

ചെന്നൈ: സിഎസ്ഐ സഭാധ്യക്ഷനായി കരിംനഗർ ബിഷപ്പും നിലവിലെ ഡെപ്യൂട്ടി മോഡറേറ്ററുമായ ഡോ. കെ റൂബൻ മാർക്കിനെ തെരഞ്ഞെടുത്തു. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞ മുൻ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തിന് പകരക്കാരനായാണ് റൂബൻ മാർക്കിനെ തെരഞ്ഞെടുത്തത്.
മദ്രാസ് ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് വി ഭാരതിദാസന്റെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. കൗൺസിൽ രൂപീകരിക്കാത്ത സൗത്ത് കേരള മഹായിടവക ഒഴികെ, കേരളത്തിലെ മറ്റെല്ലാ മഹായിടവകകളിൽ നിന്നുമുള്ള ബിഷപ്പുമാർ അടക്കം 318 പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.
സ്ഥാനമൊഴിഞ്ഞ ഡോ. ബിഷപ് ധർമരാജ് റസാലത്തിന്റെ പക്ഷക്കാരനാണ് റൂബൻ മാർക്ക്. വോട്ടെടുപ്പിൽ തിരുത്തൽവാദികൾക്ക് വൻതിരിച്ചടി നേരിട്ടു. വെല്ലൂർ ബിഷപ്പ് ശർമ നിത്യാനന്ദം പരാജയപ്പെട്ടു. 115 നെതിരെ 192 നാണ് റൂബൻ മാർക്ക് ( 77 വോട്ടിന്റെ ഭൂരിപക്ഷം ) വിജയിച്ചത്. ആറു മാസമാണ് പുതിയ മോഡറേറ്ററുടെ കാലാവധി.
സിഎസ്ഐ സഭാ മോഡറേറ്ററായി ബിഷപ്പ് ധർമരാജ് റസാലത്തെ തെരഞ്ഞെടുത്തത് 2024 ഏപ്രിലിൽ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് സുതാര്യമായ തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവെച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates