

കേരള രാഷ്ട്രീയത്തില്‍ അടുത്ത മുഖ്യമന്ത്രി ആരാകും എന്ന ചര്‍ച്ച ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജ്യോതിഷപരമായും പലരും ഈ വിഷയത്തെ നോക്കി കാണുന്നുണ്ട്. നക്ഷത്രവും നിലവിലെ ഗ്രഹഗതിയും അടിസ്ഥാനമാക്കി ചില രാഷ്ട്രീയ നേതാക്കളുടെ സമയാനുകൂല്യം എങ്ങനെയാണെന്ന ഒരു പൊതുവായ നിരീക്ഷണമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇത് ചാരഫലത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള വിശകലനമാണെന്നും, വ്യക്തിഗത ജാതകത്തിലെ ദശാഭുക്തി, ജനനസമയം, ഗ്രഹബലം എന്നിവ പരിശോധിച്ചുള്ള അന്തിമ വിധിയല്ലെന്നുമാണ് ആദ്യം വ്യക്തമാക്കേണ്ടത്.
വി.ഡി. സതീശന്റെ നക്ഷത്രം ചതയമാണ്. ചതയം നക്ഷത്രക്കാര്‍ക്ക് ജൂണ്‍ ആദ്യവാരം വരെ വ്യാഴത്തിന്റെ അനുകൂല സ്ഥിതി നിലനില്‍ക്കുന്നതായി കാണാം. അഞ്ചിലെ വ്യാഴം പൊതുവേ അധികാരലാഭം, പുതിയ ഉത്തരവാദിത്തങ്ങള്‍, ജനപിന്തുണ വര്‍ധിക്കല്‍, അംഗീകാരം എന്നിവയ്ക്കുള്ള സൂചനയായി ജ്യോതിഷത്തില്‍ കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് നേതൃസ്ഥാനവുമായി ബന്ധപ്പെട്ട നിര്‍ണായക അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണ്.
എന്നാല്‍ കാര്യങ്ങള്‍ അതിവേഗം തീരുമാനത്തിലേക്ക് നീങ്ങേണ്ട സാഹചര്യമാണെന്നും കാണാം. രാഷ്ട്രീയമായ അനിശ്ചിതത്വമോ വൈകിപ്പോക്കോ ഉണ്ടായാല്‍ പിന്നീട് അനുകൂലത കുറയാന്‍ ഇടയുണ്ട്. ജൂണിന് ശേഷം വ്യാഴസ്ഥിതി മാറുന്നതോടെ മുമ്പുണ്ടായിരുന്ന പിന്തുണയും ആത്മവിശ്വാസവും കുറഞ്ഞ രീതിയിലേക്ക് കാര്യങ്ങള്‍ പോകാന്‍ സാധ്യത കാണുന്നു.
കെ.സി. വേണുഗോപാലിന്റെ നക്ഷത്രം ഉത്രാടമാണ്. ഉത്രാടം നക്ഷത്രക്കാര്‍ക്ക് രാശിഭേദം അനുസരിച്ചാണ് ഫലത്തില്‍ വ്യത്യാസം വരിക. ധനു രാശിയാണെങ്കില്‍ നിലവിലെ സമയം ഗുണകരമായി കണക്കാക്കാം. ദേശീയതലത്തില്‍ കൂടുതല്‍ അംഗീകാരവും സംഘടനാ ചുമതലകളില്‍ ശക്തമായ സ്വാധീനവും വര്‍ധിക്കാന്‍ ഇടയുണ്ട്.
എന്നാല്‍ മകരരാശിയാണെങ്കില്‍ സ്ഥിതി അത്ര അനുകൂലമല്ല. പ്രതീക്ഷിച്ച കാര്യങ്ങളില്‍ തടസമോ, അവസാന നിമിഷ മാറ്റങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എങ്കിലും രാഷ്ട്രീയ ചര്‍ച്ചകളില്‍ പേര് ശക്തമായി ഉയര്‍ന്ന് വരാനുള്ള സമയം തന്നെയാണെന്ന് പറയാം.
രമേശ് ചെന്നിത്തലയുടെ നക്ഷത്രം തിരുവാതിരയാണ്. തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ ജന്മവ്യാഴവും കണ്ടകശനിയും ചേര്‍ന്ന കാലഘട്ടമാണ്. ഇത് സാധാരണയായി മാനസിക സമ്മര്‍ദ്ദം, കാത്തിരിപ്പ്, പ്രതീക്ഷിച്ച നേട്ടങ്ങളില്‍ വൈകിപ്പ് എന്നിവ നല്‍കുന്ന ഘട്ടമായി ജ്യോതിഷം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനസാധ്യത താരതമ്യേന കുറവായാണ് കാണപ്പെടുന്നത്.
അതേസമയം രാഷ്ട്രീയമായ ഒരു പുതിയ ഉത്തരവാദിത്തമോ, സംസ്ഥാനത്തിന് പുറത്തേക്കുള്ള ഒരു പ്രധാന ചുമതലയോ ലഭിക്കാന്‍ സാധ്യത തള്ളിക്കളയാനാവില്ല.
ഇവയെല്ലാം നിലവിലെ ഗോചരഫലത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള പൊതുവായ ജ്യോതിഷ നിരീക്ഷണങ്ങളാണ്. രാഷ്ട്രീയത്തില്‍ അവസാന നിമിഷ തീരുമാനങ്ങളും കൂട്ടുകക്ഷി സമവാക്യങ്ങളും വലിയ പങ്കുവഹിക്കുന്നതിനാല്‍ ജ്യോതിഷഫലം മാത്രം ആശ്രയിച്ച് അന്തിമ നിഗമനത്തിലെത്താന്‍ സാധിക്കില്ല. എന്നിരുന്നാലും നിലവിലെ ഗ്രഹസ്ഥിതികള്‍ പരിഗണിക്കുമ്പോള്‍ വി.ഡി. സതീശന് സമയാനുകൂല്യം കുറച്ചുകൂടി ശക്തമാണെന്ന സൂചനയാണ് കാണുന്നത്.
കയ്യാലപ്പുറത്തെ തേങ്ങ പോലെ കാര്യങ്ങള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിമറിയാവുന്ന സ്ഥിതി. ജ്യോതിഷപരമായി വ്യാഴത്തിന്റെ മാറ്റം. നേരം വെളുക്കും മുമ്പുള്ള സ്ഥിതി എന്ന് വേണമെങ്കില്‍ കണക്കാക്കാം. അതുകൊണ്ടുതന്നെ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലയില്‍ കുറച്ചുകാലം ഒരാള്‍ക്കും പിന്നീടുള്ള സമയം മറ്റൊരാള്‍ക്കും എന്ന് ഒരു സമവായത്തില്‍ എത്താനും ഇതിന് സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates