റയില്‍ ശശീന്ദ്രന് സീറ്റ് നല്‍കിയേക്കില്ല. സീറ്റ് ഘടകകക്ഷിക്ക് നല്‍കുമെന്നാണ് സൂചന.
അതേസമയം താഴേത്തട്ടിലുള്ള സിപിഎം പ്രവര്‍ത്തകര്‍ ശശീന്ദ്രന്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയിലാണ്. സിപിഎം നേതാക്കള്‍ പോലും പഞ്ചനക്ഷത്ര ജീവിതശൈലി പിന്തുടരുന്നു എന്ന ആക്ഷേപം ശക്തമായ കാലത്താണ്, ചെരിപ്പിടാതെയും പശുവിനെ പോറ്റിയും ജീവിതം തുടരുന്ന ശശീന്ദ്രന്റെ ലാളിത്യം ചര്‍ച്ചയായത്. എംഎല്‍എ ആയശേഷവും, തനി നാടന്‍ കര്‍ഷകനെന്ന ജീവിതചര്യയില്‍ ശശീന്ദ്രന് മാറ്റമുണ്ടായില്ല.
നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് വയനാട് മുന്‍ ജില്ലാ സെക്രട്ടറിയായ സി കെ ശശീന്ദ്രന്‍. സിപിഎം പനമരം, മുട്ടില്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന സി പി കേശവന്‍ നായരുടെയും ജാനകിയമ്മയുടെയും മകനാണ്. എസ്എഫ്‌ഐയിലൂടെയാണ് ശശീന്ദ്രന്റെ രാഷ്ട്രീയപ്രവേശം. വയനാട് ജില്ലയിലെ ആദിവാസി ഭൂസമരങ്ങളിലൂടെ സംസ്ഥാനരാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ബത്തേരി സെന്റ് മേരീസ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശശീന്ദ്രന്‍ 1980-86 കാലഘട്ടത്തില്‍ എസ്എഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയായിരുന്നു.
1989-96 കാലയളവില്‍ ഡിവൈഎഫ്‌ഐയുടെ ജില്ലാസെക്രട്ടറിയും പ്രസിഡന്റുമായി. 1988ല്‍ സിപിഎം ജില്ലാകമ്മിറ്റിയംഗമായ ശശീന്ദ്രന്‍ 2009ല്‍ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എക്കാലവും വി എസ് അച്യുതാനന്ദന്റെ നിലപാടുകളോട് ആഭിമുഖ്യം പുലര്‍ത്തിയ നേതാവായിരുന്നു സി കെ ശശീന്ദ്രന്‍. ഇത് സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തിന്റെ അപ്രീതിക്ക് ഇടയാക്കുകയും ചെയ്തിരുന്നു. 2016 ല്‍ എം വി ശ്രേയാംസ്‌കുമാറിനെതിരെ, ലാളിത്യവും ജനപ്രീതിയുമുള്ള ശശീന്ദ്രനെ രംഗത്തിറക്കി സിപിഎം മണ്ഡലം പിടിക്കുകയായിരുന്നു.
ശശീന്ദ്രന് പകരം ആര് ?
ഇത്തവണ ശശീന്ദ്രന് പകരം, ഇടതുമുന്നണിയില്‍ തിരിച്ചെത്തിയ ലോക് താന്ത്രിക് ജനതാദളിന് ( എല്‍ജെഡി) കല്‍പ്പറ്റ മണ്ഡലം വിട്ടുകൊടുക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് വിട്ട് എല്‍ജെഡിയില്‍ ചേര്‍ന്ന ഡിസിസി സെക്രട്ടറി പി കെ അനില്‍കുമാറിന്റെ അടക്കം പേരുകള്‍ മണ്ഡലത്തിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
കര്‍ഷകരും തോട്ടം തൊഴിലാളികളും നിര്‍ണായക സ്വാധീനം ചെലുത്തുന്ന കല്‍പ്പറ്റ പൊതുവെ യുഡിഎഫ് ആഭിമുഖ്യം പുലര്‍ത്തുന്ന മണ്ഡലമാണ്. വയനാട് ജില്ല രൂപീകരിച്ചതിന് ശേഷം രണ്ട് തവണമാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തില്‍ വിജയിച്ചത്. 1987ല്‍ എം പി വീരേന്ദ്ര കുമാറും 2006ല്‍ എം വി ശ്രേയാംസ് കുമാറും ഇടതുപക്ഷത്ത് നിന്നും വിജയിച്ചു. 2011 ല്‍ വീരേന്ദ്രകുമാറും സംഘവും യുഡിഎഫിലേക്ക് ചേക്കേറിയപ്പോള്‍ എം വി ശ്രേയാംസ് കുമാര്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മണ്ഡലം നിലനിര്‍ത്തി. സിപിഎമ്മിന്റെ പി എ മുഹമ്മദിനെയാണ് അന്ന് ശ്രേയാംസ് കുമാര്‍ തോല്‍പ്പിച്ചത്.
വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ, കോട്ടത്തറ, വെങ്ങപ്പള്ളി, തരിയോട്, മേപ്പാടി, വടുവന്‍ചാല്‍, മുട്ടില്‍, കണിയാമ്പറ്റ പഞ്ചായത്തുകളും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്നതാണ് കല്‍പ്പറ്റ മണ്ഡലം. വൈത്തിരി, പൊഴുതന, മേപ്പാടി, വടുവന്‍ചാല്‍ പഞ്ചായത്തുകള്‍ പ്രധാന തോട്ടം മേഖലയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള നഗരസഭയാണ് കല്‍പ്പറ്റ. രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചതോടെ, ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിലേക്ക് ചാഞ്ഞ കല്‍പ്പറ്റയെ, വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇടതുപക്ഷത്ത് നിലനിര്‍ത്താനാകുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates