

കൊല്ലം: കൊട്ടാരക്കരയില്‍ ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ഉത്തര്‍പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദി(28)നെയാണ് കൊട്ടാരക്കര അസി. സെഷന്‍സ് ജഡ്ജ് വി സന്ദീപ്കൃഷ്ണ ശിക്ഷിച്ചത്. പുതപ്പുകച്ചവടത്തിനെത്തിയ പ്രതി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. 2019 ഏപ്രില്‍ 13ന് രാവിലെ പത്തോടെയായിരുന്നു സംഭവം. ഉത്തരേന്ത്യക്കാരായ രണ്ടുപേരാണ് പുതപ്പുമായെത്തിയത്. യുവതി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു ചോദിച്ചശേഷം ഇവര്‍ പുതപ്പ് വേണ്ടെന്ന് കച്ചവടക്കാരോട് പറഞ്ഞു. വാതില്‍ ചാരി യുവതി അകത്തേക്കു പോകുന്നതിനിടെ, വീട്ടിനുള്ളില്‍ കയറിയ നൂര്‍ മുഹമ്മദ് ഇവരുടെ വായ പൊത്തുകയും ബലാത്സംഗത്തിനു ശ്രമിക്കുകയും ചെയ്തെന്നായിരുന്നു കേസ്. കുതറി പുറത്തേക്കോടി യുവതി രക്ഷപ്പെട്ടു. ബഹളവും നിലവിളിയും കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും നൂര്‍ മുഹമ്മദ് കടന്നുകളഞ്ഞു.
നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ രണ്ടുമണിക്കൂറിനുശേഷം വെട്ടിക്കവല ജങ്ഷനുസമീപമാണ് നൂര്‍ മുഹമ്മദിനെ കണ്ടെത്തിയത്. തിരിച്ചറിയാതിരിക്കാനായി ഇയാള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി താടി വടിച്ചു. പൊലീസ് സ്റ്റേഷനില്‍ പ്രതിയെ തിരിച്ചറിയുന്നതിനിടെ പേടിച്ച യുവതി കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു.
വീട്ടില്‍ അതിക്രമിച്ചു കടന്നതിന് അഞ്ചുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിന് അഞ്ചുവര്‍ഷം കഠിനതടവും 15,000 രൂപയും ബലാത്സംഗശ്രമത്തിന് മുന്നുവര്‍ഷം കഠിനതടവും 15,000 രൂപയും എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ സുനില്‍കുമാര്‍ കോടതിയില്‍ ഹാജരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates