

കേരളത്തിലെ കാമ്പസുകളില്‍ എല്ലാ സെപ്റ്റംബര്‍ ഇരുപത്തിമൂന്നിനും ഒരു രക്തസാക്ഷി മണ്ഡപം ഒരുങ്ങും. 1974-ല്‍ അതേ മാസം അതേ ദിവസം പട്ടാമ്പി സംസ്‌കൃത കോളജില്‍ എ.ബി.വി.പി പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട സെയ്താലി എന്ന രക്തസാക്ഷിയുടെ ഓര്‍മകള്‍ പൂക്കളായി, മുദ്രാവാക്യങ്ങളായി ആ മണ്ഡപങ്ങള്‍ക്കു മുകളില്‍ വര്‍ഷിക്കും. ഈ സെപ്റ്റംബറില്‍ ആ സംഭവത്തിനു അന്‍പത്തിയെന്നു വര്‍ഷം പിന്നിട്ടു. സെയ്താലിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസില്‍ പതിനൊന്ന് പ്രതികളാണുണ്ടായിരുന്നത്. ഏഴുപേര്‍ കെ.എസ്.യു പ്രവര്‍ത്തകരും പതിനൊന്ന് എ.ബി .വി.പി പ്രവര്‍ത്തകരും. പ്രതികളില്‍ എ.ബി.വി.പി പ്രവര്‍ത്തകരില്‍ ഒരാള്‍ ആ കേസില്‍ പതിനൊന്നാം പ്രതിയായി. ഒരു ശങ്കരനാരായണന്‍. അദ്ദേഹമാണ് കഴിഞ്ഞദിവസം അന്തരിച്ച ബാബു എം. പാലിശ്ശേരി. ഒരു പക്ഷേ, അധികം ആര്‍ക്കും അറിയാതിരുന്ന കഥ.
കോളജില്‍ സുമതി എന്നൊരു എസ്.എഫ്.ഐ പ്രവര്‍ത്തകയെ പത്താം പ്രതിയായി പേര്‍ ചേര്‍ക്കപ്പെട്ട ബാലചന്ദ്രനും പതിമൂന്നാം പ്രതിയായി പേര്‍ ചേര്‍ക്കപ്പെട്ട ശങ്കരനാരായണനും ചേര്‍ന്ന് അപമാനിച്ചതില്‍ തുടങ്ങിയ സംഘര്‍ഷത്തിനൊടുവിലാണ് സെയ്താലി കൊല്ലപ്പെടുന്നത് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നതായി വിധിന്യായത്തില്‍ പറയുന്നുണ്ട്. അന്ന് എ.ബി.വി.പിയുടെ നേതാവും ഇന്ന് വ്യാപാര പ്രമുഖനുമായ ദേവന്‍ നമ്പൂതിരി താമസിച്ചിരുന്ന ആരുണാലയത്തില്‍ നിന്നായിരുന്നു അന്ന് ശങ്കരനാരായണന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തത്. കോടതി വിചാരണകള്‍ക്കൊടുവില്‍ മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ അന്നത്തെ സെഷന്‍സ് ജഡ്ജി യു ലക്ഷ്മി ഭട്ട് പ്രതികളെ വെറുതെവിട്ടു.
എ.ബി.വി.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ തുടര്‍ പഠനം നടത്തിയ അദ്ദേഹം പഠന ശേഷം മുംബൈയിലേക്ക് തൊഴില്‍ തേടി പോയി. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം തിരികെ എത്തിയ അദ്ദേഹം തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ പഞ്ചായത്തില്‍ എത്തി സി.പി.എമ്മിന്റെ യുവജന സംഘടനയില്‍ സജീവമായി. സംഘപരിവാറില്‍ നിന്നും ചുവപ്പുരാഷ്ട്രീയത്തിലേക്കു വരാന്‍ എന്താണ് കാരണമെന്ന് അദ്ദേഹം ആരോടും വെളുപ്പെടുത്തിയില്ല. ശങ്കരനാരായണനില്‍ നിന്നും ബാബു എം. പാലിശ്ശേരിയിലേക്കുള്ള മാറ്റം, കടുത്ത കുറ്റബോധത്തില്‍ നിന്നുണ്ടായ മനംമാറ്റമായിരുന്നോ എന്ന് അദ്ദേഹം ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. കാരണം ഇത് സെയ്താലി കൊലപാതകത്തില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ശങ്കരനാരായണനാണെന്ന കാര്യം തൃശ്ശൂര്‍ ജില്ലയിലെ സി.പി.എമ്മുകാര്‍ക്ക് അറിയില്ലായിരുന്നു. ഒരു തരത്തില്‍ ഒരു ഒളിച്ചു കളി ജീവിതം. പിന്നീട് അദ്ദേഹം പാര്‍ട്ടിയുടെ ഓരോ പടവും കയറി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സി.പി.എം ജില്ലാക്കമ്മിറ്റി അംഗവുമായി. കുന്നംകുളത്തുനിന്നും രണ്ട് തവണ എം.എല്‍.എ ആയി. മരിക്കുമ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്നു.
2006 സെപ്റ്റംബറില്‍ സമകാലിക മലയാളം വാരിക പുറത്തുകൊണ്ടുവന്ന ശങ്കരനാരായണന്‍ കഥ അന്ന് സി.പി.എം വൃത്തങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. ബാബു പാലിശ്ശേരി ഇപ്പോള്‍ ഓര്‍മ്മയായി മാറി. അപ്പോഴും ശങ്കരനാരായണനില്‍ നിന്നും ബാബു എം പാലിശ്ശേരി എന്ന പേരുമാറ്റവും പാര്‍ട്ടിമാറ്റവും ഉത്തരംകിട്ടാത്ത കഥയായി മാറുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
