ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കണം; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മെയ് 16 വരെയുള്ള കണക്കുകള്‍ പ്രകാരം ഖജനാവിലെ നീക്കിയിരിപ്പ് 2,211.93 കോടി രൂപയായി ചുരുങ്ങിയെന്നും ധവളപത്രം വ്യക്തമാക്കുന്നു
VD Satheesan White Paper
VD Satheesan White Paper
Edited By:
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സമഗ്ര പരിഷ്‌കരണമാണ് ധവളപത്രത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സപ്ലൈകോയുടെ നഷ്ടം നികത്താന്‍ ബിവറേജ് കോര്‍പ്പറേഷനുമായി ലയിപ്പിക്കണം. ഉപഭോക്തൃ നിരക്കുകള്‍ വഴി ചെലവുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത പൊതുജന സേവനങ്ങള്‍ക്ക് പൂര്‍ണ സബ്‌സിഡി നല്‍കണം, കെഎസ്ഇബി സ്വയംപര്യാപ്തമാകണം, തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ വേണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ധവളപത്രത്തില്‍ മുന്നോട്ടുവച്ചിട്ടുള്ളത്. കിഫ്ബിയില്‍ സമഗ്ര പരിഷ്‌കരണം വേണമെന്നും നിര്‍ദേശമുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുള്ളത് കേരളത്തിലാണ്. ആകെ സ്ഥാപനങ്ങളില്‍ 132 എണ്ണം ഉല്‍പാദനം, വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ ഉടമസ്ഥതാ ഘടനയും വ്യത്യസ്തമാണ്. എന്നാല്‍ മൊത്തം നിക്ഷേപത്തിന്റെ 86 ശതമാനവും അഞ്ച് സ്ഥാപനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സഞ്ചിത നഷ്ടം 2021-22 ലെ 31,571 കോടി രൂപയില്‍ നിന്ന് 2024-25 ല്‍ 78,851 കോടി രൂപയായി വര്‍ദ്ധിച്ചു. 2024-25 ല്‍ കെഎസ്ആര്‍ടിസി, കെഎസ്എസ്പിഎല്‍, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ആകെ നഷ്ടത്തിന്റെ 72 ശതമാനത്തിനും കാരണമായി. ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ രൂപീകരണത്തിനായി സര്‍ക്കാര്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ നിരന്തരമായ നഷ്ടം ഈ സ്ഥാപനങ്ങളുടെ ആസ്തിമൂല്യം ഇല്ലാതാകാന്‍ കാരണമായി. ഇവയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനം ബജറ്റ് വിഹിതത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.

VD Satheesan White Paper
പിണറായി സർക്കാർ ഇറങ്ങുമ്പോൾ ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി; സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി എന്ന് ധവളപത്രം

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വരുത്തിവെക്കുന്ന സാമ്പത്തിക ആഘാതം വളരെ വലുതാണ്, അത് അവഗണിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍, പൊതുജന സേവനങ്ങള്‍ സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങള്‍ക്ക് തുടര്‍ന്നും ലഭ്യവും താങ്ങാനാവുന്നതുമായിരിക്കണം. എന്നാല്‍, പ്രവര്‍ത്തനപരമായ കാര്യക്ഷമതയില്ലായ്മയോ ധന ദുര്‍വിനിയോഗമോ മൂടിവെക്കാന്‍ സാമൂഹിക പ്രതിബദ്ധതയെ ഒരു ഒഴികഴിവായി ഉപയോഗിക്കരുത്. ഇതിനൊരു പരിഹാരം, സബ്സിഡികള്‍ ഉല്‍പാദനാധിഷ്ഠിതമാക്കുന്നതിന് പകരം ഉപഭോഗാധിഷ്ഠിതമാക്കുക എന്നതാണ്. കൂടാതെ, സര്‍ക്കാരിന്റെ വരുമാനം കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് തന്നെ വരണമെന്ന പ്രധാന തത്ത്വത്തിന്റെ ലംഘനം അനുവദിക്കാന്‍ കഴിയില്ല. കെഎസ്ഇബി വൈദ്യുതി നികുതി അടയ്ക്കാത്തത് ഇതിന് ഉദാഹരണമാണ്.

ബിവറേജസ് കോര്‍പ്പറേഷന്‍ അതിന്റെ ലാഭത്തില്‍ നിന്ന് വലിയൊരു തുക വരുമാന/ കോര്‍പ്പറേറ്റ് നികുതിയായി അടയ്ക്കുന്നുണ്ട്. ഇതിന് വിപരീതമായി, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വില്‍ക്കുന്നതുമൂലം വലിയ നഷ്ടം നേരിടുന്നു. ഈ രണ്ട് സ്ഥാപനങ്ങളെയും മദ്യവിതരണത്തിനും സിവില്‍ സപ്ലൈസ്/ വ്യവസ്ഥകള്‍ക്കുമായി പ്രത്യേക ഡിവിഷനുകളുള്ള ഒറ്റ കോര്‍പ്പറേഷനായി ലയിപ്പിക്കുന്നത് ഉചിതമായിരിക്കും. ഇത് സിവില്‍ സപ്ലൈസ് ഡിവിഷന്റെ നഷ്ടം ബിവറേജസ് ഡിവിഷന്റെ ലാഭവുമായി തട്ടിക്കിഴിക്കാന്‍ സര്‍ക്കാരിനെ സഹായിക്കും, അതുവഴി നികുതി ഇനത്തില്‍ പുറത്തേക്ക് പോകുന്ന തുക വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കാനോ സ്വകാര്യവല്‍ക്കരിക്കാനോ, അല്ലെങ്കില്‍ അടച്ചുപൂട്ടാനോ പരിഗണിക്കാവുന്നതാണ്.

