

പത്തനംതിട്ട: പരമാവധി വിൽപ്പന വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയതിന് ബെവ്കോ ഡിപ്പോ മാനേജർക്ക് പിഴ ശിക്ഷ. പരാതിക്കാരന് നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ ആകെ 25,010 രൂപ നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ പെരുനാട് ഡിപ്പോ മാനേജർക്കെതിരെയാണ് നടപടി.
റാന്നി പെരുനാട് മാമ്പാറ സ്വദേശി വാലുപുരയിടത്തിൽ എ ടി ആകാശ് ആണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. പെരുനാട് സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും പരാതിക്കാരൻ 650 മില്ലി.ലിറ്റർ ബിയർ ആണ് വാങ്ങിയത്. ബിയർ കുപ്പിയിൽ രേഖപ്പെടുത്തിയിരുന്ന എംആർപി 170 രൂപ യായിരുന്നു.
എന്നാൽ കൗണ്ടറിലെ ജീവനക്കാർ 180 രൂപയുടെ ബില്ലാണ് നൽകിയത്. എംആർപിയേക്കാൾ 10 രൂപ കൂടുതൽ ഈടാക്കിയത് പരാതിക്കാരൻ ചോദ്യം ചെയ്തു. എന്നാൽ കംപ്യൂട്ടറിലെ എംആർപി പ്രകാരമുള്ള തുകയാണ് വാങ്ങിയതെന്നും, പരാതിയുണ്ടെങ്കിൽ നൽകിക്കൊള്ളാനും ജീവനക്കാർ മറുപടി നൽകുകയായിരുന്നു.
അന്യായമായി ഈടാക്കിയ 10 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവിനത്തിൽ 10,000 രൂപയും ചേർത്ത് 25,010 രൂപ നൽകാനാണ് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചത്. കുപ്പിയിൽ അച്ചടിച്ചിരിക്കുന്ന എംആർപി വില തന്നെയാണ് അന്തിമമെന്നും കമ്മീഷൻ നിരീക്ഷിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates