ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഇന്ന് അവധി

പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല
beemapally uroos
ബീമാപള്ളി ഉറൂസ് ഫയൽ
Updated on
1 min read

തിരുവനന്തപുരം: ബീമാപള്ളി ഉറൂസിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല. ഇന്ന് മുതൽ 13 വരെയാണ് ബീമാപള്ളി ഉറൂസ്.

ഇന്ന് രാവിലെ എട്ടിന് പ്രാർഥനയും തുടർന്ന് നഗരപ്രദക്ഷിണവും നടക്കും.10.30ന് സമൂഹപ്രാർഥനക്ക് ചീഫ് ഇമാം നുജ്മുദ്ദീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും. 11ന് ജമാഅത്തെ പ്രസിഡന്റ് എം പി അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് എം കെ ബാദുഷ എന്നിവർ പതാക ഉയർത്തും. ഡിസംബർ 12 വരെ എല്ലാ ദിവസവും രാത്രി 9.30 മുതൽ മതപ്രഭാഷണം ഉണ്ടാകും.

എട്ടാം തീയതി വൈകീട്ട് 6.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്‌കാരിക, ആത്മീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ഒമ്പതിന് വൈകീട്ട് 6.30ന് പ്രതിഭാ സംഗമം, പത്തിന് രാത്രി 11.30ന് ത്വാഹ തങ്ങളും സംഘവും അവതരിപ്പിക്കുന്ന ബുർദ, 11ന് രാത്രി 11.30 മുതൽ മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന സൂഫി മദ്ഹ് ഖവാലി എന്നിവ ഉണ്ടാകും. സമാപന ദിവസമായ 13ന് പുലർച്ചെ ഒന്നിന് പ്രാർഥനക്ക് ബീമാ പള്ളി ഇമാം സബീർ സഖാഫി നേതൃത്വം നൽകും.1.30ന് നഗര പ്രദക്ഷിണം. നാലിന് കൂട്ട പ്രാർഥനക്ക് അബ്ദുറഹുമാൻ മുത്തുകോയ തങ്ങൾ അൽ ബുഹാരി നേതൃത്വം നൽകും.

ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. തീർഥാടകർക്കുള്ള സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും മുൻ വർഷത്തെക്കാൾ മികച്ച രീതിയിൽ ഉറൂസ് ഉത്സവം നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഉറൂസ് നടത്തിപ്പിന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സബ് കലക്ടർ ആൽഫ്രഡ് ഒ വിയെ നോഡൽ ഓഫീസറായി യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉറൂസ് ദിനങ്ങളിൽ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് ബീമാപ്പള്ളിയിലേക്ക് പ്രത്യേക സർവീസ് ഏർപ്പെടുത്തും.

തീർഥാടകരുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി വനിതാ പൊലീസ് ഉൾപ്പെടെ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കും. പൊലീസ് കൺട്രോൾ റൂം തുറക്കും. വിവിധയിടങ്ങളിൽ സിസി ടിവി ക്യാമറകളും സ്ഥാപിക്കും. ഉത്സവസമയത്ത് പൂർണ സജ്ജീകരണങ്ങളോടുകൂടിയ ഫയർ ആൻഡ് റസ്‌ക്യൂ ടീം ബീമാപള്ളി പരിസരത്ത് ക്യാമ്പ് ചെയ്യും. സിവിൽ ഡിഫെൻസ് വോളന്റിയർമാരുടെ സേവനവും ഉണ്ടായിരിക്കും. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീം ബീമാപള്ളിയിൽ ക്യാമ്പ് ചെയ്യും. അടിയന്തരഘട്ടങ്ങളിൽ ആംബുലൻസ് സേവനവും ഉറപ്പാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com