VD Satheesan White Paper
'ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ല, മുന്‍പ് അവതരിപ്പിച്ച പല ധവളപത്രങ്ങളും പൊളിറ്റിക്കല്‍ ഡോക്യുമെന്റ്'; വിചിത്രവാദമെന്ന് പ്രതിപക്ഷം

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം സംസ്ഥാനത്തിന്റെ വികസന ചെലവുകളിലാണ് പ്രതിഫലിക്കുന്നത്. പദ്ധതി ചെലവുകള്‍ നാമമാത്രമായ നിരക്കില്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. മൊത്തം ചെലവിന്റെ വിഹിതം എന്ന നിലയില്‍ ഇത് ക്രമമായി ഇടിഞ്ഞ് 2025-26ഓടെ 18 ശതമാനത്തിന് താഴെയായി കുറഞ്ഞു. പദ്ധതി ചെലവുകളിലെ ഈ വെട്ടിക്കുറയ്ക്കല്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. എസ്സി/എസ്ടി/ഒബിസി, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായുള്ള പദ്ധതി ചെലവ് മൊത്തം പദ്ധതി ചെലവിന്റെ 9.24 ശതമാനത്തില്‍ നിന്ന് (2017-18ല്‍) 2025-26ല്‍ 3.85 ശതമാനമായി കുറഞ്ഞു. സാമൂഹ്യ സേവനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി ധനസഹായം എന്നിവയാണ് വ്യവസ്ഥാപിതമായി വെട്ടിച്ചുരുക്കലിന് വിധേയമായ മേഖലകള്‍.

കൃഷിയും അനുബന്ധ മേഖലകളും, വിദ്യാഭ്യാസം എന്നിവയിലെ ചെലവുകളിലും ഇടിവുണ്ടായിട്ടുണ്ട്. കേരളത്തിലെ ആസൂത്രണം സാമൂഹിക മാറ്റത്തിനുള്ള ഒരു ഉപകരണമായാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക പ്രതിസന്ധി കേരളം പണ്ടുമുതലേ ഉയര്‍ത്തിപ്പിടിച്ച ഈ മൂല്യങ്ങളുടെ തിളക്കം കുറച്ചിരിക്കുകയാണ്. വളര്‍ച്ച, നിക്ഷേപം, തൊഴില്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് മുന്നോട്ടുള്ള ഏറ്റവും നല്ല വഴി. സംസ്ഥാനത്തിന്റെ പക്കല്‍ ആവശ്യത്തിന് വിഭവങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍, സ്വകാര്യ നിക്ഷേപങ്ങളെയും സഹകരണ നിക്ഷേപങ്ങളെയും ശക്തമായി പ്രോത്സാഹിപ്പിക്കുകയും, ബജറ്റ് ഇതര വായ്പകളുടെ പരിധിയില്‍ വരാത്ത വിധം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്ന് ഫണ്ട് സമാഹരിക്കുകയുമാണ് ഇതിനുള്ള പരിഹാരം.

VD Satheesan White Paper
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കാൻ ശ്രമിച്ചു; രത്തൻ കേൽക്കർക്കെതിരെ വെളിപ്പെടുത്തലുമായി ദൗത്യസംഘം തലവൻ

വളര്‍ന്നുവരുന്ന പുത്തന്‍ മേഖലകളിലെ ഭാവി വളര്‍ച്ച, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യതയെ ആശ്രയിച്ചാണിരിക്കുന്നത്. ഇതിനായി ഊര്‍ജ്ജ മേഖല സ്വകാര്യ നിക്ഷേപങ്ങള്‍ക്കായി തുറന്നുകൊടുക്കേണ്ടതുണ്ട്. ഭൂനിയമങ്ങളോ തൊഴില്‍ നിയമങ്ങളോ സ്ഥാപിത കീഴ്വഴക്കങ്ങളോ ആകട്ടെ, നമ്മുടെ നിയമങ്ങളും നടപടിക്രമങ്ങളും പരിഷ്‌കരിക്കുകയും വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ നിര്‍ബന്ധിത ചുമതലകള്‍ നിര്‍വഹിക്കുന്നതിനപ്പുറം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കേണ്ടതുണ്ടെന്നും ധവളപത്രത്തില്‍ പറയുന്നു.

പിണറായി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാന ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ ധവളപത്രം അവതരിപ്പിച്ചത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മെയ് 16 വരെയുള്ള കണക്കുകള്‍ പ്രകാരം ഖജനാവിലെ നീക്കിയിരിപ്പ് 2,211.93 കോടി രൂപയായി ചുരുങ്ങിയെന്നും ധവളപത്രം വ്യക്തമാക്കുന്നു. ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണെന്ന മുഖ്യമന്ത്രിയുടെ മുന്‍ ആരോപണത്തെത്തുടര്‍ന്ന് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പുറത്തുവിട്ടതും പിന്നീട് വിവരാവകാശ നിയമപ്രകാരം ലഭ്യമായതുമായ കണക്കുകള്‍ പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ് ഏപ്രിലില്‍ ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന ഈ ഔദ്യോഗിക കണക്ക്.

Summary

Bevco and Supplyco should be merged, loss-making public sector enterprises should be sold; White Paper proposes comprehensive reforms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com