

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലാണ് എഡിറ്റോറിയലില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്. ആരിഫിന് ആ മഹത്തായ പദവിയില്‍ അര്‍ഹതയുണ്ടോ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
ഭരണഘടനാപദവി രാഷ്ട്രീയ കസര്‍ത്തിനുപയോഗിക്കുന്ന ആരിഫ് മുഹമ്മദ്ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്തിന് യോഗ്യനാണോ എന്ന ചര്‍ച്ച തുടങ്ങിയിട്ട് നാളേറെയായി എന്ന് മുഖപ്രസംഗം അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസിന്റേതടക്കം ഒട്ടനവധി പാര്‍ട്ടികളുടെ ഇടനാഴികളില്‍ അധികാര ഭിക്ഷ യാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമാണ്, ജനാധിപത്യത്തെയും ജനതാല്പര്യങ്ങളെയുമെല്ലാം പുച്ഛിച്ചുതള്ളുന്ന സംഘപരിവാറില്‍ ചേക്കേറി, അതുവഴി ഗവര്‍ണര്‍ പദവിയിലമര്‍ന്നിരിക്കുന്നത്.
കേരളം പോലെ രാഷ്ട്രീയജനാധിപത്യ മതേതര മാന്യതകളെല്ലാം പുലര്‍ത്തുന്ന സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പദവിയിലേക്ക് ആരിഫിനെ ആര്‍എസ്എസ് നിയോഗിച്ചതുതന്നെ അവരുടെ അജണ്ട വേഗത്തിലാക്കുന്നതിനാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭൂരിപക്ഷ സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളുകവഴി ആളാകുക എന്ന ആഗ്രഹം മാത്രമല്ല ആരിഫ് സാധിച്ചതെന്ന് പിന്നീട് ബിജെപി നേതൃത്വങ്ങളുടെ പ്രതികരണത്തോടെ വ്യക്തം.
കേരളത്തിന്റ സിഎഎ വിരുദ്ധ നീക്കത്തിനെതിരെയും ആര്‍എസ്എസ് ദാസ്യപ്പണിയുടെ ഭാഗമായി ആരിഫ് മുഹമ്മദ്ഖാന്‍ രംഗത്തിറങ്ങിയിരുന്നു.സംഘപരിവാര്‍ താല്പര്യങ്ങളുടെ വ്യാപനത്തിന് ഗുണമുണ്ടാക്കാന്‍, ആരിഫിന്റെ അതിരുവിട്ടുള്ള നിലപാടുകള്‍ക്കും രാഷ്ട്രീയപ്രസംഗത്തിനും ഇടംകൊടുക്കുന്ന ചില വാര്‍ത്താമാധ്യമങ്ങളുടെ മനോനിലയും ആശങ്കകളുണ്ടാക്കുന്നതാണ്. ജനവിരുദ്ധമായ, ഭരണഘടനാവിരുദ്ധമായ മനോനിലയുള്ളവരെ ഇത്തരം പദവിയില്‍ നിയോഗിക്കുന്ന മോദി-അമിത് ജോഡിയുടെ ഹോബിയെ ജനങ്ങളാല്‍ എതിര്‍ക്കപ്പെടണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates